ബാങ്ക് ട്രെയ്ഡ് യൂണിയന്‍ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ആത്മഹത്യാക്കുറിപ്പെഴുതി മുന്‍ നേതാവ് ജീവനൊടുക്കി

അളിഞ്ഞ കക്ഷി രാഷ്ട്രീയ കുടില തന്ത്രങ്ങളില്‍പെട്ട് മലീമസമായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തോടു എനിക്ക് പുച്ഛമാണ്
ബാങ്ക് ട്രെയ്ഡ് യൂണിയന്‍ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ആത്മഹത്യാക്കുറിപ്പെഴുതി മുന്‍ നേതാവ് ജീവനൊടുക്കി


കൊച്ചി: പ്രമുഖ ബാങ്ക് ട്രെയ്ഡ് യൂണിയന്‍ നേതാവ് വിപി കമ്മത്ത് ജീവനൊടുക്കി. ഇന്നലെ രാത്രിയാണ് ബാങ്ക് ട്രയ്ഡ് യൂണിയന്‍ നേതൃത്വത്തിലെ കള്ളക്കളികള്‍ തുറന്നുകാട്ടുന്ന ആത്മഹത്യാ കുറിപ്പെഴുതി കമ്മത്ത് കൊച്ചിയിലെ വസതിയില്‍ ജീവനൊടുക്കിയത്. പൊലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം.

ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനു കീഴിലുള്ള, ലോര്‍ഡ് കൃഷ്ണ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ നേതാവായിരുന്ന കമ്മത്തിനെ ബാങ്കില്‍നിന്നു പുറത്താക്കുകയായിരുന്നു. ബാങ്കിലെ കള്ളക്കളികള്‍ റിസര്‍വ് ബാങ്കിനെ അറിയിച്ചതിന്റെ പേരിലാണ് തന്നെ ബാങ്കില്‍നിന്നു പുറത്താക്കിയതെന്ന് കമ്മത്ത് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഈ കള്ളക്കളികള്‍ക്കു കൂട്ടുനില്‍ക്കുന്ന സമീപനമാണ് യൂണിയന്‍ നേതൃത്വം കൈക്കൊണ്ടത്. തൊഴില്‍ നഷ്ടപ്പെട്ട പിന്നീടുള്ള ജീവിതത്തില്‍ സഹായിക്കേണ്ട യൂണിയന്‍ നിരന്തരമായി തന്നെ ഉപദ്രവിക്കുകയായിരുന്നെന്ന് കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. 

സുഹൃത്തും അദ്ദേഹത്തിന്റെ അഭിഭാഷകനുമായിരുന്ന അഡ്വ. കെകെ അഷ്‌കര്‍ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പ്: 

അന്ത്യ യാത്ര....
എന്നെ മനസ്സിലാക്കാത്തവരുടെ ലോകത്തു നിന്നും, ഞാന്‍ മനസ്സിലാക്കാത്ത ലോകത്തിലേക്ക്... !
സാമാന്യ സാമൂഹിക സദാചാര മര്യാദകള്‍ നിത്യജീവിതത്തില്‍ പരിപാലിക്കപ്പെടണം എന്ന വാശിയാണ്, എന്റെ ജീവിതം ദുഷ്‌ക്കരം ആക്കിയത്.
സത്യസന്ധതയും നീതിയും നിയമങ്ങളും അതിന്റെ അക്ഷരാര്‍ത്ഥത്തില്‍ പുലരുന്ന ഒരു സമൂഹം ആണ് എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നതു.
ആ ഒരു ലോകസൃഷ്ടിക്ക് തന്നാലാവത് ശ്രമിക്കുക എന്റെ ലക്ഷ്യവും ആയി. ആ ശ്രമകരമായ ദൗത്യ നിര്‍വഹണം, പക്ഷെ, മിത്രങ്ങളെക്കാള്‍ ഏറെ ശത്രുക്കളെയാണ് എനിക്ക് സമ്മാനിച്ചത്.
ഇന്നത്തെ അളിഞ്ഞ കക്ഷി രാഷ്ട്രീയ കുടില തന്ത്രങ്ങളില്‍പെട്ട് മലീമസമായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തോടും എനിക്ക് പുച്ഛമാണ്. പറയുന്നത് ചെയ്യാനും, ചെയ്യുന്നത് പറയാനും ഉള്ള സുതാര്യത പാര്‍ട്ടിയിലും ട്രേഡ് യൂണിയനിലും യഥാര്‍ഥ്യമാക്കാന്‍, തൊഴിലാളി /യൂണിയന്‍ അംഗങ്ങളുടെ കൂട്ടായ്മ ശ്രദ്ധയോടെ പ്രവര്‍ത്തിച്ചാല്‍ സാധിക്കും. സ്വന്തം അനുഭവങ്ങളിലൂടെ സമര്‍ഥിക്കാനും ഒന്നര പതിറ്റാണ്ട് നേതൃനിരയില്‍ നിന്നുള്ള പ്രവര്‍ത്തനത്തിലൂടെ സാധിച്ചിട്ടുമുണ്ട്.
