ഐഎസില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടതായി വാട്ട്‌സാപ്പില്‍ സന്ദേശം

കാസര്‍ഗോഡുനിന്നും കാണാതായ മുഹമ്മദ് അഷ്ഫാഖ് മജീദ് എന്നയാളാണ് സന്ദേശമയച്ചത്
പാലക്കാടുനിന്നും കാണാതായ ബ്രെക്‌സണും(ഈസ) ബെസ്റ്റിനും(യഹിയ). ഇതില്‍ ബെസ്റ്റിന്‍(യഹിയ) കൊല്ലപ്പെട്ടതായാണ് വിവരം
പാലക്കാടുനിന്നും കാണാതായ ബ്രെക്‌സണും(ഈസ) ബെസ്റ്റിനും(യഹിയ). ഇതില്‍ ബെസ്റ്റിന്‍(യഹിയ) കൊല്ലപ്പെട്ടതായാണ് വിവരം

കാസര്‍ഗോഡ്: ഐഎസില്‍ ചേര്‍ന്നതായി കരുതുന്ന പാലക്കാട് സ്വദേശിയായ യഹിയ എന്ന ബെസ്റ്റിന്‍ കൊല്ലപ്പെട്ടതായാണ് വിവരം ലഭിച്ചത്. കാസര്‍ഗോഡുനിന്നും കാണാതായവരുടെ ബന്ധുക്കള്‍ക്ക് വാട്ട്‌സാപ്പ് സന്ദേശം വഴിയാണ് വിവരം ലഭിച്ചത്. കാസര്‍ഗോഡുനിന്നും കാണാതായ മുഹമ്മദ് അഷ്ഫാഖ് മജീദ് എന്നയാളാണ് സന്ദേശമയച്ചത്.
യഹിയയെക്കൂടാതെ യഹിയയുടെ ഭാര്യ, സഹോദരന്‍ ഈസ, ഈസയുടെ ഭാര്യ എന്നിവരാണ് പാലക്കാടുനിന്നും ഐഎസില്‍ ചേര്‍ന്നിരുന്നത്. ഇതില്‍ ഈസയുടെ ഭാര്യയാണ് തിരുവനന്തപുരത്തുനിന്നും കാണാതായ നിമിഷ. നിമിഷയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്നുണ്ടായ വിവാദത്തില്‍നിന്നാണ് മലയാളികളുടെ സംഘം ഐഎസില്‍ ചേര്‍ന്നുവെന്ന് പുറംലോകമറിഞ്ഞത്.
പാലക്കാടുനിന്നുള്ളവര്‍ക്കുപുറമെ കാസര്‍ഗോഡുനിന്നും, ഇപ്പോള്‍ സന്ദേശമയച്ച മുഹമ്മദ് അഷ്ഫാഖ് മജീദ്, പടന്നയിലെ ഡോക്ടര്‍ ഇജാസ്, ഭാര്യ റിഫൈല, രണ്ടുവയസ്സുള്ള കുഞ്ഞ്, ഇജാസിന്റെ അനുജന്‍ ഷിഫാസ്, ഷിഫാസിന്റെ ഭാര്യ അജ്മല, തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റഷീദ് അബ്ദുള്ള, ഭാര്യ ആയിഷ, രണ്ടു വയസ്സുള്ള കുഞ്ഞ്, ഹഫീസുദ്ദീന്‍, മര്‍വാന്‍ ഇസ്മയില്‍, ഫിറോസ് എന്നിങ്ങനെ 16 പേരെയാണ് ഐഎസില്‍ ചേര്‍ന്നതായി വിവരം ലഭിച്ചത്.
തൃക്കരിപ്പൂര്‍ സ്വദേശിയായ ഹഫീസുദ്ദീന്‍ നേരത്തെ കൊല്ലപ്പെട്ടതായി സന്ദേശമെത്തിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ നടന്ന ഒരു ഡ്രോണ്‍ ആക്രമണത്തിലാണ് ഹഫീസുദ്ദീന്‍ കൊല്ലപ്പെട്ടത് എന്നായിരുന്നു അന്ന് വിശദീകരണമുണ്ടായത്.
മലയാളികളുടെ ഐഎസില്‍ ചേരല്‍ സംഭവവുമായി ബന്ധപ്പെട്ട് എന്‍ഐഎയും റോയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്ധുക്കളില്‍നിന്നും മറ്റും വിവരങ്ങള്‍ അന്വേഷിക്കുകയും മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. മലയാളികളായ ഇവര്‍ ഐഎസില്‍ ചേര്‍ന്നതായി എന്‍ഐഎയും സ്ഥിരീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com