വാഹനം ഇടിച്ച് മരിക്കുന്നവരും ഗുണ്ടാ കുടിപ്പകയുടെ ഭാഗമായി മരിച്ചവരും ബിജെപി അക്രമത്തില്‍ കൊല്ലപ്പെട്ടവരല്ലെന്ന് കുമ്മനം

പിണറായി വിജയന്‍ അധികാരത്തിലെത്തിയ ശേഷം തൃശൂരിലും മലപ്പുറത്തും രാഷ്ട്രീയ കൊലപാതക കേസില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതികളായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല -  സമാധാന ശ്രമങ്ങളുമായും ബിജെപി സഹകരിക്കും
വാഹനം ഇടിച്ച് മരിക്കുന്നവരും ഗുണ്ടാ കുടിപ്പകയുടെ ഭാഗമായി മരിച്ചവരും ബിജെപി അക്രമത്തില്‍ കൊല്ലപ്പെട്ടവരല്ലെന്ന് കുമ്മനം

തിരുവനന്തപുരം: കേരളത്തില്‍ വാഹനം ഇടിച്ച് മരിക്കുന്നവരും ഗുണ്ടാ കുടിപ്പകയുടെ ഭാഗമായി മരിക്കുന്നവരുമൊക്കെ ബിജെപി അക്രമത്തില്‍ കൊല്ലപ്പെടുന്നവരായി ചിത്രീകരിക്കുന്നത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച് സിപിഎം പോളിറ്റ്ബ്യുറോ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്തതാണ്. ഇതില്‍ പറയുന്ന കണക്കുകള്‍ എവിടെ നിന്ന് കിട്ടിയെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കണമെന്നും കുമ്മനം പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച കണക്കില്‍ 18 കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. അതില്‍ തന്നെ 14 എണ്ണവും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസുകളാണ്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് ഷിബു, ജിഷ്ണു എന്നിവരെ കൊന്ന കേസില്‍ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കന്‍മാര്‍ പ്രതികളാണ്. മാത്രവുമല്ല ഇത് ഗുണ്ടാ കുടിപ്പകയാണെന്ന് പൊലീസ് തന്നെ കണ്ടെത്തിയിട്ടുമുണ്ട്. ആലപ്പുഴയില്‍ തന്നെ മുഹമ്മദ് മുഹസിന്‍ കൊല്ലപ്പെട്ടത് ഏതോ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തിലാണ്. ആലപ്പുഴയിലെ അനന്ദു കൊല്ലപ്പെട്ടത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വഴക്കിന് ശേഷമാണ്. കണ്ണൂരിലെ പിണറായിയില്‍ സിവി രവീന്ദ്രന്‍ മരിച്ചത് വാഹനം കയറിയാണെന്ന് പൊലീസ് തന്നെ കണ്ടെത്തിയിട്ടുണ്ട്. ഈ കേസുകളിലൊന്നും ഒറ്റ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളുമല്ല. പിന്നെങ്ങനെയാണ് ഇതിന്റെയൊക്കെ ഉത്തരവാദിത്തം ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കാവുന്നതെന്നും കുമ്മനം പറഞ്ഞു.

പിണറായി വിജയന്‍ അധികാരത്തിലെത്തിയ ശേഷം തൃശൂരിലും മലപ്പുറത്തുമൊന്നും രാഷ്ട്രീയ കൊലപാതക കേസില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതികളായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഉത്തരേന്ത്യന്‍ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ തയ്യാറാക്കിയ വാര്‍ത്താക്കുറിപ്പ് കേരളത്തില്‍ വിതരണം ചെയ്യാതിരിക്കാനെങ്കിലും സിപിഎം ശ്രദ്ധിക്കണമായിരുന്നു. ഇത്തരം കള്ളപ്രചരണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനേ ഉപകരിക്കുമെന്നും ഏത് സമാധാന ശ്രമങ്ങളുമായും ബിജെപി സഹകരിക്കുമെന്നും കുമ്മനം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com