ലോകോത്തരമെന്ന് ഖ്യാതിയുള്ള, ഇന്ത്യയിലെ ബാങ്കുജീവനക്കാരുടെ ദേശീയ സംഘടനയായ AIBEAല്‍ AKBEF ലൂടെ അഫിലിയേഷന്‍ ഉണ്ടായിട്ടും, ലോര്‍ഡ് കൃഷ്ണ ബാങ്കില്‍ യൂണിയന്‍ പ്രവര്‍ത്തനം ക്ലച് പിടിക്കാതിരുന്ന ഒരു ദുര്‍ഘട മുഹൂര്‍ത്തത്തിലാണ്, അതിനെ നയിക്കാനുള്ള ഉത്തരവാദിത്തം എന്റെ ചുമലില്‍ വന്നുപെട്ടത്. ഈശ്വരനുഗ്രഹം കൊണ്ട്, ക്രമേണ സ്വയം സംഘടയെ അച്ചടക്കമുള്ളതാക്കി മാറ്റിക്കൊണ്ട് മുന്നേറ്റത്തിനു വേദി ഒരുക്കി.
ബാങ്കിനെ പറ്റിയും, അതിന്റെ ശക്തി ദൗര്‍ബല്യങ്ങളെപ്പറ്റിയും നന്നായി പഠിച്ചു. പലരോടും സംശയനിവാരണം വരുത്തി, ബാങ്കിന്റെ ആരോഗ്യവും വരുമാനവര്‍ധനവിനുള്ള ഉപാധികളും കണ്ടെത്തി, അവ കര്‍ക്കശ രൂപത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ജീവനക്കാരുടെ ഒത്തൊരുമ ഒരുക്കി, കൂട്ടായ പ്രവര്‍ത്തനം നടത്തി. ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ മാന്യമായി തരുന്നില്ലെങ്കില്‍,സംഘടിത ശക്തി ഉപയോഗിച്ചും നിയമപോരാട്ടങ്ങളിലൂടേയും അര്‍ഹമായവ നേടാന്‍ കഴിയും എന്ന് ആത്മധൈര്യത്തോടെ പ്രഖ്യാപിക്കാനുള്ള ശേഷി LKBEU നേടുന്നത്, ആ കാലഘട്ടത്തില്‍ ആണ്.
EPF ആക്ടിന്റെ പരിധിയില്‍ ആയിരിക്കെ, നിയമം സൗകര്യപൂര്‍വ്വം മറികടന്നു ജീവനക്കാര്‍ക്ക് നീതി നിഷേധിച്ചു വന്ന LKB മാനേജ്‌മെന്റുനെതിരെ 22ലക്ഷം രൂപ PF കോണ്ട്രിബൂഷന്‍ വീഴ്ച വരുത്തിയതിനു ബാങ്ക് ജപ്തി നടപടി ഉണ്ടായതു ഇന്ത്യന്‍ ബാങ്കിംഗ് ചരിത്രത്തില്‍ ആദ്യമാണ്.
മറ്റ് ബാങ്ക് ജീവനക്കാരുടെ ശമ്പളവും ആയി തട്ടിച്ചു നോക്കാന്‍ പോലും പറ്റാത്തത്ര കുറഞ്ഞവേതനം പറ്റി ജീവിച്ചു വന്ന LKB ക്കാരെ പ്രോത്സാഹിപ്പിച്ചു, ബാങ്ക് നിക്ഷേപ വര്‍ധനക്ക് സ്വയമേവ മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചു.
