താരങ്ങൾക്ക് പ്രതിഫലമില്ല, വിദേശ താരങ്ങളും കോച്ചും സ്ഥലംവിട്ടു! വൻ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് ഹൈ​ദരാബാദ് എഫ്സി

താങ്ബോയ് സിങ്തോയാണ് നിലവിൽ ഹൈദരാബാദിന്റെ കോച്ച്. കരാർ അവസാനിപ്പിച്ചു ടീം വിടാൻ അനുവാദം ചോദിച്ച് നിരവധി ഇന്ത്യൻ താരങ്ങളും രം​ഗത്തുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ നിലനിൽപ്പു തന്നെ വൻ ഭീഷണിയിലായി ഹൈദരാബാദ് എഫ്സി. ടീം സാമ്പത്തികമായി വലിയ പ്രതിസന്ധിയിലായതോടെ പല വിദേശ താരങ്ങളും പ്രധാന പരിശീലകനുമെല്ലാം ടീം വിട്ടു. ഓരോ താരങ്ങൾക്കും ഇത്ര ദിവസത്തിനുള്ളിൽ പ്രതിഫലം നൽകാമെന്ന വാ​ഗ്ദാനം ചെയ്താണ് ടീം മുന്നോട്ടു പോകുന്നത്. 

വിദേശ താരങ്ങളായ ജൊനാഥൻ മോയ, ഫിലിപ്പെ അമോറിം, ഒസ്വാൾഡോ എന്നിവർ നേരത്തെ തന്നെ ടീം വിട്ടു. അയർലൻഡ് പരിശീലകനായ കോണർ നെസ്റ്ററും ടീമിനെ ഉപേക്ഷിച്ചു പോയി. താങ്ബോയ് സിങ്തോയാണ് നിലവിൽ ഹൈദരാബാദിന്റെ കോച്ച്. കരാർ അവസാനിപ്പിച്ചു ടീം വിടാൻ അനുവാദം ചോദിച്ച് നിരവധി ഇന്ത്യൻ താരങ്ങളും രം​ഗത്തുണ്ട്. മുഖ്യ കോച്ച് ടീം വിട്ട വിവരം താരങ്ങൾ അറിഞ്ഞത് വാട്സാപ്പ് സന്ദേശങ്ങൾ വഴിയാണ്! 

ക്ലബിന്റെ മറ്റ് ജീവനക്കാരും ശമ്പളമില്ലാതെ പ്രതിസന്ധിയിൽ നിൽക്കുന്നു. ഒരു ജീവനക്കാരന്റെ ഭാര്യയ്ക്കുള്ള ശസ്ത്രക്രിയാ തുക താരങ്ങൾ പിരിവെടുത്താണ് നൽകിയത്. ചില ദിവസങ്ങളിൽ ജീവനക്കാർക്കുള്ള ഭക്ഷണം പോലും താരങ്ങൾ ഏർപ്പാടാക്കുകയായിരുന്നു. ശമ്പളം കൊടുക്കാത്തതിനാൽ ടീമിനെ പരിശീലനത്തിനു കൊണ്ടുപോയിരുന്ന ബസിന്റെ ഡ്രൈവർ ജോലിക്കെത്തില്ലെന്നു ക്ലബിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. മാസങ്ങളായി പണം ലഭിക്കാതായതോടെ ക്ലബിലേക്ക് ഭക്ഷണം വിതരണം ചെയ്തിരുന്ന ഏജൻസി പിൻവാങ്ങി. 

അതിനിടെ എവേ മത്സരത്തിനായി ജംഷഡ്പുരിലെത്തിയപ്പോൾ താമസിച്ച ഹോട്ടലിന്റെ ബിൽ ഹൈദരാബാദ് ടീം അടച്ചില്ലെന്നു പരാതിയും കഴിഞ്ഞ ദിവസം ഉയർന്നു. ഹോട്ടൽ അധികൃതർ ടീമിനെതിരെ പൊലീസിൽ പരാതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. 

സീസൺ പാതി ദൂരം ഏതാണ്ട് പിന്നിടാൻ നിൽക്കുമ്പോൾ 12 ടീമുകളിൽ ഒറ്റ കളിയും ജയിക്കാത്ത ഏക ടീം ഹൈദരാബാദാണ്. 11 കളിയിൽ നാല് സമനിലയും ഏഴ് തോൽവിയുമായി അവർ അവസാന സ്ഥാനത്താണ് നിൽക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com