ബ്രസീല്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മറാണ് റഷ്യന്‍ ലോകകപ്പ് തുടങ്ങിയ ശേഷം ഏറ്റവും കൂടുതല്‍ പരിഹസിക്കപ്പെട്ട താരം. വിമര്‍ശനങ്ങളും ട്രോളുകളും പരിഹാസങ്ങളും ഉപദേശങ്ങളുമായി താരം എല്ലാ ദിവസവും ഹൈലൈറ്റില്‍ വന്നു. ഫൗളിന് വിധേയനാകുമ്പോള്‍ താരം മൈതാനത്ത് വീണ് കിടന്നുരുളുന്നതാണ് ട്രോളുകള്‍ക്ക് കാരണമായത്. എന്തിന് കെ.എഫ്.സി തങ്ങളുടെ പരസ്യത്തിന് പോലും നെയ്മറുടെ ഉരുളല്‍ കടമെടുത്തു.
ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനോട് പരാജയപ്പെട്ട് പുറത്താകുന്നത് വരെ ബ്രസീല്‍ ടീമിനായി കളിച്ചപ്പോഴെല്ലാം താരത്തിന്റെ മൈതാനത്തെ ഉരുണ്ടഭിനയം തുടര്‍ന്നു. ഈ അഭിനയ നിമിഷങ്ങളുടെ ഫോട്ടോകള്‍ ഉപയോഗിച്ച് ഇപ്പോള്‍ ആല്‍ഫബറ്റും പുറത്തുവന്നിരിക്കുന്നു. എ മുതല്‍ ഇസഡ് വരെയുള്ള ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തില്‍ നെയ്മറുടെ ഭാവങ്ങള്‍ ക്രമീകരിച്ച ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റാണിപ്പോള്‍. ബ്രസീലിയന്‍ ഡിസൈനറായ ലുസിയാനോ ജേക്കബാണ് ഈ കൗതുക ചിത്രത്തിന്റെ സൃഷ്ടാവ്. നെയ് ടൈപ്പ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
റഷ്യന്‍ ലോകകപ്പിലെ ബ്രസീലിന്റെ രണ്ടാം മത്സരമാണ് ഈ കൗതുകത്തിലേക്കുള്ള വാതില്‍ തുറന്നതെന്ന് ലുസിയാനോ പറയുന്നു. മൈതാനത്ത് വീണുരുളുന്ന നെയ്മറുടെ കൈ കാല്‍ ചലനങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ തോന്നിയ ചിന്തകളാണ് ഇത്തരമൊരു കാര്യത്തിലേക്ക് താന്‍ എത്തിപ്പെടാന്‍ കാരണമെന്നും ലുസിയാനോ വ്യക്തമാക്കി. ചില അക്ഷരങ്ങളുടെ സാമ്യത സൃഷ്ടിക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നു. ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത് അദ്ദേഹത്തിന്റെ ഉരുളലിന്റെ വിവിധ ചിത്രങ്ങള്‍ ചേര്‍ത്ത് വച്ചാണ് സാധ്യമാക്കിയതെന്നും ലുസിയാനോ കൂട്ടിച്ചേര്‍ത്തു. തന്റെ ഫേസ്ബുക്ക് പേജിലാണ് ലുസിയാനോ ഈ ചിത്രങ്ങള്‍ പങ്കുവച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