17ല്‍ അരങ്ങേറി 40ല്‍ വിരമിച്ചു, കരിയറിന് പൂര്‍ണ വിരാമം; ഷോണ്‍ മാര്‍ഷ് ക്രിക്കറ്റ് മതിയാക്കി

നടപ്പ് സീസണില്‍ ബിഗ് ബാഷില്‍ മെല്‍ബണ്‍ റെനഗേഡ്‌സിന്റെ താരമാണ് ഷോണ്‍ മാര്‍ഷ്
ഷോണ്‍ മാര്‍ഷ് / എക്‌സ്
ഷോണ്‍ മാര്‍ഷ് / എക്‌സ്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഷോണ്‍ മാര്‍ഷ് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി താരം വ്യക്തമാക്കി. 23 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിനാണ് ഷോണ്‍ മാര്‍ഷ് പൂര്‍ണ വിരാമം ഇടുന്നത്. ക്രിക്കറ്റ് കരിയര്‍ യാത്രയില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായി താരം വ്യക്തമാക്കി.

നടപ്പ് സീസണില്‍ ബിഗ് ബാഷില്‍ മെല്‍ബണ്‍ റെനഗേഡ്‌സിന്റെ താരമാണ് ഷോണ്‍ മാര്‍ഷ്. ഇത്തവണ ടീമിനു പ്ലേ ഓഫിലേക്ക് കടക്കാന്‍ സാധിച്ചില്ല. പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം. 

ഇന്നലെ മെല്‍ബണ്‍ നാട്ടങ്കത്തില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെതിരെ റെനഗേഡ്‌സിനെ വിജയത്തിലെത്തിക്കുന്ന അര്‍ധ സെഞ്ച്വറി മാര്‍ഷ് നേടിയിരുന്നു. താരം 64 റണ്‍സെടുത്തു. ഇതടക്കം സീസണില്‍ റെനഗേഡ്‌സിനായി മൂന്ന് അര്‍ധ സെഞ്ച്വറികളാണ് അഞ്ച് മത്സരങ്ങളില്‍ നിന്നു മാര്‍ഷ് നേടിയത്. 

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ മഹത്തായ ഒരു പരമ്പരയുടെ കണ്ണിയാണ് ഷോണ്‍ ഇതിഹാസ താരം ജെഫ് മാര്‍ഷിന്റെ മകനാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ നിലവിലെ ഓസ്‌ട്രേലിയന്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായ മിച്ചല്‍ മാര്‍ഷ്. ഇരുവരുടേയും സഹോദരി മെലിസ മാര്‍ഷ് ഓസ്‌ട്രേലിയക്കായി ബാസ്‌ക്കറ്റ് ബോള്‍ കളിച്ച താരമാണ്. 

2019ല്‍ ഇന്ത്യക്കെതിരെയാണ് അവസാന അന്താരാഷ്ട്ര ടെസ്റ്റ്. കഴിഞ്ഞ ദിവസം താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മതിയാക്കുന്നതായും പ്രഖ്യാപിച്ചിരുന്നു. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്രഥമ അധ്യായത്തില്‍ ടോപ് സ്‌കോററായാണ് മാര്‍ഷ് ശ്രദ്ധേയനായത്. അതേ വര്‍ഷം ഓസ്‌ട്രേലിയയുടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 ടീമുകളിലേക്ക് താരത്തെ ഓസ്‌ട്രേലിയ വിളിക്കുകയും ചെയ്തു. 

38 ടെസ്റ്റുകള്‍ 73 ഏകദിനങ്ങള്‍ 15 ടി20 മത്സരങ്ങളാണ് ഓസീസിനായി കളിച്ചത്. യഥാക്രമം 2265, 2773, 255 റണ്‍സുകള്‍ മൂന്ന് ഫോര്‍മാറ്റിലും നേടി. 17ാം വയസില്‍ അരങ്ങേറിയ മാര്‍ഷ് 40ാം വയസില്‍ കരിയറിനു വിരാമം കുറിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com