ശക്തി കുറഞ്ഞ് ഓഖി നീങ്ങി, 92 പേര്‍ കാണാമറയത്ത്; തിരച്ചില്‍ ഇന്നും തുടരും

കോസ്റ്റ് ഗാര്‍ഡിനൊപ്പം മത്സ്യ തൊഴിലാളികളും കടലില്‍ ഇറങ്ങിയായിരിക്കും തിരച്ചില്‍ തുടരുക
ശക്തി കുറഞ്ഞ് ഓഖി നീങ്ങി, 92 പേര്‍ കാണാമറയത്ത്; തിരച്ചില്‍ ഇന്നും തുടരും

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ മത്സ്യ തൊഴിലാളികള്‍ക്ക് വേണ്ടി ഇന്നും തിരച്ചില്‍ തുടരും. കോസ്റ്റ് ഗാര്‍ഡിനൊപ്പം മത്സ്യ തൊഴിലാളികളും കടലില്‍ ഇറങ്ങിയായിരിക്കും തിരച്ചില്‍ തുടരുക. 

കടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും നിര്‍ദേശിച്ചിരുന്നു. കോസ്റ്റ് ഗാര്‍ഡിനൊപ്പം നാവിക, വ്യോമ സേനകളെ ഏകോപിപ്പിച്ചായിരിക്കും തിരച്ചില്‍.

92 പേരെ ഇനിയും കണ്ടെത്താന്‍ ഉണ്ടെന്നാണ് കണക്ക്. ഇവര്‍ മറ്റേതെങ്കിലും തീരത്ത് എത്തിയിട്ടുണ്ടാകുമോ എന്നും അധികൃതര്‍ പരിശോധിക്കുന്നുണ്ട്. അതിനിടെ തിരുവനന്തപുരം  മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ രതീഷ് ആണ് മരിച്ചത്. ഇതോടെ ഒഖിയില്‍ മരിച്ചവരുടെ എണ്ണം 32 ആയി.

40 പേരാണ് ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലുള്ളത്. തിരുവനന്തപുരത്ത് എത്തിച്ച 11 പേരുടേയും, കൊല്ലത്തെത്തിയ ഒരാളുടേയും മൃതദേഹം ഇതുവരെ  തിരിച്ചറിഞ്ഞിട്ടില്ല. ഉറ്റവരെ കാണാതായവരുടെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കാനാണ് അധികൃതരുടെ നീക്കം.

ഓഖി ചൊവ്വാഴ്ച രാത്രിയോടെ ഒഖി ഗുജറാത്ത് തീരത്തെത്തും. ശക്തമായ മഴയായിരിക്കും ഗുജറാത്ത് തീരത്തുണ്ടാവുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയിലും ഒഖിയുടെ അലയൊലികള്‍ ഉണ്ടാകുമെന്നതിനാല്‍ സ്‌കൂളുകളും കോളെജുകളും ചൊവ്വാഴ്ച അടച്ചിടണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com