സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനെതിരായ നീക്കം അനുവദിക്കരുത്: ടി.ജെ.എസ്.

പൊലീസും രാഷ്ട്രീയ നേതൃത്വവും മാധ്യമ പ്രവര്‍ത്തനത്തില്‍ ഇടപെടുന്ന സ്ഥിതി ഉണ്ടാകാതിരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണം
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനെതിരായ നീക്കം അനുവദിക്കരുത്: ടി.ജെ.എസ്.

തിരുവനന്തപുരം: മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിന്റെ അഭിമുഖവുമായി ബന്ധപ്പെട്ട കേസില്‍ സമകാലിക മലയാളം വാരികയേയും അതിലെ മാധ്യമ പ്രവര്‍ത്തകരേയും പ്രതികളാക്കാനുള്ള നീക്കം സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനെതിരായ നീക്കമാണെന്നു വിഖ്യാത മാധ്യമ പ്രവര്‍ത്തകനും 'ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസ്' എഡിറ്റോറിയല്‍ ഉപദേഷ്ടാവുമായ ടി.ജെ.എസ്. ജോര്‍ജ്ജ്. കേസരി സ്മാരക പത്രപ്രവര്‍ത്തക ട്രസ്റ്റിന്റെ പ്രഥമ കേസരി സ്മാര പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സമ്മാനിച്ചു.


മുന്‍ പൊലീസ് മേധാവിയുടെ അഭിമുഖം മലയാളം വാരിക തികഞ്ഞ ഉത്തരവാദിത്ത്വത്തോടെയാണ് പ്രസിദ്ധീകരിച്ചത്. അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് അദ്ദേഹത്തിനു വിരുദ്ധാഭിപ്രായവുമില്ല. എന്നാല്‍, മുന്‍ പൊലീസ് മേധാവിയുമായി രാഷ്ട്രീയ മേധാവികള്‍ക്കും ഇപ്പോഴത്തെ പൊലീസ് മേധാവിക്കുമുള്ള പ്രശ്‌നങ്ങളുടെ പേരില്‍ മലയാളം വാരികയേയും മാധ്യമ പ്രവര്‍ത്തകരേയും കൂടി കേസില്‍പ്പെടുത്തുകയാണ്. അത് അംഗീകരിക്കാനാകില്ല. ഇത് മലയാളം വാരിക മാത്രം അഭിമുഖീകരിക്കുന്ന പ്രശ്‌നമായിക്കണ്ട് മറ്റ് മാധ്യമങ്ങള്‍ മാറിനില്‍ക്കരുതെന്നും ഏതു മാധ്യമ സ്ഥാപനത്തിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാവുന്ന പ്രശ്‌നമാണെന്നു മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസും രാഷ്ട്രീയ നേതൃത്വവും മാധ്യമ പ്രവര്‍ത്തനത്തില്‍ ഇടപെടുന്ന സ്ഥിതി ഉണ്ടാകാതിരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണം.


മാധ്യമരംഗത്തും അഴിമതി വ്യാപകമാവുകയാണെന്ന് ടി.ജെ.എസ്. അഭിപ്രായപ്പെട്ടു. ഇത് മാധ്യമരംഗത്തെ ദുഷിപ്പിക്കും. സമൂഹത്തിന്റെ മറ്റെല്ലാ മേഖലകളിലുമെന്നപോലെ മാധ്യമരംഗത്തും അഴിമതി പിടിമുറുക്കുന്നതു തിരിച്ചറിയുകയും ചെറുക്കുകയും ചെയ്യേണ്ടതു മുഖ്യമായും മാധ്യമ പ്രവര്‍ത്തകര്‍ തന്നെയാണ്. പണം വാങ്ങി വാര്‍ത്ത പ്രസിദ്ധീകരിക്കുകയും പ്രസിദ്ധീകരിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണത രാജ്യമെമ്പാടും മാത്രമല്ല, കേരളത്തില്‍പ്പോലും ഉണ്ട്. സാമൂഹിക തിന്മകള്‍ക്കെതിരെ ശക്തമായി നിലകൊള്ളേണ്ട മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ആ നിലപാടില്‍നിന്നു പിന്നോട്ടു പോകാന്‍ ഇത്തരം അഴിമതി ഇടയാക്കും. അദ്ദേഹം താക്കീതു ചെയ്തു.


മികവുറ്റ വ്യക്തികളെ ആദരിക്കുന്നതിനു പകരം ഇകഴ്ത്തുന്ന രീതി മാധ്യമങ്ങള്‍ക്കുണ്ടെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. താന്‍ ടെലിവിഷന്‍ കാണുന്നതു നിര്‍ത്തി. പത്രങ്ങളാണ് ഇനിയുള്ളത്. അവയുടേയും ചില പേജുകള്‍ പരദൂഷണത്തിനു മാത്രമായി നീക്കിവച്ചിരിക്കുന്നതുകൊണ്ട് എല്ലാ പേജുകളും വായിക്കാറില്ല. ഇംഗ്‌ളീഷില്‍ എഴുതി ലോകശ്രദ്ധ നേടിയ മാധ്യമ പ്രവര്‍ത്തകനായിട്ടും മലയാളത്തില്‍ അതിമനോഹരമായി എഴുതാനുള്ള ടി.ജെ.എസ്. ജോര്‍ജ്ജിന്റെ പ്രതിഭയ്ക്കു തെളിവാണ് ഘോഷയാത്ര എന്ന മനോഹരമായ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന് അടൂര്‍ പറഞ്ഞു. ശശി തരൂര്‍ എം.പി, ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍, ദി ഹിന്ദു കേരള ചീഫ് സി ഗൗരീദാസന്‍ നായര്‍, കേസരി സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ സി. റഹീം, ട്രഷറര്‍ പി. ശ്രീകുമാര്‍, എന്‍.വി. രവീന്ദ്രനാഥന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com