വാവിട്ട വാക്കിൽ വിവാദം; 'ശത്രു'വിനെ വിഴുങ്ങി 'എതിരാളി'യാക്കി; ഇന്ത്യയെ അഭിനന്ദിച്ച് പാക് ക്രിക്കറ്റ് തലവൻ തടിയൂരി! 

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാക് ടീം ഇന്ത്യയിൽ മത്സരിക്കാനെത്തിയത്. ഇന്ത്യയിൽ നൽകിയ സ്വീകരണം മികച്ചതാണെന്നു അദ്ദേഹം വ്യക്തമാക്കി
വാവിട്ട വാക്കിൽ വിവാദം; 'ശത്രു'വിനെ വിഴുങ്ങി 'എതിരാളി'യാക്കി; ഇന്ത്യയെ അഭിനന്ദിച്ച് പാക് ക്രിക്കറ്റ് തലവൻ തടിയൂരി! 

ഇസ്ലാമബാദ്: ലോകകപ്പിനായി ഇന്ത്യയിലെത്തിയ പാകിസ്ഥാനു ടീമിനു ഊഷ്മള വരവേൽപ്പു ലഭിച്ചപ്പോൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവൻ സാക അഷ്റഫ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇന്ത്യയെ ശത്രു രാജ്യം എന്നു വിശേഷിപ്പിച്ചതാണ് വിവാദമായത്. സംഭവം കൈവിട്ടതോടെ പ്രസ്താവന വിഴുങ്ങി നിലപാടിൽ മലക്കം മറിഞ്ഞ് അദ്ദേഹം ഇപ്പോൾ രം​ഗത്തെത്തി. പരമ്പരാ​ഗത എതിരാളികളാണ് ഇന്ത്യയെന്നും ശത്രുവല്ലെന്നും അദ്ദേഹം നിലപാട് തിരുത്തി. 

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാക് ടീം ഇന്ത്യയിൽ മത്സരിക്കാനെത്തിയത്. ഇന്ത്യയിൽ നൽകിയ സ്വീകരണം മികച്ചതാണെന്നു അദ്ദേഹം വ്യക്തമാക്കി. കളിക്കാരോടുള്ള ഇരു രാജ്യത്തേയും ആളുകളുടെ സ്നേഹമാണിതെന്നും സാക പ്രതികരിച്ചു.

'പാക് ടീമിനു ഇന്ത്യയിൽ ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇരു രാജ്യങ്ങളിലേയും ആളുകൾക്ക് കളിക്കാരോടു എത്രമാത്രം സ്നേഹമുണ്ടെന്നു ഇതു തെളിയിക്കുന്നു. അതിന്റെ തെളിവാണ് ഹൈദരാബാദിൽ പാകിസ്ഥാനു ലഭിച്ച സ്വീകരണം. കളിക്കാരെ ഇത്തരത്തിൽ സ്വാ​ഗതം ചെയ്ത ഇന്ത്യയോടു നന്ദിയുണ്ട്. ഇന്ത്യയും പാകിസ്ഥാനും പരമ്പരാ​ഗത എതിരാളികളാണ്, ശത്രുക്കളല്ല'- സാക വ്യക്തമാക്കി. 

ഈയടുത്താണ് പാക് ക്രിക്കറ്റ് ബോര്‍ഡ് താരങ്ങള്‍ക്കുള്ള വേതനത്തില്‍ വര്‍ധനവ് വരുത്തിയത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു സംസാരിക്കവേയാണ് ഇന്ത്യയെ ശത്രു രാജ്യമെന്നു പരോക്ഷമായി സാക വിശേഷിപ്പിച്ചത്.  

'കളിക്കാരോട് പാക് ക്രിക്കറ്റ് ബോര്‍ഡിനു അങ്ങേയറ്റം സ്‌നഹവും വാത്സല്യവുമുണ്ട്. അതുകൊണ്ടാണ് പുതിയ കരാറില്‍ താരങ്ങള്‍ക്ക് ഇത്രയും തുക അനുവദിച്ചത്. പാക് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇത്രയും തുക അനുവദിക്കുന്നതു തന്നെ ആദ്യമാണ്. ശത്രു രാജ്യത്തേക്ക് മത്സരിക്കാന്‍ പോകുമ്പോള്‍ കളിക്കാരുടെ മനോവീര്യം ഉയര്‍ത്തുകയായിരുന്നു എന്റെ ലക്ഷ്യം'- സാക വ്യക്തമാക്കി. 

പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്റെ പ്രസ്താവനയെ ആരാധകര്‍ വിമര്‍ശിച്ചു. നിരുത്തരവാദപരമായ പരാമര്‍ശമാണ് പാക് ക്രിക്കറ്റ് തലവന്റെ ഭാഗത്തു നിന്നു വന്നിരിക്കുന്നതെന്നു പാകിസ്ഥാന്‍ ആരാധകരും ചൂണ്ടിക്കാട്ടി. ഇന്ത്യ പാകിസ്ഥാന്റെ ശത്രു രാജ്യമല്ല. അദ്ദേഹത്തിന്റെ പ്രസ്താവന അങ്ങേയറ്റം വിദ്വേഷം ജനിപ്പിക്കുന്നതാണ്, ആരാധകർ തുറന്നടിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com