സോഷ്യല്‍ മീഡിയയുടെ മനം മടുപ്പിക്കുന്ന വിമര്‍ശനം; 23ാം വയസില്‍ ദേശീയ ടീമിനോട് വിട പറഞ്ഞ് ഇറാനിയന്‍ മെസി 

ഇറാന്‍ ഗ്രൂപ്പ് ഘട്ടം കടക്കാത്തതും അതിന്റെ വിമര്‍ശനങ്ങളും തന്റെ മാതാവിനെ തളര്‍ത്തിയെന്ന്
സോഷ്യല്‍ മീഡിയയുടെ മനം മടുപ്പിക്കുന്ന വിമര്‍ശനം; 23ാം വയസില്‍ ദേശീയ ടീമിനോട് വിട പറഞ്ഞ് ഇറാനിയന്‍ മെസി 

ഇറാന്‍ ഫുട്‌ബോളിലെ ഭാവി താരമെന്ന് വിശേഷിപ്പിക്കപ്പെട്ട സര്‍ദാര്‍ അസ്മൗന്‍ 23ാം വയസില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചു. '' ഇറാനിയിന്‍ മെസി'' എന്ന പേരിലാണ് താരം പ്രശസ്തനായത്. ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ഇറാന്‍ ടീമിനായി അസ്മൗന്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ ഗോളടിക്കാന്‍ സാധിക്കാതെ വന്നതോടെ താരത്തിനെതിരേ ഇറാന്‍ ആരാധകര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വന്‍ വിമര്‍ശനങ്ങളാണ് അഴിച്ചുവിട്ടത്. ഇതില്‍ മനംമടുത്താണ് പ്രതിഭാധനനായ അസ്മൗന്‍ തന്റെ അന്താരാഷ്ട്ര കരിയറിന് പെട്ടെന്ന് തിരശ്ശീലയിടാന്‍ തീരുമാനിച്ചത്. ഇറാന്‍ ഗ്രൂപ്പ് ഘട്ടം കടക്കാത്തതും അതിന്റെ വിമര്‍ശനങ്ങളും തന്റെ മാതാവിനെ തളര്‍ത്തിയെന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിരമിക്കല്‍ കുറിപ്പില്‍ അസ്മൗന്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു സ്‌ട്രൈക്കറായ റേസ ഗൂചെന്ന്ഹാദും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 

നാല് മാസങ്ങള്‍ക്ക് ശേഷം ഏഷ്യാ കപ്പ് വരാനിരിക്കെ അസ്മൗന്റെ വിരമിക്കല്‍ ഇറാന്‍ ഫുട്‌ബോളിന് കനത്ത തിരിച്ചടിയാണ്. കുറഞ്ഞ കാലം കൊണ്ട് ഇറാന്‍ ഫുട്‌ബോളിന്റെ മുഖമായി അസ്മൗന്‍ മാറിയിരുന്നു. 36 മത്സരങ്ങളില്‍ നിന്ന് ഇറാന് വേണ്ടി 23 ഗോളുകള്‍ നേടാന്‍ യുവ താരത്തിന് സാധിച്ചിട്ടുണ്ട്. 

റൂബിന്‍ കസാനിന്റെ താരമായ അസ്മൗന്‍ ഇനി ക്ലബ് ഫുട്‌ബോളില്‍ മാത്രമെ ഉണ്ടാകു. അതേസമയം സ്‌കോട്‌ലന്‍ഡ് ടീം സെല്‍റ്റിക്ക് അസ്മൗനെ ടീമിലെത്തിക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. താരത്തിന്റെ മികവ് സെല്‍റ്റിക്ക് പരിശീലകന്‍ ബ്രണ്ടന്‍ റോജേഴ്‌സിന്റെ കണ്ണിലുടക്കിയതോടെയാണ് ടീമിലേക്ക് സാധ്യതകള്‍ തുറന്നുകിട്ടിയത്.

ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ കരുത്തരായ സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ആഫ്രിക്കന്‍ ശക്തരായ മൊറോക്കോ ടീമുകള്‍ക്കൊപ്പമായിരുന്നു ഇറാന്‍. മൊറോക്കോയെ കീഴടക്കിയ അവര്‍ പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ചു. മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റുമായി ഇറാന്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നേരിയ വ്യത്യാസത്തിലാണ് അവര്‍ക്ക് പ്രീ ക്വാര്‍ട്ടര്‍ കടക്കാന്‍ സാധിക്കാതെ പോയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com