ചരിത്രം വഴിമാറി; ഷൂട്ടൗട്ട് 'ഗെയ്റ്റ് ' തുറന്ന് ഇംഗ്ലണ്ട്; പൊരുതി വീണ് കൊളംബിയ 

ലോകകപ്പില്‍ എക്കാലത്തും ഇംഗ്ലണ്ടിന് വിലങ്ങായി നിന്ന പെനാല്‍റ്റി ഷൂട്ടൗട്ട് കടമ്പ ഒടുവില്‍ അവര്‍ ഭേദിച്ചു. ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരില്‍ കൊളംബിയയെ 4-3ന് തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍
ചരിത്രം വഴിമാറി; ഷൂട്ടൗട്ട് 'ഗെയ്റ്റ് ' തുറന്ന് ഇംഗ്ലണ്ട്; പൊരുതി വീണ് കൊളംബിയ 

മോസ്‌ക്കോ: ലോകകപ്പില്‍ എക്കാലത്തും ഇംഗ്ലണ്ടിന് വിലങ്ങായി നിന്ന പെനാല്‍റ്റി ഷൂട്ടൗട്ട് കടമ്പ ഒടുവില്‍ അവര്‍ ഭേദിച്ചു. ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരില്‍ കൊളംബിയയെ 4-3ന് തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചതോടെയാണ് വിജയികളെ നിര്‍ണയിക്കുന്നത് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. നിശ്ചിത സമയത്തിന്റെ അവസാന നിമിഷത്തില്‍ ഒരു ഗോളിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ഇംഗ്ലണ്ടിനെ യരി മിന നേടിയ ഹെഡ്ഡര്‍ ഗോളിലൂടെ സമനിലയില്‍ പിടിച്ച് ആയുസ് നീട്ടിയെടുക്കുകയായിരുന്നു കൊളംബിയ. മത്സരം അധിക സമയത്തേക്ക് നീണ്ടപ്പോള്‍ ഇരു ടീമുകളും വല ചലിപ്പിച്ചില്ല. പിന്നീടാണ് വിജയികളെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നിര്‍ണയിച്ചത്.

മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടപ്പോള്‍ ഇംഗ്ലണ്ടിന് വിജയം മാത്രമായിരുന്നില്ല ലക്ഷ്യം. ഒരു കറുത്ത ചരിത്രത്തിനെ കൂടി  അവര്‍ക്ക് കീഴടക്കണമായിരുന്നു. ലോകകപ്പിന്റെ നോക്കൗട്ടില്‍ ഇന്നുവരെ ഇംഗ്ലണ്ട് ഒരു പെനാല്‍റ്റി ഷൂട്ടൗട്ടും വിജയിച്ച് കടന്നിരുന്നില്ല. എന്നാല്‍ ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ അവര്‍ പ്രകടിപ്പിച്ച നിശ്ചദാര്‍ഢ്യം ഇത്തവണ ഇംഗ്ലീഷ് സംഘത്തെ കാത്തു. ഇംഗ്ലണ്ടിന്റെ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്റെ കിക്ക് കൊളംബിയന്‍ ഗോളി ഡേവിഡ് ഒസ്പിന തടുത്തിട്ടപ്പോള്‍ എല്ലാ കാലത്തും വഴിമുടക്കി നിന്ന ദുരന്തം ഒരിക്കല്‍ കൂടി ഇംഗ്ലണ്ടിനെ തുറിച്ചു നോക്കി. എന്നാല്‍ ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് നിര്‍ണായക ഘട്ടത്തില്‍ അവരുടെ രക്ഷകനായി അവതരിച്ചതോടെ ഇംഗ്ലണ്ട് സുരക്ഷിതരായി ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഈ  മാസം ഏഴിന് നടക്കുന്ന ക്വാര്‍ട്ടറില്‍ സ്വീഡനാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. 

അവസാനം വരെ പൊരുതിയാണ് കൊളംബിയ പരാജയം സമ്മതിച്ചത്. മത്സരത്തിലുടനീളം അവര്‍ പുറത്തെടുത്ത അതിവൈകാരികത നിര്‍ണായക ഘട്ടത്തില്‍ ടീമിന്റെ ആത്മവിശ്വാസത്തെ സാരമായി തന്നെ ബാധിച്ചു. 

