'ബോസും ജോഷേട്ടനും പിങ്ക് പ്രോമിസും!'- തുടരെ നാലാം ജയം, 'റോയല്‍സ്' രാജസ്ഥാന്‍

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ആറ് വിക്കറ്റിനു തകര്‍ത്ത് തുടര്‍ച്ചയായി നാലാം ജയവുമായി രാജസ്ഥാന്‍ റോയല്‍സ്
സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന ജോഷ് ബട്‍ലര്‍, ബട്‍ലറും സഞ്ജുവും ബാറ്റിങിനിടെ
സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന ജോഷ് ബട്‍ലര്‍, ബട്‍ലറും സഞ്ജുവും ബാറ്റിങിനിടെട്വിറ്റര്‍, പിടിഐ

ജയ്പൂര്‍: സീണണില്‍ ആദ്യമായി ബോസും (സഞ്ജു സാംസണ്‍), ജോഷേട്ടനും (ജോഷ് ബട്‌ലര്‍) സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി ആവേശം തീര്‍ത്തു. ഫോമിലേക്ക് മടങ്ങിയെത്തി, കരിയറിലെ 100ാം ഐപിഎല്‍ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടി ജോഷ് ബട്‌ലറുടെ തകര്‍പ്പന്‍ ഫിനിഷിങ്. ഈ സീസണിലെ രണ്ടാം അര്‍ധ സെഞ്ച്വറി നേടി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. തുടരെ നാലാം മത്സരവും ജയിച്ചു കയറി പിങ്ക് പ്രോമിസ് പോരാട്ടവും അവിസ്മരണീയമാക്കി രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ട്.

രണ്ട് സെഞ്ച്വറികള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തില്‍ ആറ് വിക്കറ്റിനു റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ വീഴ്ത്തിയാണ് രാജസ്ഥാന്‍ റോയല്‍സ് ജയം തുടര്‍ന്നത്. നാല് തുടര്‍ ജയത്തോടെ അവര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത്. വിരാട് കോഹ്‌ലി ഈ സീസണിലെ ആദ്യ സെഞ്ച്വറി കുറിച്ചപ്പോള്‍ അതേ നാണയത്തില്‍ ജോസ് ബട്‌ലറുടെ വക രണ്ടാം സെഞ്ച്വറിയും തൊട്ടുപിന്നാലെ ജയ്പുരില്‍ പിറന്നു.

ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് പന്തുകള്‍ ബാക്കി നിര്‍ത്തി 189 റണ്‍സെടുത്ത് വിജയം തൊട്ടു. ജോഷ് ബട്‌ലര്‍ സിക്‌സര്‍ തൂക്കി തന്റെ സെഞ്ച്വറിയും രാജസ്ഥാന്റെ വിജയവും ഉറപ്പിച്ചതും മത്സരത്തിലെ മനോഹര കാഴ്ചയായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മികച്ച ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. താരം പൂജ്യത്തിനു പുറത്ത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ജോഷ് ബട്‌ലര്‍ക്ക് കൂട്ടായി സഞ്ജു സാംസണ്‍ ക്രീസിലെത്തിയതോടെ രാജസ്ഥാന്‍ ട്രാക്കിലായി.

രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. ബോര്‍ഡില്‍ 148 റണ്‍സ് ചേര്‍ത്താണ് സഖ്യം പിരിഞ്ഞത്.

58 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം ബട്‌ലര്‍ 100 റണ്‍സുമായി പുറത്താകാതെ നിന്നു. പല തവണ ജീവന്‍ തിരിച്ചു കിട്ടിയ സഞ്ജു സാംസണ്‍ 42 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 69 റണ്‍സുമായി മടങ്ങി.

കഴിഞ്ഞ കളികളില്‍ രാജസ്ഥാന്റെ വിജയ ശില്‍പ്പിയായ റിയാന്‍ പരാഗ് നാല് റണ്‍സില്‍ മടങ്ങി. ധ്രുവ് ജുറേല്‍ വീണ്ടും നിരാശപ്പെടുത്തി. താരം രണ്ട് റണ്‍സുമായി പുറത്ത്. പിന്നീട് ക്രീസിലെത്തിയ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ 6 പന്തില്‍ 11 റണ്‍സുമായി ബട്‌ലര്‍ക്കൊപ്പം പുറത്താകാതെ നിന്ന് ടീം വിജയത്തില്‍ പങ്കാളിയായി.

ആര്‍സിബിക്കായി റീസ് ടോപ്‌ലി മികച്ച രീതിയില്‍ പന്തെറിഞ്ഞു. താരം 2 വിക്കറ്റുകള്‍ വീഴ്ത്തി. യഷ് ദയാല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന ജോഷ് ബട്‍ലര്‍, ബട്‍ലറും സഞ്ജുവും ബാറ്റിങിനിടെ
മുംബൈക്ക് തുടര്‍ച്ചയായി തോല്‍വികള്‍; സോമനാഥ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥന നടത്തി ഹര്‍ദിക്, വിഡിയോ

ടോസ് നേടി രാജസ്ഥാന്‍ ആര്‍സിബിയെ ബാറ്റിങിന് വിടുകയായിരുന്നു. സീസണിലെ ആദ്യ സെഞ്ച്വറിയുമായി കോഹ്ലി (പുറത്താകാതെ 113) തിളങ്ങി. സഹ ഓപ്പണറും ക്യാപ്റ്റനുമായ ഫാഫ് ഡുപ്ലെസിയും മിന്നും ഫോമില്‍ ബാറ്റ് വീശിയതോടെ ആര്‍സിബി തുടക്കം മുതല്‍ ടോപ് ഗിയറിലായിരുന്നു. 67 പന്തില്‍ നിന്ന് 9 ഫോറും 4 സിക്സും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്സ്.

ഡുപ്ലെസി 33 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 44 റണ്‍സെടുത്തു. 14 ഓവറില്‍ 125 റണ്‍സ് ഇരുവരും ചേര്‍ന്ന് നേടി. ഒടുവില്‍ ചഹലാണ് കൂട്ടുകെട്ടു പിരിച്ചത്.

എന്നാല്‍ ക്യാപ്റ്റന്‍ പുറത്താതിന് ശേഷം എത്തിയ ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ മടങ്ങിയത് ആര്‍സിബിയുടെ സ്‌കോറിങിനെ ബാധിച്ചു. മാക്സ് വെല്‍(1), സൗരവ് ചൗഹാന്‍(9), എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. അവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ കോഹ്‌ലി മൂന്ന് ഫോറുകളടിച്ച് സ്‌കോര്‍ 180 കടത്തുകയായിരുന്നു. കളി അവസാനിക്കുമ്പോള്‍ കാമറൂണ്‍ ഗ്രീന്‍ (5) കോഹ്‌ലിക്കൊപ്പം പുറത്താകാതെ നിന്നു.

രാജസ്ഥാനായി ചഹല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. നാന്ദ്രെ ബര്‍ഗര്‍ ഒരു വിക്കറ്റെടുത്തു.

സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന ജോഷ് ബട്‍ലര്‍, ബട്‍ലറും സഞ്ജുവും ബാറ്റിങിനിടെ
പാക് വനിതാ ക്രിക്കറ്റ് ക്യാപ്റ്റനും സഹ താരത്തിനും കാറപകടത്തില്‍ പരിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com