1940മുതല്‍ 1980 വരെ 40കൊല്ലം കൊണ്ട് നേടിയ 12. 5 കോടിരൂപയുടെ സ്ഥാനത്തു,വെറും 4, വര്‍ഷത്തെ ജീവനക്കാരുടെ ശ്രമഫലമായി 26. 5 കോടിരൂപയില്‍ എത്തിച്ചു. LKB യെ ' A ' ക്ലാസ്സ് ബാങ്ക് ആക്കി ഉയര്‍ത്തി. ജീവനക്കാര്‍ക്ക് മറ്റ് ബാങ്ക്കാര്‍ക്ക് ലഭ്യമായ സേവന വേതന വ്യവസ്ഥക്ക് അര്‍ഹരാക്കാന്‍, ഒരു പതിറ്റാണ്ടു നടത്തിയ പഠന നിരീക്ഷണ പ്രവര്‍ത്തനങ്ങളെ മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ കഴിയാതെ പോയത് അവരുടെ സ്വാര്‍ത്ഥത ഒന്നുകൊണ്ടുമാത്രം.
ഗ്രാറ്റുവിറ്റി വെട്ടിപ്പ് തടഞ്ഞതും, വെറും 5 രൂപ മാത്രം പ്രതിഫലം നല്‍കി വര്‍ഷങ്ങളോളം ദിവസവേതനക്കരെ ചൂഷണം ചെയ്യുന്നതും, മിനിമം വേജസ്സും മിനിമം ബോണസും വര്ഷങ്ങളോളം നിഷേധിച്ചിരുന്നത,് തുടങ്ങി പലതും നിയമ പോരാട്ടങ്ങളിലൂടെ അര്‍ഹതയുള്ളവര്‍ക്ക് നേടിക്കൊടുക്കാന്‍ LKBEU (AIBEA)വിനു സാധിക്കുന്നതും ആ കാലഘട്ടത്തില്‍ ആണ്.
അത് എന്റെ മാത്രം കഴിവല്ല ; എന്നാല്‍ എന്ത് വന്നാലും നേരിടാന്‍ തയ്യാറുള്ള നേതൃത്വം ഇല്ലാതെ അവ നേടാന്‍ കഴിയുമായിരുന്നെങ്കില്‍, എനിക്ക് മുന്നേ ആ വിഷയം പരിഹരിക്കാന്‍ കഴിഞ്ഞേനല്ലോ ?അല്ലെ ?

ബാങ്കുകളുടെ ആരോഗ്യസംരക്ഷണം :
1960ല്‍ ബാങ്കിംഗ് മേഖലയില്‍ ഉണ്ടായ അനിശ്ചിതത്വം, വീണ്ടും 1980ല്‍ =ബാങ്ക് ഓഫ് കൊച്ചിന്റെയും മറ്റും തകര്‍ച്ചകളാണ് AIBEA യെ ഗൗരവത്തില്‍ ബാങ്കുകളുടെ ആരോഗ്യ സംരക്ഷണം പരമപ്രധാന അജണ്ടയാക്കാനും, ബാങ്ക് തല യൂണിയനുകള്‍ക്ക് അതിന്റെ ഉത്തരവാദിത്തം പ്രത്യേകമായി ഏല്‍പ്പിക്കാനും നിര്‍ബന്ധിതരാക്കിയത്. 
ദൗര്ഭാഗ്യവശാല്‍ AIBEA ഏല്‍പ്പിച്ച ഉത്തരവാദിത്തം, അതിന്റെ എല്ലാ അര്‍ത്ഥത്തിലും വ്യാപ്തിയിലും നടപ്പാക്കിയ ഒരേഒരു ബാങ്ക്തല യൂണിയന്‍, LKBEU മാത്രമായി ചുരുങ്ങിയതാണ്, അതിനു നേതൃത്വം കൊടുത്തതിന്റെ പേരില്‍ നോട്ടപ്പുള്ളിയാകാന്‍ ഇടയാക്കിയത്.
02-05-2003ല്‍ AIBEA യുടെ അനിഷേധ്യ നേതാവ് ശ്രീ. താരകേശ്വര്‍ ചക്രബര്‍ത്തി അകാല ചരമം പ്രാപിച്ചതോടെ AIBEA ഉയര്‍ത്തിപ്പിടിച്ചുവന്ന ഉന്നത മൂല്യങ്ങള്‍ എല്ലാം അദ്ദേഹത്തോടൊപ്പം കുഴിച്ചുമൂടപ്പെടുന്ന സ്ഥിതി രൂക്ഷമായി.
ബാങ്കിലെ അഴിമതികളും പകല്‍ക്കൊള്ളകളും തെളിവുകള്‍ സഹിതം LKBEU സ്‌പെഷ്യല്‍ ജനറല്‍ മീറ്റിങ്-ചേര്‍ത്തല 21-10-2001എന്നെ പ്രത്യേകം അധികാരപ്പെടുത്തിയത്, അന്ന് AIBEA യുടെ കൂടി അനുമതി തേടിക്കൊണ്ട്, RBI ക്കും മറ്റും അയച്ചതിന്റെ പേരിലാണ് എന്നെ, 28-10-2002 ല്‍ LKB ഡിസ്മിസ് ചെയ്തത്.