കഴിഞ്ഞ ലോകകപ്പില്‍ കൊളംബിയന്‍ മുന്നേറ്റങ്ങളെ നയിച്ച് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ജെയിംസ് റോഡ്രിഗസ് ഡഗൗട്ടില്‍ കണ്ണീരോടെ ഇരിക്കുന്ന കാഴ്ച മത്സരത്തിന്റെ ദുരന്ത ചിത്രമായി. പരുക്കിനെ തുടര്‍ന്ന് റോഡ്രിഗസിന് രാജ്യത്തിന്റെ നിര്‍ണായക മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. 

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയാണ് ആദ്യ കിക്കെടുത്തത്. ക്യാപ്റ്റന്‍ റഡാമല്‍ ഫാല്‍ക്കാവോ അവരെ മുന്നിലെത്തിച്ചു. പിന്നാലെ ഇംഗ്ലണ്ടിനായി നായകന്‍  ഹാരി കെയ്‌നും പന്ത് വലയിലെത്തിച്ചു. ക്വഡ്രാഡോയെടുത്ത രണ്ടാം കിക്കും വലയിലായതോടെ കൊളംബിയ വീണ്ടും മുന്നില്‍. ഇംഗ്ലണ്ടിനായി രണ്ടാം കിക്ക് മാര്‍കസ് റാഷ്‌ഫോര്‍ഡും ലക്ഷ്യത്തിലെത്തിച്ചു. ലൂയീസ് മുരിയേലാണ് കൊളംബിയയുടെ മൂന്നാം കിക്കെടുത്തത്. അതും ഗോളായി മാറി. ഇംഗ്ലണ്ടിനായി ഹെന്‍ഡേഴ്‌സന്‍ എടുത്ത ഷോട്ട് കൊളംബിയന്‍ ഗോളി ഡേവിഡ് ഒസ്പിന തടുത്തിട്ടു. പിന്നാലെ കൊളംബിയന്‍ താരം മുരിബെയുടെ ഷോട്ട് ബാറില്‍ തട്ടി മടങ്ങി. ഇംഗ്ലണ്ടിനായി ട്രിപ്പിയര്‍ എടുത്ത കിക്കും വലയിലായതോടെ സ്‌കോര്‍ 3-3ല്‍ എത്തി. കാര്‍ലോസ് പാക്കയുടെ ഷോട്ട് ഇംഗ്ലീഷ്  ഗോളി പിക്ക്‌ഫോര്‍ഡ് തടുത്തതോടെ അവസാന കിക്ക് വലയിലെത്തിച്ചാല്‍ ഇംഗ്ലണ്ട് വിജയിക്കുമെന്ന  നില. ഇംഗ്ലണ്ടിനായി അവസാന കിക്കെടുത്ത എറിക്ക് ഡയര്‍ പന്ത് സുരക്ഷിതമായി വലയിലെത്തിച്ച് അവരെ ക്വാര്‍ട്ടറിലേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു. 

നേരത്തെ ഇഞ്ച്വറി ടൈമില്‍ ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതി തുടങ്ങി 57ാം മിനുട്ടിലാണ് ഇംഗ്ലീഷ് ടീം ലീഡ് സ്വന്തമാക്കിയത്. 57ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ചാണ് ഇംഗ്ലണ്ട് മുന്നിലെത്തിയത്. കിക്കെടുത്ത ഹാരി കെയ്ന്‍ പന്ത് പിഴവില്ലാതെ വലയിലാക്കി. കെയ്‌നിനെ കാര്‍ലോസ് സാഞ്ചസ് ബോക്‌സില്‍ വീഴ്ത്തിയതിനാണ് ഇംഗ്ലണ്ടിനനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. 

81ാം മിനുട്ടില്‍ കൊളംബിയക്ക് സമനില പിടിക്കാന്‍ മികച്ച അവസരം തുറന്നുകിട്ടി. ബോക്‌സിന് സമീപത്ത് വച്ച് പാസ് കൊടുക്കുന്നതിന് പകരം ക്വഡ്രാഡോ അത് ലോങ് റേഞ്ചിലൂടെ ഗോളാക്കന്‍ ശ്രമിച്ചത് പാളിപ്പോയി.
ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റങ്ങളുമായി ഇരു പക്ഷവും കളം വാണെങ്കിലും ഗോള്‍ അകന്നുനിന്നു. കളി തുടങ്ങിയത് മുതല്‍ ഇംഗ്ലണ്ട് കടുത്ത ആക്രമണം നടത്തിയപ്പോള്‍ കൊളംബിയ കൗണ്ടര്‍ അറ്റാക്കിലാണ് ശ്രദ്ധിച്ചത്. കളി പുരോഗമിക്കവേ കൊളംബിയയും ആക്രമണ ശൈലിയിലേക്ക് മാറിയത് മത്സരത്തിന്റെ ആവേശം ഉയര്‍ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com