'ലവ് ജിഹാദ്' തന്നെയെന്ന് എന്‍ഐഎയുടെ പ്രാഥമിക വിലയിരുത്തല്‍; വിവാഹത്തെക്കുറിച്ച് ഹാദിയ പറഞ്ഞത് കള്ളം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th August 2017 08:51 AM  |  

Last Updated: 28th August 2017 05:58 PM  |   A+A-   |  

Hadiya_case_760x400

ന്യൂഡല്‍ഹി:  അഖില ഹാദിയയുടെ കേസില്‍ നടന്നിരിക്കുന്നത് ലൗ ജിഹാദ് തന്നെയെന്ന് എന്‍ഐഎയുടെ പ്രഥമിക വിലയിരുത്തല്‍. കുടുംബവുമായ അകല്‍ച്ച പാലിക്കുന്ന പെണ്‍കുട്ടികളെ വൈകാരികമായി സ്വാധീനിച്ച് ഇസ്ലാം മതത്തിലേക്ക് ചേര്‍ക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് ചെയ്യുന്നതെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

2016ല്‍ പിതാവിനും, കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഹാദിയ അയച്ച നാല് കത്തുകളില്‍ ഹാദിയ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും, കത്ത് എഴുതിയിരിക്കുന്നത് മറ്റാരൊക്കെയോ ആണ്. ഈ കത്തുകളില്‍ ഹാദിയയുടെ പേരിന്റെ സ്‌പെല്ലിങ് വ്യത്യസ്തമായാണ് എഴുതിയിരിക്കുന്നത്. ഹാദിയ അല്ല ഈ കത്തുകള്‍ എഴുതിയിരിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാകുന്നതായാണ് എന്‍ഐഎയുടെ നിഗമനം. 

ഹാദിയയുടെ കേസിന് പുറമെ, ഇസ്ലാം മതത്തിലേക്ക് മാറ്റപ്പെട്ട ആതിര എന്ന പാലക്കാട്ടുകാരിയുടെ കേസും എന്‍ഐഎ ഇതിനോടൊപ്പം അന്വേഷിക്കുന്നുണ്ട്. ഹാദിയ കേസിലും, ആതിര കേസിലും ആരോപണം നേരിടുന്ന ഒരേ വ്യക്തികളുണ്ട്. ആതിരയെ പ്രലോഭിപ്പിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റിയ സൈനബ എന്ന വ്യക്തി തന്നെയാണ് ഹാദിയയേയും ഇസ്ലാമിലേക്ക് എത്തിച്ചത്. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, മര്‍ക്കസുല്‍ ഹിദയ എന്നീവയുടെ സഹായത്തോടെയായിരുന്നു സൈനബയുടെ നീക്കങ്ങള്‍. 

ഹാദിയ പിതാവിനും പൊലീസിനും അയച്ച കത്തുകള്‍ ചൂണ്ടിക്കാട്ടിയാണ് നിര്‍ബന്ധിത പരിവര്‍ത്തനം ഹാദിയയുടെ കേസില്‍ നടന്നിട്ടില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് വാദിക്കുന്നത്. എന്നാല്‍ ഹാദിയയുടേയും, ആതിര നമ്പ്യാരുടേയും കേസുകള്‍ താരതമ്യം ചെയ്യുമ്പോള്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം നടന്നിരിക്കുന്നുവെന്ന വ്യക്തമായ സൂചനയാണ് എന്‍ഐഎയ്ക്ക് ലഭിക്കുന്നത്. 

കോളെജിലെ സുഹൃത്തുക്കളെ കണ്ടാണ് അഖില ഇസ്ലാം മതത്തിലേക്ക് മാറാന്‍ സ്വമേധയാ തീരുമാനിച്ചത്. സൈനബ ഇസ്ലാം മതത്തിലേക്ക് മാറാന്‍ ഹാദിയയെ സഹായിക്കുക മാത്രമായിരുന്നു ചെയ്തതെന്നാണ് പോപ്പുലര്‍ ഫ്രണ്ട് വക്താവ് ഷഫിഖ് റഹ്മാന്റെ വാദം. 

