തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു
ഡുപ്ലെസിസിന്റെ തകർപ്പൻ ബാറ്റിങ്
ഡുപ്ലെസിസിന്റെ തകർപ്പൻ ബാറ്റിങ്പിടിഐ

ബംഗളൂരു: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. ഗുജറാത്ത് മുന്നോട്ടുവെച്ച 148 റണ്‍സ് വിജയലക്ഷ്യം 13.4 ഓവറില്‍ ബംഗളൂരു മറികടന്നു. ബംഗളൂരുവിനായി കോഹ് ലിയും നായകന്‍ ഡുപ്ലെസിസും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ 92 റണ്‍സ് ആണ് ഇരുവരും അടിച്ചുകൂട്ടിയത്. ക്യാപ്റ്റന്‍ ഔട്ടായതിന് പിന്നാലെ തുടരെ തുടരെ വിക്കറ്റ് വീണത് ബംഗളൂരുവിന്റെ വിജയസാധ്യതയ്ക്ക് മേല്‍ മങ്ങലേല്‍പ്പിച്ചുവെങ്കിലും വിക്കറ്റ് കളയാതെ പിടിച്ചുനിന്ന ദിനേഷ് കാര്‍ത്തിക്കും സ്വപ്‌നില്‍ സിങ്ങും ചേര്‍ന്ന് ടീമിനെ വിജയത്തില്‍ എത്തിക്കുകയായിരുന്നു.

ഇടംകൈയന്‍ പേസറായ ജോഷ് ലിറ്റില്‍ ആണ് ഒരു ഘട്ടത്തില്‍ ബംഗളൂരുവിനെ ഞെട്ടിച്ചത്. തുടര്‍ച്ചയായി നാലുവിക്കറ്റുകളാണ് ലിറ്റില്‍ പിഴുതെടുത്തത്. ഡുപ്ലെസിസിന് പുറമേ രജത് പടിദാര്‍, മാക്‌സ് വെല്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരെയാണ് ലിറ്റില്‍ പുറത്താക്കിയത്. പടിദാറും ഗ്രീനും ഒരേ രീതിയില്‍ അടുത്തടുത്തായാണ് പുറത്തായത്.

ഡുപ്ലെസിസ് വെടിക്കെട്ട് ബാറ്റിങ് ആണ് പുറത്തെടുത്തത്. തുടക്കത്തില്‍ തന്നെ ബംഗളൂരു റണ്‍സ് വാരിക്കൂട്ടുന്നതാണ് കണ്ടത്. 64 റണ്‍സ് എടുത്ത ഡുപ്ലെസിസ് 18 പന്തിലാണ് അര്‍ധ സെഞ്ച്വറി നേടിയത്. 42 റണ്‍സ് ആണ് കോഹ് ലിയുടെ സംഭാവന. 12 പന്തില്‍ 21 റണ്‍സുമായാണ് ദിനേഷ് കാര്‍ത്തിക് പുറത്താകാതെ നിന്നത്. സ്വപ്‌നില്‍ സിങ് ഒമ്പത് പന്തില്‍ നിന്ന് 15 റണ്‍സുമായി മികച്ച പിന്തുണ നല്‍കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 19.3 ഓവറില്‍ 147 റണ്‍സിന് എല്ലാവരും പുറത്തായി. 24 പന്തില്‍ 37 റണ്‍സെടുത്ത ഷാരൂഖാനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ഇന്നിങ്സ് തുടങ്ങിയ ഗുജറാത്തിന് 19 റണ്‍സെടുക്കുന്നതിനിടെ 3 വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായി. വൃദ്ധിമാന്‍ സാഹ(7 പന്തില്‍ 1 റണ്‍സ്), ശുഭ്മാന്‍ ഗില്‍ (7 പന്തില്‍ 2 റണ്‍സ്), സായ് സുദര്‍ശന്‍(14 പന്തില്‍ 6) എന്നിവരാണ് പുറത്തായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പിന്നീട് ഡേവിഡ് മില്ലര്‍- ഷാരൂഖാന്‍ സഖ്യമാണ് സ്‌കോര്‍ 80 ലേക്കെത്തിച്ചത്. 12-മത്തെ ഓവറില്‍ മില്ലര്‍(20 പന്തില്‍ നിന്ന് 30) പുറത്തായ ശേഷം അടുത്ത ഓവറില്‍ ഷാരൂഖാന്‍(24 പന്തില്‍ 37) പുറത്തായി. പിന്നീടെത്തിയ തെവാത്തിയ 21 പന്തില്‍ 35 റണ്‍സും റാഷിദ് ഖാന്‍ 14 പന്തില്‍ 18 റണ്‍സും നേടി പുറത്തായി.

136 ന് ഏഴ് എന്ന നിലയിലായ ഗുജറാത്തിന് 19- മത്തെ ഓവറില്‍ മാനവ് സുത്തര്‍, മോഹിത്ത് ശര്‍മ്മ, വിജയ് ശങ്കര്‍ എന്നിവരും പുറത്തായതോടെ 147 റണ്‍സിന് എല്ലാവരും പുറത്തായി.

ബംഗളൂരുവിനായി സിറാജ്, യഷ് ദയാല്‍, വിജയ്കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും കാമറൂണ്‍ ഗ്രീന്‍, കരണ്‍ ശര്‍മ്മ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഡുപ്ലെസിസിന്റെ തകർപ്പൻ ബാറ്റിങ്
മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com