താരകേശ്വറിന്റെ മരണത്തോടെ AIBEA ജനറല്‍ സെക്രട്ടറിയായി വന്ന ശ്രീ. ഇ. ഒ. വെങ്കടാചലം പക്ഷെ, അഴിമതിക്കാര്‍ക്ക് ഗുണകരമായ നയസമീപങ്ങള്‍ സ്വീകരിച്ചതോടെ ഞാനും എന്റെ കുടുംബവും പെരുവഴിയിലായി. ബാങ്കിംഗ് മേഖലയുടെ മൊത്തം തകര്‍ച്ചക്കും ആക്കം കൂട്ടുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും അദ്ദേഹത്തിനു ഒഴിഞ്ഞു മാറാന്‍ ആവില്ല. 28-10-2016ന് അയച്ച കത്ത് ഇത് വിശദമാക്കും
ആപത്തുകാലത്തു സഹായിച്ചു സഹകരിക്കേണ്ട ബാധ്യത ഉള്ള യൂണിയന്‍ നേതൃത്വമാകട്ടെ, സര്‍ക്കുലറുകളിലൂടെ വാഗ്ദാനങ്ങള്‍ നല്കിയതല്ലാതെ, സഹായിച്ചില്ല. എന്ന് മാത്രമല്ല വഞ്ചിച്ചു. അനോണിമസ് ലെറ്ററുകളും മറ്റും പ്രചരിപ്പിച്ചും വീട്ടിലേക്കയച്ചും കൂടാതെ ഫോണിലൂടെ വീട്ടുകാരെ നിരന്തരം ഭീഷണി പ്പെടുത്തിയും പീഡിപ്പിച്ചു ദ്രോഹിച്ചു.
ഈ ഘട്ടത്തിലും സംഘടന എന്നെ വിശ്വസിച്ചു ഏല്‍പ്പിച്ച ബാങ്ക് സംരക്ഷണം, പലരോടും ഫലത്തില്‍ ഭിക്ഷ തെണ്ടിക്കൊണ്ട് നടത്തി ഞാന്‍ മുന്നേറി.
1999-2000 ല്‍ മുംബയില്‍ നിന്നും കേരളത്തിലേക്ക് ഒഴുകിയ, മാറാട് കലാപത്തിന്റ്‌റെ ധന സ്രോതസ്സ് എന്ന് ആരോപണം ഉള്ള HAWALA പണത്തില്‍, 336ല്‍ 229 കോടി രൂപയും വന്നത് LKB വഴിക്കായിരുന്നു. അതിന്റെ തെളിവുകള്‍ സഹിതം പാര്‍ലമെന്റില്‍ Prof. A. K. Premajam M. P. വഴി എത്തിച്ചു. CBI, ED, Income -Tax dept. അന്വേഷണം തുടങ്ങിയതുമാണ്.
2000-2005 കാലത്തു കേരളത്തില്‍ കര്‍ഷക ആത്മഹത്യകാള്‍ വളരെയേറെ കൂടിയിരുന്നു. NABRD കാര്‍ഷിക മേഖലയില്‍ നല്‍കാന്‍ KSCARD Bank കാര്‍ഷിക വികസന ബാങ്ക്‌നെ ഏല്‍പ്പിച്ച ഫണ്ട് വകമാറ്റി സ്വകാര്യ ലാഭം ലക്ഷ്യം വെച്ച് KSCARD ബാങ്ക് അധികാരികള്‍ (കോണ്‍ഗ്രസ് ഭരണം, )LKB ല്‍ രഹസ്യമായി നിക്ഷേപിച്ചു സ്വാര്‍ത്ഥനേട്ടം നടത്തുന്നതു കണ്ടെത്തി, RBI വഴിയും കേരള സര്‍ക്കാര്‍ ( LDF മന്ത്രി ശ്രീ സുധാകരന്‍ )വഴിയും അന്വേഷണം നടത്തിയതോടെയാണ് ആ കള്ള രഹസ്യ കച്ചവടം പൊളിച്ചുകൊണ്ട് വീടും കര്‍ഷകരിലേക്ക് വായ്പ്പാ സഹായം ലഭ്യമാക്കിയത്. അതോടെ ആത്മഹത്യകള്‍ക്ക് വിരാമമിടാനും കഴിഞ്ഞു.
