'ഭാവിയൊന്നും അവര്‍ക്ക് പ്രശ്‌നമല്ല, ടെസ്റ്റ് ക്രിക്കറ്റിനെ ഇങ്ങനെ കൊല്ലരുത്'- തുറന്നടിച്ച് സ്റ്റീവ് വോ

അടുത്ത മാസമാണ് രണ്ട് ടെസ്റ്റ് പരമ്പരകളടങ്ങിയ മത്സരങ്ങള്‍ക്കായി ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിലേക്ക് പോകുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്‌നി: കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചത് ക്രിക്കറ്റ് ആരാധകരില്‍ വലിയ അമ്പരപ്പ് തീര്‍ത്തിരുന്നു. ഇപ്പോള്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് ക്യാപ്റ്റനും ഇതിഹാസവുമായ സ്റ്റീവ് വോ. ഐസിസിയുടെ സമീപനത്തേയും വോ ചോദ്യം ചെയ്യുന്നുണ്ട്. 

അടുത്ത മാസമാണ് രണ്ട് ടെസ്റ്റ് പരമ്പരകളടങ്ങിയ മത്സരങ്ങള്‍ക്കായി ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിലേക്ക് പോകുന്നത്. ഈ സമയത്തു തന്നെയാണ് ദക്ഷിണാഫ്രിക്ക ടി20 ലീഗും നടക്കുന്നത്. ഇതോടെയാണ് രണ്ടാം നിര ടീമിനെ അയക്കാന്‍ തീരുമാനിച്ചത്. ഇതാണ് ഇതിഹാസത്തിന്റെ വിമര്‍ശത്തിനാധാരം. ഇന്നുവരെ അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ലാത്ത ഓപ്പണിങ് ബാറ്റര്‍ നീല്‍ ബ്രാന്‍ഡിനെ നായകനാക്കി ഏഴ് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 14 അംഗ ടീമിനെയാണ് ദക്ഷിണാഫ്രിക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. 

'മികച്ച താരങ്ങളെ മുഴുവന്‍ നാട്ടില്‍ നിര്‍ത്തുകയാണ് ദക്ഷിണാഫ്രിക്ക. ഭാവിയെക്കുറിച്ച് അവര്‍ കാര്യമാക്കുന്നില്ല എന്നത് വ്യക്തമാണ്. ഞാന്‍ ന്യൂസിലന്‍ഡ് ടീമില്‍ കളിക്കുന്നുണ്ടെങ്കില്‍ പരമ്പര ബഹിഷ്‌കരിക്കും. ന്യൂസിലന്‍ഡ് ക്രിക്കറ്റിനോടു ഇത്ര ബഹുമാനക്കുറവ് കാണിക്കുന്നുണ്ടെങ്കില്‍ അവര്‍ എന്തിനു പരമ്പര കളിക്കണം.'

'ടെസ്റ്റ് ക്രിക്കറ്റിന്റെ മരണ മണിയാണോ. ഐസിസി ഇതെല്ലാം ആലോചിക്കേണ്ടതുണ്ട്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കൊപ്പം നിന്നു ഐസിസി ക്രിക്കറ്റിന്റെ ശുദ്ധമായ ഫോര്‍മേഷന്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം.' 

'ടെസ്റ്റ് ക്രിക്കറ്റിന്റെ മഹത്തായ ചരിത്രവും പാരമ്പര്യവും കേവലം സാമ്പത്തിക ലാഭത്തിന്റെ ഉപാധിയുടെ പേരില്‍ ഇല്ലാതാക്കരുത്. സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍, സര്‍ ഗാരി സോബേഴ്‌സ് അടക്കമുള്ള മഹാരഥന്‍മാരുടെ പരമ്പര്യത്തെയും അപ്രസക്തമാകാന്‍ അനുവദിക്കരുത്.' 

'ഐസിസി ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനില്‍പ്പിനായി ഇടപെടണം. മികച്ച കളിക്കരെ കളിക്കാന്‍ അനുവദിക്കാതിരിക്കുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റ് അതല്ലാതായി മാറും. കളിക്കാരെ ഞാന്‍ കുറ്റപ്പെടുത്തില്ല. കാരണം കൃത്യമായ ശമ്പളം അവര്‍ക്ക് കിട്ടുന്നില്ലെങ്കില്‍ അവര്‍ ഇത്തരം ഫ്രാഞ്ചൈസി ക്രിക്കറ്റിനു തന്നെയായിരിക്കും പ്രാധാന്യം നല്‍കുക.' 

'ഐസിസി, സാമ്പത്തിക ഭദ്രതയുള്ള മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ എന്നിവരെല്ലാം കൂടിയാലോചിച്ച് ടെസ്റ്റ് താരങ്ങള്‍ക്കായി പ്രത്യേക ശമ്പള പദ്ധതി തന്നെ ആവിഷ്‌കരിക്കണം. അതിലൂടെ താരങ്ങളെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് കൂടുതല്‍ അടുപ്പിക്കാനും സാധിക്കും. ഇല്ലെങ്കില്‍ താരങ്ങള്‍ ടി10, ടി20 പോരാട്ടങ്ങളില്‍ മാത്രമായിരിക്കും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക.' 

'കഴിഞ്ഞ കുറച്ചു കാലമായി വെസ്റ്റ് ഇന്‍ഡീസ് അവരുടെ കരുത്തരായ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ടെസ്റ്റ് ടീമിനെയല്ല ഓസ്‌ട്രേലിയയിലേക്ക് അയക്കുന്നത്. നിക്കോളാസ് പുരാന്‍ മികച്ച ടെസ്റ്റ് താരമാണ്. എന്നാല്‍ അദ്ദേഹം ഇതുവരെ ടെസ്റ്റ് കളിച്ചിട്ടില്ല. അവരുടെ ഏറ്റവും മികച്ച താരമാണ് ജാസന്‍ ഹോള്‍ഡര്‍. അദ്ദേഹവും ടെസ്റ്റ് കളിക്കുന്നില്ല. പാകിസ്ഥാന്‍ പോലും പൂര്‍ണമായ ഒരു ടീമിനെ ഓസ്‌ട്രേലിയയിലേക്ക് അയക്കുന്നില്ല'- വോ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com