'വൈശാഖനും കെ.പി. മോഹനനും അവാര്‍ഡ് കച്ചവടക്കാര്‍'; അവാര്‍ഡുകള്‍ക്കായി നെട്ടോട്ടമോടുന്ന സാഹിത്യകാരന്‍മാരെ പരിഹസിച്ച് ടി.പത്മനാഭന്‍

പുരസ്‌കാര സമിതിയുടെ തലപ്പത്തിരുന്ന് അവാര്‍ഡുകള്‍ സ്വന്തമാക്കുന്നവരേയും അദ്ദേഹം കളിയാക്കി
'വൈശാഖനും കെ.പി. മോഹനനും അവാര്‍ഡ് കച്ചവടക്കാര്‍'; അവാര്‍ഡുകള്‍ക്കായി നെട്ടോട്ടമോടുന്ന സാഹിത്യകാരന്‍മാരെ പരിഹസിച്ച് ടി.പത്മനാഭന്‍

കോഴിക്കോട്: അവാര്‍ഡ് ഒപ്പിച്ചെടുക്കാന്‍ നെട്ടോട്ടമോടുന്ന സാഹിത്യകാരന്‍മാരെ പരിഹസിച്ച് എഴുത്തുകാരന്‍ ടി. പത്മനാഭന്‍ രംഗത്ത്. കോഴിക്കോട് സര്‍ഗോത്സവം ഉദ്ഘാടനവേദിയിലാണ് അദ്ദേഹം താന്‍ ഉള്‍പ്പെടുന്ന സാഹിത്യലോകത്തെ ഒന്നടങ്കം വിമര്‍ശിച്ചത്. അവാര്‍ഡുകള്‍ക്ക് പിന്നാലെ ഓടുന്ന താനടക്കമുള്ള കേരളത്തിലെ സാഹിത്യകാരന്മാര്‍ക്കും 'സോ കോള്‍ഡ്' സാംസ്‌കാരിക നായകര്‍ക്കും കേരളത്തിലെ സ്‌കൂള്‍ കലോത്സവങ്ങളിലെ മത്സരബുദ്ധിയേയും അംഗീകാരം തരപ്പെടുത്താനുള്ള ത്വരയേയും വിമര്‍ശിക്കാനും അധിക്ഷേപിക്കാനുമുള്ള അര്‍ഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു.

താന്‍ ചില്ലറ സാഹിത്യമൊക്കെ കുറിച്ചിടുന്ന ആളാണെന്നും എന്നാല്‍ കൂടുതല്‍ സമയവും അവാര്‍ഡുകള്‍ നേടാനുള്ള നെട്ടോട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹിത്യ അക്കാദമിയിലെ വൈശാഖനും കെ.പി. മോഹനനുമെല്ലാം വലിയ 'അവാര്‍ഡ് കച്ചവടക്കാരാണ്'. താന്‍ വേണ്ടതുപോലെ സോപ്പിടാറുള്ളതിനാല്‍ അവര്‍ തനിക്ക് അവാര്‍ഡ് തരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരുവരേയും വേദിയില്‍ ഇരുത്തിക്കൊണ്ടായിരുന്നു പരിഹാസം. 

പുരസ്‌കാര സമിതിയുടെ തലപ്പത്തിരുന്ന് അവാര്‍ഡുകള്‍ സ്വന്തമാക്കുന്നവരേയും അദ്ദേഹം കണക്കിന് കളിയാക്കി. ഒരു പുരസ്‌കാരത്തിന്റെ യോഗ്യത നിര്‍ണയിക്കുന്നത് അതിന്റെ സംഖ്യനോക്കിയാണ്. പത്മരാജന്‍ പുരസ്‌കാര സമിതിയുടെ സ്ഥിരം ചെയര്‍മാന്‍ താനെന്നും എന്നിട്ടും നാണമില്ലാതെ പുരസ്‌കാരം കൈയടക്കിയെന്നും അദ്ദേഹം പറഞ്ഞു. 

ഭാരവാഹികള്‍ പുരസ്‌കാരം ഏറ്റെടുക്കാന്‍ പാടില്ലെന്ന് അതിന്റെ ബൈലോയില്‍ നിയമമുണ്ട്. എന്നാല്‍ പുരസ്‌കാരം കിട്ടാനായി ഒരു വര്‍ഷം നീങ്ങി നില്‍ക്കും. അവാര്‍ഡ് കിട്ടിയതിന് ശേഷം വീണ്ടും അതിന്റെ ചെയര്‍മാനാകും. സാഹിത്യ അക്കാദമിയിലും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com