വികാരത്തള്ളിച്ചകള്‍ അവസാനിച്ചു; മാപ്പ് പറഞ്ഞ് തടിയൂരി മറഡോണ

പരാമര്‍ശങ്ങള്‍ വികാര തള്ളിച്ചയില്‍ പറഞ്ഞതാണെന്നും ഫിഫയോടും മത്സരം നിയന്ത്രിച്ച റഫറിമാരോടും മാപ്പ് ചോദിക്കുന്നതായും മറഡോണ 
വികാരത്തള്ളിച്ചകള്‍ അവസാനിച്ചു; മാപ്പ് പറഞ്ഞ് തടിയൂരി മറഡോണ

ഷ്യന്‍ ലോകകപ്പ് മത്സരങ്ങള്‍ ഒരുഭാഗത്ത് നടക്കുമ്പോള്‍ മറുഭാഗത്ത് ഇതിഹാസ താരം ഡീഗോ മറഡോണയുടെ വിവാദങ്ങള്‍ സൃഷ്ടിക്കുകയെന്ന കലാ പരിപാടികളും യഥേഷ്ടം അരങ്ങ് തകര്‍ക്കുന്നുണ്ടായിരുന്നു. പതിവ് പോലെ അദ്ദേഹം ഇപ്പോള്‍ മാപ്പ് പറഞ്ഞ് തടിയൂരി. ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ ജയത്തിന് ശേഷം നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് അര്‍ജന്റീന ഇതിഹാസം ഇപ്പോള്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്. ഇംഗ്ലണ്ടിന്റെ വിജയം ആധാര്‍മികമായിരുന്നുവെന്നും റഫറിമാരുടെ പ്രകടനം മോശമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 

പരാമര്‍ശങ്ങള്‍ വികാര തള്ളിച്ചയില്‍ പറഞ്ഞതാണെന്നും ഫിഫയോടും മത്സരം നിയന്ത്രിച്ച റഫറിമാരോടും മാപ്പ് ചോദിക്കുന്നതായും മറഡോണ പറഞ്ഞു. റഷ്യയില്‍ ലോകകപ്പ് തുടങ്ങിയത് മുതല്‍ മറഡോണ വിവാദ പരാമര്‍ശങ്ങളാലും അതിരുവിട്ട വൈകാരിക പ്രകടനങ്ങളാലും നിരന്തരം വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു.

ഇംഗ്ലണ്ട് കൊളംബിയ മത്സരത്തില്‍ റഫറി ഇംഗ്ലണ്ടിന് വിജയം കവര്‍ന്ന് നല്‍കി എന്നായിരുന്നു മറഡോണയുടെ ആരോപണം. റഫറിമാരില്‍ പലര്‍ക്കും അറിയാവുന്നത് ബേസ് ബോളാണെന്നും ഫുട്‌ബോളല്ലെന്നും താരം പരിഹസിച്ചു. റഫറിമാരെ നിശ്ചയിച്ച സമിതി തലവന്‍ കൊളീന മാപ്പ് പറയണമെന്നും മാറ്റങ്ങള്‍ക്ക് തയാറാകാത്ത ഫിഫ പ്രസിഡന്റ് ഭീരുവാണെന്നും അദ്ദേഹം പ്രതികരിച്ചു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മറഡോണ കടുത്ത വിമര്‍ശനങ്ങളുടെ കെട്ടഴിച്ചത്. 

നേരത്തെ നൈജീരിയക്കെതിരായ മത്സരത്തില്‍ അര്‍ജന്റീന വിജയിച്ചപ്പോള്‍ രണ്ട് കൈയുടേയും നടുവിരല്‍ ഉയര്‍ത്തി അസ്ലീല ആംഗ്യം കാണിച്ച് അദ്ദേഹം വിവാദമുണ്ടാക്കിയപ്പോള്‍ ഫിഫ നിശബ്ദത പാലിച്ചിരുന്നു. വിമര്‍ശനങ്ങള്‍ അതിര് കടന്നതോടെ വി.ഐ.പി അബംസഡര്‍ക്കെതിരേ ഫിഫ തന്നെ രംഗത്തെത്തിയിരുന്നു. ഫുട്‌ബോളിന്റെ ചരിത്രം തന്നെ തിരുത്തിയ താരത്തില്‍ നിന്ന് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു ഫിഫ തുറന്നടിച്ചത്. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് കണ്ടതോടെയാണ് മറഡോണ ഇപ്പോള്‍ മാപ്പ് പറഞ്ഞ് തടി രക്ഷിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com