ഇഞ്ച്വറി ടൈമിലെ നാടകീയത; കെസ്സിയുടെ നിര്‍ണായക ഗോള്‍; എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണ

കളി തുടങ്ങി ഒന്‍പതാം മിനിറ്റില്‍ തന്നെ സെല്‍ഫ് ഗോള്‍ വഴങ്ങിയാണ് സ്വന്തം തട്ടകത്തില്‍ ബാഴ്‌സ തുടങ്ങിയത്
​ഗോൾ നേടിയ ഫ്രാങ്ക് കെസ്സി ആരാധകരെ അഭിവാദ്യം ചെയ്യുന്നു/ ട്വിറ്റർ
​ഗോൾ നേടിയ ഫ്രാങ്ക് കെസ്സി ആരാധകരെ അഭിവാദ്യം ചെയ്യുന്നു/ ട്വിറ്റർ

മാഡ്രിഡ്: എല്‍ ക്ലാസിക്കോ ജയിച്ചു കയറി ബാഴ്‌സലോണ. സ്വന്തം തട്ടകമായ നൗകാമ്പില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ റയലിനെ വീഴ്ത്തിയത്. ഇഞ്ച്വറി ടൈമില്‍ നേടിയ ഗോളിലാണ് ബാഴ്‌സയുടെ തകര്‍പ്പന്‍ ജയം. ജയത്തോടെ റയല്‍ മാഡ്രിഡിന്റെ ലാ ലിഗ കിരീടം നിലനിര്‍ത്താനുള്ള റയലിന്റെ മോഹത്തിനും ഏതാണ്ട് തിരശ്ശീല വീണു. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയും രണ്ടാമതുള്ള റയലും തമ്മില്‍ പോയിന്റ് വ്യത്യാസ 12 ആയി. 

കളി തുടങ്ങി ഒന്‍പതാം മിനിറ്റില്‍ തന്നെ സെല്‍ഫ് ഗോള്‍ വഴങ്ങിയാണ് സ്വന്തം തട്ടകത്തില്‍ ബാഴ്‌സ തുടങ്ങിയത്. ബാഴ്‌സ താരം റൊണാള്‍ഡ് അരൗജോയുടെ അബദ്ധമാണ് റയലിന് തുടക്കത്തില്‍ തന്നെ ലീഡ് നല്‍കിയത്. ഒരു ഗോളിന് പിന്നില്‍ നിന്നിട്ടും അവര്‍ പതിയെ താളം കണ്ടെത്തിയാണ് ഗംഭീര തിരിച്ചു വരവ് നടത്തിയത്. 

വിനിഷ്യസ് ജൂനിയറിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിക്കാന്‍ പ്രതിരോധത്തില്‍ ബാഴ്‌സയ്ക്ക് അരൗജോയുണ്ടെന്നായിരുന്നു എല്‍ ക്ലാസിക്കോയ്ക്ക് മുന്‍പ് ആരാധകര്‍ പറഞ്ഞത്. അത് തന്നെ സംഭവിച്ചെങ്കിലും താരത്തിന്റെ കണക്കു കൂട്ടല്‍ ഒന്‍പതാം മിനിറ്റില്‍ തന്നെ തെറ്റി. വിനിഷ്യന്റെ ഒരു ക്രോസ് പ്രതിരോധിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ ആരൗജോയുടെ തലയില്‍ തട്ടി പന്ത് ബാഴ്‌സ വലയില്‍ തന്നെ കയറിയത്. 

ലീഡ് വഴങ്ങിയതോടെ ബാഴ്‌സ ആക്രമണവും തുടങ്ങി. റയല്‍ ഗോള്‍ കീപ്പര്‍ തിബോട്ട് കോട്ടുവയ്ക്ക് പിടിപ്പത് പണിയായിരുന്നു പിന്നീട്. കടുത്ത ആക്രമണത്തിന് ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ഫലവും കണ്ടു. 

ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ടുമുന്‍പ് സെര്‍ജി റോബര്‍ട്ടോയിലൂടെ ബാഴ്‌സ സമനില പിടിച്ചു. താരത്തിന്റെ ക്ലോസ് റേഞ്ച് ഷോട്ട് കോട്ടുവയെ നിസഹായനാക്കി വലയില്‍ കയറി. 

രണ്ടാം പകുതിയില്‍ ഇരു പക്ഷവും കടുത്ത ആക്രമണങ്ങള്‍ തുടര്‍ന്നെങ്കിലും ഗോള്‍ വന്നില്ല. പകരക്കാരനായി ആന്‍സലോട്ടി അസന്‍സിയോയെ ഇറക്കിയത് ഒരുവേള വിജയം കണ്ടെന്നും തോന്നിച്ചു. 81ാം മിനിറ്റില്‍ താരത്തിന്റെ ഷോട്ട് വലയില്‍ കയറി. എന്നാല്‍ വാര്‍ പരിശോധനയില്‍ ഓഫ് സൈഡാണെന്ന് കണ്ടതോടെ റയലിന് നിരാശ. 

90 മിനിറ്റ് ആയപ്പോഴും 1-1ന് സമനിലയില്‍. മത്സരം ഇഞ്ച്വറി സമയത്തേക്ക് കടന്നു. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ അലസാന്‍ഡ്രോ ബാള്‍ഡിന്റെ ഇടത് വിങിലൂടെയുള്ള മുന്നേറ്റം. പന്ത് നേരെ ഫ്രാങ്ക് കെസ്സിയുടെ നേര്‍ക്ക്. ബോക്‌സിന്റെ മധ്യഭാഗത്തായി നിലയുറപ്പിച്ചിരുന്ന കെസ്സി പന്ത് വലയിലിട്ടതോടെ നൗകാമ്പില്‍ ആവേശം അണപൊട്ടി. 2-1ന് നാടകീയ വിജയവുമായി ബാഴ്‌സലോണ കിരീടത്തിലേക്ക് കൂടുതല്‍ അടുത്തു. 

ഈ വിജയത്തോടെ ബാഴ്‌സലോണ 26 മത്സരങ്ങളില്‍ നിന്ന് 68 പോയിന്റുമായി ലീഗില്‍ ഒന്നാമത് നില്‍ക്കുന്നു. 56 പോയിന്റുമായി റയല്‍ മാഡ്രിഡ് രണ്ടാമത്. ലീഗില്‍ ഇനി 12 മത്സരങ്ങളാണ് ശേഷിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com