ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ സത്യാഗ്രഹം

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭാ കവാടത്തില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ സത്യാഗ്രഹം  - വിപി സജീന്ദ്രന്‍, ഷാഫി പറമ്പില്‍, റോജിഎം ജോണ്‍. ടിവി ഇബ്രാഹിം, എം ഷംസുദ്ദീന്‍ എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ സത്യാഗ്രഹം

തിരുവനന്തപുരം: കെ കെ ശൈലജ മെഡിക്കല്‍ ബില്‍ അവതരിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ എംഎല്‍എമാര്‍. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭാ കവാടത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാരുടെ നേതൃത്വത്തില്‍ സത്യാഗ്രഹം ആരംഭിച്ചു. രാജിവെക്കും വരെ പ്രതിഷേധം തുടരനാണ് എംഎല്‍എമാരുടെ തീരുമാനം. ബില്‍ അവതരിപ്പിക്കുന്നതിനെ തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം മെഡിക്കല്‍ ബില്‍ കീറിയെറിയുകയും ചെയ്തു.

വിപി സജീന്ദ്രന്‍, ഷാഫി പറമ്പില്‍, റോജിഎം ജോണ്‍. ടിവി ഇബ്രാഹിം, എം ഷംസുദ്ദീന്‍ എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. സ്വാശ്രയ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനും മാനേജ്‌മെന്റിനും നേരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ലളിതമായി പരിഹരിക്കാവുന്ന വിഷയം സങ്കീര്‍ണമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു

സര്‍ക്കാരിന്റേയും മാനേജ്‌മെന്റിന്റേയും കടുംപിടുത്തമാണ് മെഡിക്കല്‍ പ്രവേശനം സങ്കീര്‍ണമാക്കിയത്. വിദ്യാര്‍ഥികളുടെ ഭാവി നോക്കാതെയാണ് സര്‍ക്കാരും മാനേജ്‌മെന്റും കൊമ്പ് കോര്‍ക്കുന്നതെന്നും കോടതി പറഞ്ഞു. സുപ്രീംകോടതി ആരെ സംരക്ഷിക്കാന്‍ പറഞ്ഞോ അവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ല. ഫീസ് പ്രശ്‌നം ഇപ്പോള്‍ ആകെ കുഴഞ്ഞു മറിഞ്ഞിരിക്കുകയാണ്. എന്‍ആര്‍ഐ സീറ്റില്‍ കൂടുതല്‍ ഫീസ് വാങ്ങാമെന്ന സുപ്രീംകോടതി വിധിയും നടപ്പിലാക്കുന്നില്ല.  അലോട്ട്‌മെന്റ് കുഴഞ്ഞ് മറിഞ്ഞിരിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ആശങ്ക ആരും മനസിലാക്കുന്നില്ല. സ്വകാര്യ കോളെജുകളിലെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് എന്തുകൊണ്ടെന്നും ഹൈക്കോടതി ചോദിച്ചു.

അഞ്ച് ലക്ഷം രൂപ ഏകീകൃത ഫീസായി നിശ്ചയിച്ച ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ നീക്കത്തെ ചോദ്യം ചെയ്ത് സ്വാശ്രയ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com