ആ ജേഴ്‌സി ഇനി ഫിഫ മ്യൂസിയത്തില്‍; വിജയം അകാലത്തില്‍ പൊലിഞ്ഞ പ്രിയ സുഹൃത്തിന് സമര്‍പ്പിച്ച് സുബസിച്ച് 

ക്രൊയേഷ്യ- ഡെന്‍മാര്‍ക് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ താരമായത് ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ഡാനിയേല്‍ സുബസിച്ചായിരുന്നു
ആ ജേഴ്‌സി ഇനി ഫിഫ മ്യൂസിയത്തില്‍; വിജയം അകാലത്തില്‍ പൊലിഞ്ഞ പ്രിയ സുഹൃത്തിന് സമര്‍പ്പിച്ച് സുബസിച്ച് 

ക്രൊയേഷ്യ- ഡെന്‍മാര്‍ക് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ താരമായത് ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ഡാനിയേല്‍ സുബസിച്ചായിരുന്നു. ഡെന്‍മാര്‍കിന്റെ സ്വപ്‌നങ്ങള്‍ക്ക് മീതെ ആ മനുഷ്യന്‍ കൈകള്‍ വിടര്‍ത്തി നിന്നപ്പോള്‍ മൂന്ന് താരങ്ങളുടെ പെനാല്‍റ്റി കിക്കുകളാണ് വലയില്‍ കയറാതെ പോയത്.
ലോകകപ്പിന്റെ ചരിത്രത്തിലെ ഒരു അപൂര്‍വ നിമിഷവും അപ്പോള്‍ നിഷ്‌നി സ്റ്റേഡിയത്തില്‍ പിറന്നു. ഷൂട്ടൗട്ടിലേക്ക് നീണ്ട ലോകകപ്പ് മത്സരത്തില്‍ ഒരു ഗോള്‍ കീപ്പറുടെ ഏറ്റവും മികച്ച പ്രകടനമായി അത് മാറി. 2006ല്‍ പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പറായിരുന്ന റിക്കാര്‍ഡോ ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടറില്‍ മൂന്ന് കിക്കുകള്‍ തടുത്തിട്ടിരുന്നു. ആ റെക്കോര്‍ഡിനൊപ്പമാണ് സുബസിചിന്റെ പ്രകടനവും എത്തിയത്. റെക്കോര്‍ഡിനൊപ്പമെത്തിയ പ്രകടനം നടത്തിയ സുബസിചിന്റെ ജേഴ്‌സി ഇനി ഫിഫയുടെ സൂറിച്ചിലുള്ള മ്യൂസിയത്തില്‍ സ്ഥാനം പിടിക്കും. 

ക്രൊയേഷ്യയെ ക്വാര്‍ട്ടറിലേക്ക് നയിച്ച പ്രകടനം അകാലത്തില്‍ മരണത്തെ പുല്‍കിയ തന്റെ സുഹൃത്തിനാണ് സുബസിച്ച് സമര്‍പ്പിച്ചത്. കീവിലെ എന്‍.കെ സദറില്‍ ഒപ്പം കളിച്ച വോജെ കുസ്റ്റിച്ചിനാണ് തന്റെ മൂന്ന് പെനാല്‍റ്റി സേവുകള്‍ സുബസിച്ച് സമര്‍പ്പിച്ചത്. സുബസിച്ചിന്റെ അടുത്ത സുഹൃത്തായിരുന്ന കുസ്റ്റിച് 2008ല്‍ ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു. മരിക്കുമ്പോള്‍ 24 വയസായിരുന്നു കുസ്റ്റിച്ചിന്. സദറിലേക്കുള്ള യാത്രക്കിടെ വാഹനം മറിഞ്ഞ് റെയില്‍വേ പാളത്തില്‍ തലയിടിച്ചാണു കുസ്റ്റിച്ച് മരിച്ചത്. പ്രിയ സുഹൃത്തിന്റെ ഓര്‍മകളുമായാണ് ഓരോ മത്സരത്തിനും ക്രൊയേഷ്യന്‍ കാവല്‍ക്കാരന്‍ കളിക്കാനിറങ്ങുന്നത്. 
കൂട്ടുകാരന്റെ പടമുള്ള ബനിയനാണ് ജഴ്‌സിയുടെ അടിയില്‍ ധരിക്കാറ്്. ഡെന്‍മാര്‍കിനെതിരായ പോരാട്ടത്തിനിറങ്ങിയപ്പോഴും ആ പതിവ് സുബസിച്ച് തെറ്റിച്ചില്ല. ഡെന്‍മാര്‍ക്കിനെതിരേ ഓരോ പെനാല്‍റ്റി സേവ് കഴിയുമ്പോഴും സുബാസിച്ച് ആകാശത്തേക്ക് നോക്കുന്നുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com