'അസാധ്യ ഫീല്‍ഡര്‍മാരാണ്, കോഹ്‌ലിയും രോഹിതും ടി20 ലോകകപ്പ് കളിക്കണം'- ഗാവസ്‌കര്‍

2022ലെ ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോടു തോറ്റ മത്സരത്തിനു ശേഷം ഇരുവരും ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി കളിച്ചിട്ടില്ല
ചിത്രം: ഫെയ്‌സ്‌ബുക്ക്
ചിത്രം: ഫെയ്‌സ്‌ബുക്ക്

മുംബൈ: സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി എന്നിവര്‍ ടി20 ലോകകപ്പ് കളിക്കണമെന്ന നിര്‍ദ്ദേശവുമായി ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. ഇരുവരും ടീമിലെ നിര്‍ണായക ബാറ്റര്‍മാര്‍ മാത്രമല്ല. ടീമിലെ ഉജ്ജ്വല ഫീല്‍ഡര്‍മാരുമാണെന്നും ഇത് ടീമിനു ഗുണകരമാകുമെന്നും ഗാവസ്‌കര്‍ പറയുന്നു. 

2022ലെ ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോടു തോറ്റ മത്സരത്തിനു ശേഷം ഇരുവരും ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി കളിച്ചിട്ടില്ല. ഇരുവരും കുട്ടി ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടപ്പെടുന്നവരുമാണ്. 

'35 36 വയസാകുമ്പോള്‍ നിങ്ങളുടെ വേഗം കുറയും. ഫീല്‍ഡ് സെറ്റ് ചെയ്യുമ്പോള്‍ വെറ്ററന്‍ താരങ്ങളെ എവിടെ നിര്‍ത്തും എന്നതു ക്യാപ്റ്റനു തല പുകയ്ക്കാന്‍ പര്യാപ്തമായ കാര്യമാണ്. എന്നാല്‍ രോഹിത്, കോഹ്‌ലി എന്നിവരുടെ കാര്യത്തില്‍ ഇപ്പോഴും ആ പ്രശ്‌നമുണ്ടാകുന്നില്ല. കാരണം ഈ പ്രായത്തിലും ഗ്രൗണ്ടിന്റെ ഏതു ഭാഗത്തും ഇരുവരേയും നിര്‍ത്താം. ഇരുവരും ഉജ്ജ്വല ഫീല്‍ഡര്‍മാരാണ്.' 

'രോഹിത് ക്യാപ്റ്റനാകുമോ എന്ന കാര്യത്തില്‍ എനിക്കു ഒന്നും പറയാന്‍ സാധിക്കില്ല. പക്ഷേ അദ്ദേഹം ടീമില്‍ ഉള്ളത് ഏതൊരു ക്യാപ്റ്റനും വലിയ മുതല്‍ക്കൂട്ടാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി ബാറ്റിങില്‍ കോഹ്‌ലി മിന്നും ഫോമില്‍ കളിക്കുന്നു. ഏകദിന ലോകകപ്പില്‍ മൂന്ന് സെഞ്ച്വറിയടക്കം 750 റണ്‍സാണ് കോഹ്‌ലി അടിച്ചെടുത്തത്. പരിമിത ഓവറില്‍ അദ്ദേഹത്തിന്റെ മികവിന് മറ്റൊരു ഉദാഹരണവും ആവശ്യമില്ല'- ഗാവസ്‌കര്‍ വ്യക്തമാക്കി. 

ജൂണ്‍ നാല് മുതല്‍ 30 വരെ അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായാണ് ടി20 ലോകകപ്പ് പോരാട്ടം. ചിരവൈരികളായ പാകിസ്ഥാനുള്‍പ്പെടുന്ന എ ഗ്രൂപ്പിലാണ് ഇന്ത്യ കളിക്കുന്നത്. ആകെ 20 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് പോരാട്ടം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com