കൊച്ചി: ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവെ അതിക്രമത്തിന് ഇരയായ നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ഫോറന്‍സിക് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു എന്ന വാര്‍ത്ത പ്രചരിച്ചവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണം വഴിതിരിച്ചു വിടാന്‍ വേണ്ടിയാണ് ഇത്തരമൊരു പ്രചാരണം അഴിച്ചുവിട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
കൊച്ചിയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളെജിലെ ഫോറന്‍സിക് വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കാണിച്ചുവെന്നായിരുന്നു പ്രചാരണം. ഇവിടുത്തെ ഫോറന്‍സിക് വിഭാഗം മേധാവി, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ മൊഴി അന്വേഷണ സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു.
വ്യാജ പ്രചരണമാണ് നടന്നതെന്ന് വ്യക്തമായതോടെയാണ് ഇത്തരം വാര്‍ത്ത പ്രചരിപ്പിച്ചവരെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഉള്ളതായി പറയുന്ന തൊണ്ടിമുതല്‍ അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതിനിടയില്‍ ഈ ദൃശ്യങ്ങള്‍ ഫോറന്‍സിക് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു എന്ന പ്രചാരണം നടത്തിയത് അന്വേഷണത്തെ അട്ടിമറിക്കുന്നതിന് വേണ്ടിയായിരുന്നു എന്നാണ് വിലയിരുത്തല്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