LKB ജീവനക്കാര്‍ക്ക് LIC annutiy വഴി പെന്‍ഷന്‍ ഉറപ്പാക്കാന്‍ അന്ന് LKB 7ല്‍ പരം കോടിരൂപ മുടക്കേണ്ടിയിരുന്നു. ഒരു വശത്തു സാവകാശം ചോദിക്കലും, മറുവശത്തു, കൊള്ളയടിക്കു ശേഷം ബാക്കി വന്നLKB ചണ്ടി ഏതെങ്കിലും വിധത്തില്‍ മറ്റ് ബാങ്കിന്റ്‌റെ തലയില്‍ തള്ളി, പത്ത് കാശു കൂടുതല്‍ അടിച്ചു മാറ്റാന്‍ പ്രൊമോട്ടര്‍ പുരി RBI ഉന്നതരുമായി ധാരണ എത്തി, LIC പ്രൊവിഷന്‍ വെക്കുന്നത് 2006വരെ സമയം നീട്ടി മേടിച്ചിരുന്നു. MP മാര്‍ തക്കസമയത്ത് സഹായിച്ചതുകൊണ്ട്, 2005ലെ ബാലന്‍സ് ഷീറ്റില്‍ തന്നെ പ്രൊവിഷന്‍ വെപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധിച്ചു. എന്നാലും പുരിയോടുള്ള RBI ഉന്നതരുടെ കള്ളക്കളിയാണ് 2005 ഒക്ടോബര്‍ 6ന് അരങ്ങേറിയ LKB യെ ഫെഡറല്‍ ബാങ്കില്‍ ലയിപ്പിച്ചു 450 കോടി രൂപ കൂടി പുരിക്ക് നേടിക്കൊടുക്കാനുള്ള RBI യുടെ രഹസ്യനീക്കം.
ശ്രീ. V. S. അച്യുതാനന്ദന്‍ അവര്‍കളുടെ സന്ദര്‍ഭോചിത ഇടപെടലോടെ ആ നീക്കം ഒരു മാസത്തിനുള്ളില്‍ പൊളിച്ചടുക്കാന്‍ BEFI യുടെ FBSU എന്നെ സഹായിച്ചു.
2005-2006 കാലത്തു യഥാര്‍ഥ്യങ്ങള്‍ മറച്ചുവെച്ചു, LKB യെ HDFC ല്‍ പിന്നെ,ICICI ബാങ്കിലും ലയിപ്പിക്കാനുള്ള RBI രഹസ്യ പദ്ധതി തകര്‍ക്കാന്‍ എനിക്ക് സാധിച്ചതാണ് ബാങ്ക് മാനേജ്‌മെന്റിനും, RBI ഉന്നതര്‍ക്കും, യൂണിയന്‍ നേതാക്കളായ ശ്രീ. ട. ട. പിള്ളക്കും, സംസ്ഥാന / ദേശീയ AIBEA നേതാക്കള്‍ക്കും എന്നോട് വൈരാഗ്യം വരാന്‍ കാരണം.
ബാങ്കിലെ നിക്ഷേപം 880 ല്‍ പരം കോടി രൂപ കൊള്ളയടിച്ച ഡല്‍ഹിയിലെ പുരി ഗ്രൂപ്പിന്റെ ഔദാര്യം പറ്റിക്കൊണ്ട്, ബാങ്കിനെയും നിക്ഷേപകാരെയും കൊള്ളയടിച്ചവരെ സംരക്ഷിക്കാന്‍ ഇക്കൂട്ടര്‍ കാട്ടുന്ന അതേ ആവേശം,
AIBEA ആഹ്വാനങ്ങള്‍ പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍ ഇന്ന് ഇന്ത്യന്‍ ബാങ്കിംഗ് മേഖല ഇത്ര ശോച്യാവസ്ഥയില്‍ പതിക്കുമായിരുന്നോ ?
ഇല്ല, ഇല്ലാ ഇല്ലേ ഇല്ല. എന്ന് തറപ്പിച്ചു പറയാന്‍ എനിക്ക് സാധിക്കും.
എല്ലാവരും ഒറ്റപ്പെടുത്തിയിട്ടും, നേരത്തെ ചൂണ്ടിക്കാട്ടിയതു കൂടാതെ, 300ല്‍ പരം കോടിരൂപ എനിക്ക് LKB ക്ക് നഷ്ടംവരുത്താതെ നോക്കാന്‍ കഴിഞ്ഞെങ്കില്‍, AIBEA യും നേതാക്കളും ഒപ്പമുണ്ടായിരുന്നങ്കില്‍ ഒരൊറ്റ പൈസ പോലും ബാങ്കിന് ബാങ്കിന് നഷ്ടപെടാതെ നോക്കാന്‍ സാധിച്ചെന് ല്ലോ ?
