പേസര്‍മാര്‍ 'ഹാപ്പി'- ഓവലില്‍ എറിയുക 'ഡ്യൂക്സ് പന്തുകള്‍'- എന്താണ് പ്രത്യേകത? 

ഇംഗ്ലണ്ടില്‍ തന്നെ നിര്‍മിക്കുന്ന പന്തുകളാണ് ഡ്യൂക്ക്സിന്റേത്. ഇന്ത്യക്കാരനായ ദിലീപ് ജജോദിയയാണ് പന്ത് നിര്‍മാണ കമ്പനിയുടെ ഉടമസ്ഥന്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എറിയുന്നത് ഡ്യൂക്കിന്റെ പന്തുകള്‍. ഡ്യൂക്സിന്റെ ഗ്രോഡ് വണ്‍ പന്തുകളാണ് മത്സരത്തിനു ഉപയോഗിക്കുക. ഡ്യൂക്സ്, കൂക്കാബുറ, എസ്ജി പന്തുകളാണ് ലോകത്തെ വിവിധ ടെസ്റ്റ് മത്സരങ്ങളില്‍ സാധാരണയായി ഉപയോഗിക്കാറുള്ള പന്തുകള്‍. 

ഇംഗ്ലണ്ടില്‍ തന്നെ നിര്‍മിക്കുന്ന പന്തുകളാണ് ഡ്യൂക്സിന്റേത്. ഇന്ത്യക്കാരനായ ദിലീപ് ജജോദിയയാണ് പന്ത് നിര്‍മാണ കമ്പനിയുടെ ഉടമസ്ഥന്‍. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ഏറെ സഹായകമാണ് ഡ്യൂക്സ് പന്തുകള്‍. പന്തിന്റെ സീം ദീര്‍ഘ നേരം നില്‍ക്കുന്നതാണ്. പെട്ടെന്ന് മൃദുവാകാത്ത ഡ്യൂക്സ് പന്തുകള്‍ ഈര്‍പ്പത്തെ അതിജീവിക്കുന്നവയാണ്. കൂടുതല്‍ നേരം പ്രതലത്തിലെ തിളക്കം നിലനിര്‍ത്താനും സാധിക്കും. സ്പിന്നര്‍മാര്‍ക്ക് പക്ഷേ അനുകൂലമല്ല ഡ്യൂക്സ് പന്തുകള്‍. ഗ്രിപ്പ് കിട്ടാന്‍ പ്രയാസമായിരിക്കും. 

ഡ്യൂക്സ് പന്തുകള്‍ ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകളിലെ പേസര്‍മാരെ കൈയയച്ച് സഹായിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇന്ത്യ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നീ മൂന്ന് പേസര്‍മാരെ ഇറക്കി പരീക്ഷിക്കുമോ എന്നതും കൗതുകമായി നില്‍ക്കുന്നു. ഉമേഷിന് പകരം ജയദേവ് ഉനത്കട്, ബാറ്റിങില്‍ ഒരുകൈ നോക്കാന്‍ കെല്‍പ്പുള്ള ശാര്‍ദു ഠാക്കൂര്‍ എന്നിവരിലൊരാള്‍ക്കും ചിലപ്പോള്‍ അവസരം ലഭിച്ചേക്കും. 

ഓസ്‌ട്രേലിയ നതാന്‍ ലിയോണിനെ മാത്രം സ്പിന്നറാക്കിയായിരിക്കും ടീമിനെ ഇറക്കുക. പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട്, കാമൂറണ്‍ ഗ്രീന്‍ എന്നിവരായിരിക്കും പേസര്‍മാര്‍. 

ഇംഗ്ലണ്ടില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് സാധാരണയായി ഡ്യൂക്സ് പന്തുകളാണ് ഉപയോഗിക്കാറുള്ളത്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ കൂക്കബുറ പന്തുകളും ഇന്ത്യന്‍ സാഹചര്യത്തില്‍ എസ്ജി പന്തുകളുമാണ് ഉപയോഗിക്കുന്നത്. 

ദീര്‍ഘ നേരം സീം നിലനിര്‍ത്താന്‍ സഹായിക്കുന്ന തരത്തിലാണ് . ഡ്യൂക്സിന്റെ നിര്‍മാണം. കൈകൊണ്ടു തന്നെ നിര്‍മിക്കുന്നവയാണ് ഡ്യൂക്സ്. എസ്ജി പന്തുകളും സമാന രീതിയില്‍ തന്നെ കൈ കൊണ്ടാണ് നിര്‍മാണം. എന്നാല്‍ കൂക്കബുറ പന്തുകള്‍ യന്ത്ര നിര്‍മിതമാണ്. 

കൂക്കബുറ പന്തുകളും പേസര്‍മാരെ സഹായിക്കുന്നവയാണ്. ബൗണ്‍സ് ലഭിക്കുന്ന രീതിയിലാണ് നിര്‍മാണം. അതേസമയം സീം ദീര്‍ഘ നേരം നില്‍ക്കില്ല. പേസര്‍മാര്‍ക്ക് സ്വിങ് ലഭിക്കുന്നതിനും വെല്ലുവിളിയാണ്. 

സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്ന, നല്ല ഗ്രിപ്പ് നല്‍കുന്നവയാണ് ഇന്ത്യയില്‍ നിര്‍മിക്കുന്ന എസ്ജി പന്തുകള്‍. സീം പെട്ടെന്ന് നശിക്കില്ലെന്ന പ്രത്യേകത എസ്ജിക്കുമുണ്ട്. എന്നാല്‍ ഷൈനിങ് നഷ്ടപ്പെട്ടാല്‍ പന്ത് മൃദുവാകുന്നത് വെല്ലുവിളിയാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com