പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഫ്രാന്‍സ്; പെറുവിന് ജയിച്ചേ തീരു

പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകളുമായി ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സ് പെറുവിനെ നേരിടുന്നു
പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഫ്രാന്‍സ്; പെറുവിന് ജയിച്ചേ തീരു

മോസ്‌കോ: പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകളുമായി ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സ് പെറുവിനെ നേരിടുന്നു. ആദ്യമത്സരത്തില്‍ ആസ്‌ട്രേലിയയെ 2-1ന് കീഴടക്കിയിരുന്ന ഫ്രാന്‍സിന് ഇന്നത്തെ മത്സരം ജയിച്ചാല്‍ പ്രീക്വാര്‍ട്ടറിലെത്താം. പെറുവാകട്ടെ ആദ്യ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനോട് പരാജയപ്പെട്ടിരുന്നു.  പുറത്താകാതിരിക്കാന്‍ അവര്‍ക്ക് ഇന്ന് ജയിച്ചേ മതിയാകൂ.

20 കൊല്ലം മുമ്പ് സിനദില്‍ സിദാനെയും കൂട്ടി ലോകകപ്പ് ഉയര്‍ത്തിയ ഫ്രഞ്ച് നായകന്‍ ദിദിയര്‍ ദെഷാംപ്‌സാണ് ഇക്കുറി ഫ്രാന്‍സിനെ പരിശീലിപ്പിക്കുന്നത്. കളിക്കാരനെന്ന നിലയിലും ക്യാപ്ടനെന്ന നിലയിലും ലോകകപ്പ് ഉയര്‍ത്താന്‍ കഴിയണമെന്ന ആഗ്രഹത്തിലാണ് ദേഷാംപ്‌സ്. 49 കാരനായ കോച്ചിന്റെ പ്രതീക്ഷകള്‍ കാക്കാന്‍ പ്രാപ്തിയുള്ള ഒരു ടീമാണ് ഇക്കുറി ഫ്രാന്‍സിനുള്ളത്.

സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിനു വേണ്ടി ഗോളുകള്‍ അടിച്ചുകൂട്ടിയ അന്റോണിയോ ഗ്രീസ്മാന്‍, ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിലെ സൂപ്പര്‍ താരങ്ങളായ ഒളിവര്‍ ഗിറൗഡ്, പോള്‍ പോഗ്ബ, യുവതാരങ്ങളായ ബ്‌ളെയ്‌സ് മാത്യുഡി, ടോലിസോ, ലെമാര്‍, ബാഴ്‌സലോണയുടെ ഡിഫന്‍ഡര്‍ ഉമിറ്റിറ്റി, റയല്‍ മാഡ്രിഡിന്റെ ഡിഫന്‍ഡര്‍ റാഫേല്‍ വരാനെ തുടങ്ങിയ താരനിരയാണ് ഫ്രഞ്ച് കൂടാരത്തിലുള്ളത്. പരിചയസമ്പന്നനായ ഹ്യൂഗോ ലോറിസാണ് ഗോളി.

മറുവശത്ത് പെറു നീണ്ട 36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോകകപ്പിനെത്തുന്നത്. ഫിഫ റാങ്കിംഗില്‍ 11ാം സ്ഥാനത്തുള്ള അവര്‍ ഡെന്‍മാര്‍ക്കിനെതിരെ താരതമ്യേന മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യപകുതിയില്‍ ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. രണ്ടാംപകുതിയില്‍ യുരാരി നേടിയ ഗോളിനായിരുന്നു ഡെന്‍മാര്‍ക്കിന്റെ ജയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com