അങ്ങനെ എങ്കില്‍ ബാങ്കുകളില്‍ AIBEA പ്രതിനിധികളായി വര്‍ക്‌മെന്‍ ഡയറക്ടര്‍മാര്‍ കൂടിയുള്ള ബാങ്ക് തല സംഘടനകള്‍ എന്തുകൊണ്ട് ബാങ്ക് ധനം പൊതുജനനിക്ഷേപങ്ങള്‍ കൊള്ളയടി തുടരുന്നത് ചെറുക്കുന്നതില്‍ പരാജയപ്പെട്ടു എന്നറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശം ഇല്ലേ? ഒത്തുകളി തുടരുന്നതാണ്, ബാങ്കിംഗ് മേഖലയിലെ സര്‍വ നാശങ്ങള്‍ക്കും കാരണമെന്ന് തറപ്പിച്ചു പറയാന്‍ എനിക്ക് ആകും. ഈ വസ്തുതകള്‍ പറയേണ്ട വേദികളില്‍ തുറന്നു പറയാന്‍ ഞാന്‍ ധൈര്യം കാട്ടിയതു മുതലാണ് ഞാന്‍ പല നേതാക്കളുടെയും കണ്ണിലെ കരടായതും, അവര്‍ എന്നെ ഒറ്റപ്പെടുത്തി പീഡിപ്പിക്കാനും, എന്നെ AIBEA വിരുദ്ധന്‍, റിബല്‍ തുടങ്ങി പലപല വിശേഷണങ്ങള്‍ ചാര്‍ത്തി, പട്ടിണിക്കിടാന്‍പോലും തയ്യാര്‍ ആയതും. 
ഈശ്വര കൃപ ഒന്ന് കൊണ്ട് ഇതുവരെ പിടിച്ചുനിന്നു. 
നീണ്ട 16കൊല്ലം ഞാനും എന്റെ കുടുംബവും ഇവര്‍ കാട്ടിക്കൂട്ടിയ എല്ല മനുഷ്യാവകാശ ലംഘനങ്ങളും സഹിച്ചത് പോരെ ?
മനുഷ്യാവകാശ കമ്മീഷന് പരാതി കൊടുത്തിട്ടുണ്ട്.
ജീവിക്കാനും ബാങ്കിന്റെ ആരോഗ്യ സംരക്ഷണദൗത്യം നിര്‍വഹിക്കാനുമായി ഇതിനകം പലരോടായി ഇരന്നു മേടിച്ച 16 ലക്ഷത്തിലധികം തുക അവര്‍ക്ക് തിരികെ നല്‍കാന്‍ ഞാനും ബാധ്യധ്യസ്ഥനാണു.
LKBEU 2002ല്‍ നല്‍കിയ വാഗ്ദാനം അനുസരിച്ച് റിട്ടയര്‍മെന്റ് വരെ പൂര്‍ണ ശമ്പളവും (28-10-2002 മുതല്‍ 31-01-2010, വരെ ) അതിനു ശേഷം പെന്‍ഷന്‍ തുകക്ക് തുല്യമായതും LKBEU എനിക്ക് തരാന്‍ ബാധ്യസ്ഥര്‍ ആണ്. LKB തകര്‍ന്നപ്പോള്‍ CBoP ല്‍ ലയിപ്പിച്ചു. LKBEU അങ്ങനെ CBoPEU ആയി. ഇപ്പോള്‍ HDFCBEU ആണ്. AIBEA/AKBEF ഉള്‍പ്പെടെ നേതാക്കളോട് നേരിട്ടും ജസ്റ്റിസ്. V. R. കൃഷ്ണയ്യര്‍ ഉള്‍പ്പെടെ പലരും ഉപദേശിച്ചെങ്കിലും, നേതാക്കളുടെ മനസ്സലിഞ്ഞില്ല. 
അവര്‍ ക്രൂരത തുടര്‍ന്നു.
AIBEA ജനറല്‍ സെക്രട്ടറി ആകട്ടെ AIBEA എംബ്ലം LKBEU വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും എന്റെ യൂണിയന്‍ ലെറ്റര്‍ ഹെഡില്‍ ഉപയോഗിക്കുന്നതും തടഞ്ഞിരുന്നു.
