ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്; പരാതിയില്ലെന്ന് നടി കോടതിയില്‍

ജീന്‍ പോള്‍ ലാലും ശ്രീനാഥ് ഭാസിയും ഉള്‍പ്പെടെ നാലു പ്രതികള്‍ക്കും എതിരായ കേസ് തുടരാന്‍ താത്പര്യമില്ലെന്ന് നടി കോടതിയെ അറിയിച്ചു
ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്; പരാതിയില്ലെന്ന് നടി കോടതിയില്‍

കൊച്ചി: ഹണീബി ടു സിനിമയില്‍ തന്റെ അനുവാദമില്ലാതെ ബോഡി ഡ്യൂപ്പ് ഉപയോഗിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്. ജീന്‍ പോള്‍ ലാലും ശ്രീനാഥ് ഭാസിയും ഉള്‍പ്പെടെ നാലു പ്രതികള്‍ക്കും എതിരായ കേസ് തുടരാന്‍ താത്പര്യമില്ലെന്ന് നടി കോടതിയെ അറിയിച്ചു. ജീന്‍ പോള്‍ ലാലിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ നല്‍കിയ സത്യവാങ്മൂലത്തിലാണ് നടി കേസില്‍ മലക്കം മറിഞ്ഞത്.

ജീന്‍ പോള്‍ ലാലടക്കം നാല് പേര്‍ക്കുമെതിരെ പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്നും ഇവര്‍ക്കു ജാമ്യം നല്‍കരുതെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നടിയുടെ അനുവാദമില്ലാതെ അവരുടെ മുഖവും മറ്റൊരു നടിയുടെ ശരീരവും ചേര്‍ത്തുവയ്ക്കുന്ന ബോഡി ഡബിള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമായതായി പൊലീസ് വ്യക്തമാക്കിയിരുന്നു. 

ഹണീബീ ടു എന്ന ചിത്രത്തില്‍ നടിയുടെ അനുമതിയില്ലാതെ ബോഡി ഡബിളിങ് നടത്തുകയും പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയതുവെന്നാണ് പരാതി. ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന കുമ്പളത്തെ ഹോട്ടലില്‍ പൊലീസ് തെളിവെടുപ്പു നടത്തിയിരുന്നു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ക്കു തെളിവുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പൊലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് നടിയുടെ സത്യവാങ്മൂലം കോടതിയില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ നടിയോ നടിയുടെ അഭിഭാഷകനോ കോടതിയില്‍ ഹാജരായിട്ടില്ല.

ഹണീബീ ടു എന്ന ചിത്രത്തില്‍ തന്റെ അനുമതിയില്ലാതെ ബോഡി ഡബിളിങ് നടത്തിയെന്നാണ് പരാതി. ശരീരപ്രദര്‍ശനം നടത്തുന്ന രംഗത്തില്‍ അഭിനയിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നതായി നടി പറയുന്നു. ഇതിന്റെ പേരില്‍ ചിത്രത്തില്‍നിന്ന് ഒഴിവാക്കി. പിന്നീട് ഡ്യൂപ്പിനെ വച്ച് അഭിനയിപ്പിച്ച് തന്റേതെന്ന മട്ടില്‍ ചിത്രത്തില്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തി. ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും ചോദിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി. ജീന്‍പോള്‍ ലാലും നടന്‍ ശ്രീനാഥ് ഭാസിയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പരാതി.

മധ്യസ്ഥതയിലൂടെ പ്രശ്‌നം പരിഹരിച്ചെന്നാണ് നടി സത്യവാങ്മൂലത്തില്‍ അറിയിച്ചിരിക്കുന്നത്. നടിയുടെ സത്യവാങ്മൂലം പരിശോധിച്ച ജില്ലാ കോടതി കേസ് 16ലേക്കു മാറ്റി. എന്നാല്‍ ക്രിമിനല്‍ കേസ് ആയതിനാല്‍ പരാതിക്കാരിയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ അവസാനിപ്പിക്കുമോയെന്നു വ്യക്തമല്ല. നേരത്തെ ദിലീപ് പ്രതിയായ കേസില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേരു വെളിപ്പെടുത്തിയെന്ന പരാതിയില്‍ അജുവര്‍ഗീസിനെതിരായ നടപടികള്‍ അവസാനിപ്പിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. അജു വര്‍ഗീസിനെതിരെ കേസ് അവസാനിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് നടി സത്യവാങ്മൂലം നല്‍കിയ പശ്ചാത്തലത്തിലായിരുന്നു കോടതി നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com