മത്സരം 'ടൈ' കെട്ടിയത് രണ്ട് തവണ! 3 പന്തില്‍ 2 വിക്കറ്റെടുത്ത് രവി ബിഷ്‌ണോയ് മാജിക്ക്; ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. അഫ്ഗാന്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു. അവരും പക്ഷേ എത്തിയത് ഇതേ സ്‌കോറില്‍ തന്നെ
രവി ബിഷ്‌ണോയ്/ ട്വിറ്റർ
രവി ബിഷ്‌ണോയ്/ ട്വിറ്റർ

ബംഗളൂരു: ടി20യുടെ സകല അനിശ്ചിതത്വങ്ങളും നിറഞ്ഞ പോരാട്ടം. മത്സരവും ആദ്യ സൂപ്പര്‍ ഓവറും ടൈ. ഒടുവില്‍ രണ്ടാം സൂപ്പര്‍ ഓവറില്‍ മിന്നും ബൗളിങുമായി രവി ബിഷ്‌ണോയ് കളം നിറഞ്ഞതോടെ ജയം ഇന്ത്യക്ക്. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരി. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. അഫ്ഗാന്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു. അവരും പക്ഷേ എത്തിയത് ഇതേ സ്‌കോറില്‍ തന്നെ. ആറ് വിക്കറ്റ് നഷ്ടത്തില്‍ 212. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. 

ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒന്നാം സൂപ്പര്‍ ഓവറില്‍ അഫ്ഗാന്‍ നേടിയത് 16 റണ്‍സ്. മറുപടിയായി ഇന്ത്യയുടെ സൂപ്പര്‍ ഓവര്‍ പോരാട്ടവും 16 റണ്‍സിലൊതുങ്ങിയതോടെ മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക്. രണ്ടാം സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്ക് നേടാനായത് 11 റണ്‍സ് മാത്രം. അഞ്ച് പന്തുകള്‍ക്കിടെ സൂപ്പര്‍ ഓവറില്‍ റിങ്കു സിങ്, രോഹിത് ശര്‍മ എന്നിവരുടെ വിക്കറ്റുകളും നഷ്ടം. എന്നാല്‍ 12 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ രണ്ട് വിക്കറ്റുകള്‍ മൂന്ന് പന്തുകള്‍ക്കിടെ വീഴ്ത്തി രവി ബിഷ്‌ണോയ് ഇന്ത്യക്ക് ആവേശ വിജയം സമ്മാനിച്ചു. മുഹമ്മദ് നബി, റഹ്മാനുല്ല ഗുര്‍ബാസ് എന്നിവരുടെ വിക്കറ്റുകളാണ് ബിഷ്‌ണോയ് വീഴ്ത്തിയത്. 

നേരത്തെ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലെത്താനേ സാധിച്ചുള്ളൂ. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. 23 പന്തില്‍ നിന്ന് നാല് വീതം സിക്സും ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്ന ഗുല്‍ബാദിന്‍ നയിബിന്റെ ഇന്നിങ്സാണ് അഫ്ഗാന് മത്സരം ടൈയിലെത്തിക്കാന്‍ സഹായിച്ചത്.

അഫ്ഗാന്റേത് തകര്‍പ്പന്‍ തുടക്കമായിരുന്നു. റഹ്മാനുള്ള ഗുര്‍ബാസും ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാനും ചേര്‍ന്ന് 11 ഓവറില്‍ 93 റണ്‍സ് അടിച്ചെടുത്തു. 32 പന്തില്‍ നിന്ന് നാല് സിക്സും മൂന്ന് ഫോറുമടക്കം 50 റണ്‍സെടുത്ത ഗുര്‍ബാസിനെ പുറത്താക്കി കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഇബ്രാഹിം സദ്രാനെ വാഷിങ്ടന്‍ സുന്ദറിന്റെ പന്തില്‍ സഞ്ജു സ്റ്റംപ് ചെയ്ത് പുറത്താക്കി. 41 പന്തില്‍ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 50 റണ്‍സെടുത്താണ് സാദ്രാന്‍ മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ അസ്മത്തുല്ല ഒമര്‍ സായിയേയും (0) വീഴ്ത്തിയ വാഷിങ്ടന്‍ സുന്ദര്‍ അഫ്ഗാനെ പ്രതിരോധത്തിലാക്കി.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ഗുല്‍ബാദിന്‍ നയിബ് - മുഹമ്മദ് നബി സഖ്യം അതിവേഗം 56 റണ്‍സ് ചേര്‍ത്തതോടെ അഫ്ഗാന്‍ മത്സരത്തിലേക്ക് മടങ്ങിയെത്തി. ഒടുവില്‍ നബിയെ മടക്കി വാഷിങ്ടന്‍ സുന്ദര്‍ തന്നെ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 16 പന്തുകള്‍ നേരിട്ട നബി മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 34 റണ്‍സെടുത്തു. 

പിന്നീട് കരിം ജനത്തിനെയും (2), നജിബുല്ല സദ്രാനെയും (5) നഷ്ടമായെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച നയിബിന്റെ ഇന്നിങ്സ് മത്സരം ടൈയിലെത്തിച്ചു. മുകേഷ് കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സായിരുന്നു അഫ്ഗാന് വേണ്ടിയിരുന്നത്. എന്നാല്‍ 18 റണ്‍സെടുക്കാനേ അവര്‍ക്ക് സാധിച്ചുള്ളൂ. അവസാന പന്തില്‍ ജയിക്കാന്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കേ നയിബിന് രണ്ട് റണ്‍സ് മാത്രമാണ് നേടാനായത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ച്വറി ഇന്നിങ്സിന്റെ കരുത്തിലാണ് 212 റണ്‍സ് സ്‌കോര്‍ ചെയ്തത്. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്. 60 പന്തില്‍ 121 റണ്‍സ് സ്‌കോര്‍ ചെയ്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 

ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ രോഹിത് ശര്‍മ അവസാന മത്സരത്തില്‍ ടീമിന് കരുത്തായി. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം അഞ്ചാം വിക്കറ്റില്‍ റിങ്കു സിങ്ങിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് രോഹിത് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് അഞ്ചോവറിനിടെ 22 റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.  യശസ്വി ജയ്സ്വാള്‍ (4), വിരാട് കോഹ് ലി (0), ശിവം ദുബെ (1), സഞ്ജു സാംസണ്‍ (0) എന്നിവരാണ് പുറത്തായത്. 

അഞ്ചാം ഓവറില്‍ ഒന്നിച്ച റിങ്കു -രോഹിത് സഖ്യം വിക്കറ്റുകള്‍ നഷ്ടപ്പെടാതെ ഇന്നിങ്സ് അവസാനം വരെ പുറത്താകാതെ നിന്നു. 39 പന്തില്‍ നിന്ന് 69 റണ്‍സെടുത്ത റിങ്കുവിന്റെ ഇന്നിങ്സ് രണ്ട് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു. 11 ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്സ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com