വിവാഹത്തിന് മുന്‍പ് ഹാദിയ സൈനബയുടെ കൂടെയാണ് താമസിച്ചിരുന്നത്. സൈനബയാണ് ഷാഫിനുമായുള്ള ഹാദിയയുടെ വിവാഹത്തിന് മുന്‍കൈ എടുത്തത്. ഹാദിയയുടെ മാതാപിതാക്കളേയോ, കേരള ഹൈക്കോടതിയേയോ അറിയിക്കാതെ സൈനബയും ഇവരുടെ ഭര്‍ത്താവും ചേര്‍ന്ന് ഷാഫിനുമായുള്ള ഹാദിയയുടെ വിവാഹം നടത്തുകയായിരുന്നു. 

വേ ടു നിക്കാഹ് എന്ന വെബ്‌സൈറ്റിലൂടെയാണ് തങ്ങള്‍ പരസ്പരം കണ്ടെത്തിയതെന്നാണ് ഷെഫിനും ഹാദിയയും പറഞ്ഞിരുന്നത്. എന്നാല്‍ വിവാഹത്തിന് മുന്‍പ് ഹാദിയയും, ഷെഫിനും പരസ്പരം പ്രൊഫൈലുകള്‍ വേടുനിക്കാഹ്.കോം എന്ന സൈറ്റില്‍ നോക്കിയിട്ടില്ലെന്നും എന്‍ഐഎയ്ക്ക് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

മറ്റൊരു എസ്ഡിപിഐ പ്രവര്‍ത്തകനായ മുനിര്‍ വഴിയാണ് ഹാദിയയ്ക്ക് ഷെഫിന്റെ വിവാഹാലോചന വരുന്നത്. ഹാദിയയുടെ മത പരിവര്‍ത്തനവും, വിവാഹവും കേരളത്തില്‍ ഒറ്റപ്പെട്ട സംഭവം അല്ലെന്നും, പോപ്പുലര്‍ ഫ്രണ്ടിന്റേയും, എസ്ഡിപിഐയുടേയും ആസുത്രിതമായ നീക്കങ്ങളാണ് ലവ് ജിഹാദിലേക്ക് നയിക്കുന്നതെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

ഹാദിയ, ആതിര എന്നീ കേസുകളെ ബന്ധിപ്പിക്കുന്ന മറ്റൊരാളാണ് പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകനായ മുഹമ്മദ് കുട്ടി. ഇയാള്‍ സൈനബയ്‌ക്കൊപ്പം ഹാദിയയുടെ സുഹൃത്തിന്റെ പിതാവിനെ കണ്ട് ഹാദിയയെ ഇസ്ലാം മത പഠനത്തിന് കൊണ്ടു പോകുന്ന കാര്യം സംസാരിച്ചിരുന്നു.

2016 ജനുവരി മുതല്‍ വ്യത്യസ്ത സ്ഥലങ്ങളിലാണ് സൈനബ ഹാദിയയെ താമസിപ്പിച്ചത്. ഹാദിയയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനും ബന്ധുക്കള്‍ക്കും ലഭിക്കാതിരിക്കാനായിരുന്നു ഇത്. 2016 മെയ് മുതല്‍ സൈനബ ഉള്‍പ്പെടെ 11 പേര്‍ ആതിരയെ ലക്ഷ്യം വെച്ച് മതം മാറ്റത്തിന് ശ്രമിച്ചിരുന്നതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തെരിബിയതുല്‍ ഇസ്ലാം സഭ, ഹാദിയ ഇസ്ലാമിക പഠനം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് 2016 ജൂലൈ 25ന് ഹാദിയയ്ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ തെരിബിയതുല്‍ ഇസ്ലാം സഭയിലെത്തി ഹാദിയ ക്ലാസുകളില്‍ പങ്കെടുത്തിട്ടില്ലെന്നും, പരീക്ഷ എഴുതാന്‍ മാത്രമാണ് ഹാദിയ എത്തിയതെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.