കോൺ​ഗ്രസിലെ 'പൂരം' ഉടൻ തുടങ്ങും; പെട്ടിതൂക്കികൾ പ്രസിഡന്റുമാർ;കെപി അനിൽകുമാറിനെയും ശിവദാസൻനായരെയും സസ്പെന്റ് ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 1970 05:30 AM  |  

Last Updated: 29th August 2021 08:05 AM  |   A+A-   |  

anilkumar

കെപി അനില്‍കുമാര്‍- കെ ശിവദാസന്‍ നായര്‍

 

തിരുവനന്തപുരം:  പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയര്‍ത്തിയ നേതാക്കളെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എംഎല്‍എ കെ.ശിവദാസന്‍ നായരേയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിനേയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്പെന്റ് ചെയ്തതായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചു.

അച്ചടക്ക നടപടി അംഗീകരിക്കുന്നില്ലെന്ന സൂചന നൽകി, തൊട്ടുപിന്നാലെ രൂക്ഷ പ്രതികരണവുമായി കെ.പി.അനിൽകുമാർ രംഗത്തുവന്നു. സസ്പെൻഡ് ചെയ്തു പേടിപ്പിക്കേണ്ടെന്നും കോൺഗ്രസിലെ ‘പൂരം’ ഉടൻ തുടങ്ങുമെന്നും അനിൽകുമാർ പ്രതികരിച്ചു. നേതാക്കന്മാരുടെ പെട്ടിതൂക്കികളെയാണു പല ജില്ലകളിലും ഡിസിസി പ്രസിഡന്റുമാരാക്കിയത്. ഇവരിൽ പലരും നല്ല കച്ചവടക്കാരാണ്. ഇനി ഡിസിസി ഓഫിസിൽ കയറാന‍് ആളുകൾ ഭയപ്പെടുമെന്നും അനിൽകുമാർ പറഞ്ഞു. 

ഗ്രൂപ്പുകൾക്ക് അതീതമായ പട്ടികയല്ല ഇപ്പോഴത്തേതെന്നുള്ള അനിൽകുമാറിന്റെ അഭിപ്രായത്തോടു താൻ യോജിക്കുകയാണു ചെയ്തതെന്നും, നേതൃത്വത്തിനെതിരെയോ, പാർട്ടിക്കെതിരെയോ ഒന്നും പറഞ്ഞിട്ടില്ലെന്നും ശിവദാസൻ നായർ പ്രതികരിച്ചു. തിരഞ്ഞെടുപ്പു സമയത്ത് നേതാക്കളെയും പാർട്ടിയെയും വിമർശിച്ചവർ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായിരിക്കുന്ന പാർട്ടിയിൽ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാകുമെന്നു താൻ വിശ്വസിക്കുന്നില്ല. അങ്ങനെ സംഭവിച്ചാൽ പാർട്ടിയാണ് ഇല്ലാതാവുകയെന്നും ശിവദാസൻ നായർ പറ‍ഞ്ഞു.