വ്യക്തിപരമായി അഴിമതിക്കെതിരെ പ്രവര്‍ത്തിച്ചാലും കാമത്തു വിജയിക്കും. അന്ന് കമ്മത്തിന്റ്‌റെ ഫോട്ടോയില്‍ മാലചാര്‍ത്താന്‍ (റീത്ത് ) അദ്ദേഹത്തിനു സന്തോഷമേയുള്ളു എന്ന് പറഞ്ഞത്, AKBEF കോട്ടയം സമ്മേളനഹാളില്‍ 20ല്‍ പരം നേതാക്കളുടെ സാന്നിധ്യത്തിലും ആണ്.
ശ്രീ ഇ. ഒ. വെങ്കടാചലം അവര്‍കളുടെ ആഗ്രഹം സാധിക്കാന്‍ സ്വാഭാവിക മരണം ഇകാലമത്രയും ഞാനും കാത്തിരുന്നു. പക്ഷെ, ദൈവം അനുഗ്രഹിച്ചില്ല. അതുകൊണ്ട്, സ്വന്തമായി അതിനു ശ്രമിക്കുകയാണ്. പരാജിതനാകാതിരിക്കാന്‍, ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
എന്റെ സഹധര്‍മിണി ഗീത, മക്കള്‍, പേരക്കുട്ടികള്‍ ബന്ധുക്കള്‍ ആത്മസുഹൃത്ക്കള്‍ ഏവരോടും മാപ്പ് യാചിക്കുന്നു.
ഭാര്യയോടും മക്കളോടും പേരക്കുട്ടികളോടും അവര്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഭത്താവോ, അച്ഛനോ, അപ്പൂപ്പനോ ആകാന്‍ എന്റെ മാനസിക അവസ്ഥയും ഉത്തരവാദിത്തബാഹുല്യവും നിമിത്തം എനിക്ക് കഴിയാതെ വന്നിട്ടുണ്ട്. അതിനു എന്തുതന്നെ പ്രായശ്ചിത്തം ചെയ്താലും മതിയാവില്ല. എന്നോട് ക്ഷിമിക്കുക എന്ന് വിനീതമായി ഓരോരുത്തരോടും യാചിക്കുന്നു.
കടപ്പാട് :
തീര്‍ത്താല്‍ തീരാത്തത്ര കടപ്പാടുകള്‍ പലരോടും ഉണ്ട്. സാമ്പത്തികമായും അല്ലാതെയും മറ്റു പല രൂപത്തിലും സഹായിച്ചു സഹകരിച്ചാവകാരോടെല്ലാം എന്റെ ആത്മാവില്‍തട്ടിയുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.
ജോലിയും കൂലിയും ഒന്നും ഇല്ലാതിരുന്ന കാലത്ത്, എന്നെയും കുടുംബത്തെയും ജീവന്‍ നിലനിര്‍ത്താന്‍ സ്വന്തം പെന്‍ഷന്‍ തുകയും കൂടാതെ ഭര്‍ത്താവിന്റെ വരുമാനത്തില്‍ നിന്നുപോലും സാമ്പത്തിക സഹായം, 6 വര്‍ഷത്തോളം തന്നത്, എന്റെ ഇളയ സഹോദരി പള്ളുരുത്തിയിലെ വനജ വിജയേന്ദ്ര നായ്ക് ആണ്.
2010 ല്‍ പരിചയപ്പെടുന്നത്വരെ, ബാങ്കിലെ കേസില്‍ എല്ലാം നഷ്ടപ്പെട്ടു എന്ന് വിശ്വസിച്ചു, ആശ നഷ്ടപ്പെട്ടിരിക്കുകയായിരുന്നു, ഞാന്‍. പക്ഷെ, Adv. K. K. അഷ്‌കര്‍ കടന്നു വന്നതോടെ കഥയാകെ മാറി. നിരവധി മേഖലകളില്‍ മുന്നേറ്റം ഉണ്ടാക്കാനും തിരുത്തല്‍ നടപടികള്‍ എടുപ്പിക്കാനും സാധിച്ചു. HDFC ബാങ്കിന്റ്‌റെ ബാലന്‍സ് ഷീറ്റിലെ വഞ്ചനാപരമായ അക്കൗണ്ടിങ് സംബന്ധിച്ചു ശക്തമായ നിലപാട് എടുത്തു, തെറ്റ് തെറ്റുതിരുത്തല്‍ ശ്രമങ്ങള്‍ ബാങ്കില്‍ സ്വീകരിക്കേണ്ട നിര്‍ബന്ധം സാഹചര്യം സൃഷ്ടിക്കാന്‍ സാധിച്ചു. ഇന്‍കം ടാക്‌സു (TDS ) പിടിച്ചത്‌പോലും സര്‍ക്കാറിലേക്ക് അടക്കാതെ തിരിമറി നടത്തിയതിനു HDFC. Bank MD നേരിട്ട് ADDL. CJM കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് ആയി.
