ഗില്‍ തുടക്കമിട്ടു, മില്ലറും അഭിനവും തേവാടിയയും കത്തിക്കയറി; മുംബൈക്ക് മുന്നില്‍ 208 റണ്‍സ് വിജയ ലക്ഷ്യം

ഒരറ്റത്ത് നിലയുറപ്പിച്ച് പൊരുതിയ ശുഭ്മാന്‍ ഗില്‍ ടീമിനെ മുന്നോട്ടു കൊണ്ടു പോയി. അതിനിടെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ (13)യും പുറത്തായി
ശുഭ്മാൻ ​ഗില്ലിന്റെ ബാറ്റിങ്/ പിടിഐ
ശുഭ്മാൻ ​ഗില്ലിന്റെ ബാറ്റിങ്/ പിടിഐ

അഹമ്മദാബാദ്: സ്വന്തം തട്ടകത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നേടി മുംബൈ ഗുജറാത്തിനെ ബാറ്റിങിന് വിടുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് 207 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. 

ബാറ്റിങിന് ഇറങ്ങിയ ഗുജറാത്തിന് തുടക്കത്തില്‍ തന്നെ വൃദ്ധിമാന്‍ സാഹയെ നഷ്ടമായി. സാഹയെ അര്‍ജുന്‍ ടെണ്ടുല്‍ക്കറാണ് മടക്കിയത്. നാല് റണ്‍സാണ് ഗുജറാത്ത് ഓപ്പണറുടെ സമ്പാദ്യം. 

എന്നാല്‍ ഒരറ്റത്ത് നിലയുറപ്പിച്ച് പൊരുതിയ ശുഭ്മാന്‍ ഗില്‍ ടീമിനെ മുന്നോട്ടു കൊണ്ടു പോയി. അതിനിടെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ (13)യും പുറത്തായി. 

സ്‌കോര്‍ 91ല്‍ നില്‍ക്കെ ശുഭ്മാല്‍ ഗില്‍ ഔട്ടായി. താരം 34 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സ് കണ്ടെത്തി. വിജയ് ശങ്കര്‍ 16 പന്തില്‍ ഒരു ഫോറും സിക്‌സും പറത്തി 19 റണ്‍സ് കണ്ടെത്തി. മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികം മുന്നോട്ടു പോകാന്‍ വിജയ് ശങ്കറിന് സാധിച്ചില്ല. 

പിന്നീട് ക്രീസിലെത്തിയ അഭിനവ് മനോഹര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തേവാടിയ എന്നിവര്‍ ചേര്‍ന്ന് വമ്പന്‍ അടികളുമായി കളം നിറഞ്ഞതോടെ ഗുജറാത്ത് കുതിച്ചു കയറി. അഭിനവ് 21 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 42 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് മടങ്ങിയത്. 

മില്ലര്‍ 22 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും സഹിതം 46 റണ്‍സ് വാരി മടങ്ങി. രാഹുല്‍ തേവാടിയ അഞ്ച് പന്തില്‍ മൂന്ന് സിക്‌സുകള്‍ സഹിതം 20 റണ്‍സ് സ്വന്തമാക്കി പുറത്താകാതെ നിന്നു. റാഷിദ് ഖാന്‍ രണ്ട് റണ്ണുമായി പുറത്താകാതെ നിന്നു. 

മുംബൈക്കായി പിയൂഷ് ചൗള രണ്ട് വിക്കറ്റെടുത്തു. അര്‍ജുന്‍ ടെണ്ടുല്‍ക്കറും മികച്ച രീതിയില്‍ പന്തെറിഞ്ഞു. താരം രണ്ടോവറില്‍ ഒന്‍പത് റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ബെഹ്‌രന്‍ഡോഫ്, റിയലി മെരിഡിത്, കുമാര്‍ കാര്‍ത്തികേയ എന്നിവരും ഓരോ വിക്കറ്റ് വീഴ്ത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com