Adv. അഷ്‌കര്‍ എടുത്ത മാസങ്ങള്‍ നീണ്ട അത്യധ്വാനത്തിനു അനുസരിച്ച്ഉള്ള അഡ്വക്കേറ്റ് ഫീസ് കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.
Adv. ജോണ്‍ ജോസഫ്. 
വഴിയാണ് Adv. പ്രശാന്ത് ഭൂഷണ്‍ മായി ബന്ധപെടുന്നതും ബാങ്ക് അഴിമതികള്‍ക്കെതിരെ സുപ്രീം കോര്‍ട്ടില്‍ കേസ് ഫയല്‍ ചെയ്യാന്‍ നീക്കം നടന്നതും.
ചുരുങ്ങിയതു രണ്ട് ആഴ്ച ഡല്‍ഹിയില്‍ താമസിച്ചു, അഡ്വക്കേറ്റ്മാരെ കേസിന്റെ വിശദാംശങ്ങള്‍ പഠിപ്പിക്കണം എന്ന് വന്നപ്പോള്‍ ഞാന്‍ കുഴങ്ങി. സാമ്പത്തികവും ആരോഗ്യസ്ഥിതിയും പ്രശ്‌നമായി. ബ്രഹുത്തായ ഡോക്യുമെന്റ് ശേഖരം എല്ലാം സ്‌കാന്‍ ചെയ്തും ഹാര്‍ഡ് കോപ്പികള്‍ പ്രത്യേകം ഫയലുകള്‍ ആക്കിയും സ്പീഡ് പോസ്റ്റ് വഴി അയച്ചു കഴിഞ്ഞു. എന്നാല്‍ മറ്റു അസൗകര്യങ്ങള്‍ പ്രതിബന്ധമുണ്ടാക്കി.
ശ്രീ. B. T. ജോര്‍ജ്. 
യാദൃച്ഛികമായി BTH ല്‍ 2014ന് കണ്ടുമുട്ടിയത് മുതല്‍ എന്നെ ഏറെ സഹായിച്ചുവരുന്ന വ്യക്തിയാണ്. ഇതുവരെ ഞാന്‍ എഴുതി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പല ദിക്കിലും വിതരണം ചെയ്തു സഹായിച്ചുവരുന്നു. ബാക്കിയുള്ളവയും വിറ്റുതീര്‍ത്തു, കോര്പറേഷന്‍ ബാങ്കലെ എന്റെ പേരിലുള്ള (ഒരു ലക്ഷത്തോളം )ലോണ്‍ തീര്‍ക്കാന്‍ സഹായിക്കാന്‍ അപേക്ഷ. Adv. ജോണ്‍ ജോസഫ് എനിക്ക് തരാനുള്ള തുകയും ഈ ലോണ്‍ ക്ലോസ് ചെയ്യാന്‍ ഉപയോഗിക്കാന്‍ അപേക്ഷ.
പ്രിന്റിംഗ് നടത്തിയും അദ്ദേഹത്തിന്റെ പഴയ മൊബൈല്‍ തന്ന് എ്‌ന്നെയും സോഷ്യല്‍ മീഡിയ യുടെ ഭാഗമാകാന്‍ സഹായിച്ചു സഹകരിച്ച ശ്രീ കൃഷ്ണ കുമാര്‍ (prism prints ), മൊബൈല്‍ ഉപയോഗവും മറ്റും കഷ്ടപ്പെട്ട് എന്നെ പഠിപ്പിക്കാന്‍ സന്മനസ്സ് കാട്ടിയ മൊബൈല്‍ ടെക് എക്‌സ്‌പേര്‍ട് ശ്രീ സലാഹുമുഹമ്മദ് (Ad്.ജോണ്‍ ജോസഫ്ന്റ്‌റെ വോട്ടേഴ്‌സ് അലൈന്‍സില്‍ ജോലി) തുടങ്ങിയവര്‍ക്കെല്ലാം ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള കൃതഞ്ഞത.
' ലോക സമസ്ത :
സുഖിനോ ഭവന്തു :'
എന്ന പ്രാര്‍ത്ഥനയോടെ, 
ഏവരോടും ക്ഷമയാചിച്ചുകൊണ്ട് വിട പറയുന്നു.
നന്ദി, നമസ്‌കാരം !
V. P. Kamath. 
13-12-2017

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com