ഓഖി; കരയിലേക്കെത്തിച്ചത് ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യം

തിരുവനന്തപുരത്തെ തീരക്കടലിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയിരിക്കുന്നത് ടണ്‍ കണക്കിനു പ്ലാസ്റ്റിക് മാലിന്യങ്ങളാണ്.
മുംബൈ തീരത്തെ മാലിന്യത്തിന്റെ ചിത്രം
മുംബൈ തീരത്തെ മാലിന്യത്തിന്റെ ചിത്രം

ഓഖി ദുരന്തത്തിന്റെ കണക്ക് പുറത്തുവരുന്നതിന് മുമ്പ് മറ്റൊരു കണക്ക് എത്തിയിട്ടുണ്ട്. ഓഖി കൊടുംങ്കാറ്റ് മൂലം കടല്‍ തീരത്തെത്തിയ മാലിന്യത്തിന്റെ കണക്ക്. തിരുവനന്തപുരത്തെ തീരക്കടലിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയിരിക്കുന്നത് ടണ്‍ കണക്കിനു പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. രണ്ടുദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ് പ്രവര്‍ത്തകരാണ് ചിത്രം പകര്‍ത്തിയത്.

ചുഴലിക്കാറ്റിനെത്തുടര്‍ന്നു വേളിയിലേയും പനത്തുറയിലേയും പൊഴികള്‍ മുറിഞ്ഞതോടെ നഗരത്തിലെ മാലിന്യത്തോടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് മുഴുവന്‍ കടലിലെത്തുകയായിരുന്നു. ഇത് ഏറ്റവും കൂടുതല്‍ ജൈവസമ്പത്തുള്ള തീരക്കടലിന്റെ അടിത്തട്ടിലാണ് അടിയുന്നത്.

കടലിന്റെ ജൈവവ്യവസ്ഥിതിയെ ഈ മാലിന്യങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്ന് സംഘടന പറയുന്നു. ജൈവവ്യവസ്ഥിതിയിലുണ്ടാകുന്ന മാറ്റം അപകടകരമായ ന്യൂനമര്‍ദങ്ങള്‍ക്കു വഴിവയ്ക്കാമെന്ന് യുഎന്‍ ഓഷ്യന്‍ കോണ്‍ഫറന്‍സില്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായി എഫ്എംഎല്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍ റോബര്‍ട്ട് പനിപ്പിള്ള പറഞ്ഞു.

അതേസമയം ഓഖി ചുഴലിക്കാറ്റ് മൂലം എണ്‍പതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് മുംബൈ ബീച്ചുകളില്‍ അടിഞ്ഞ് കൂടിയത്. വെര്‍സോവ, ജൂഹു ബീച്ചുകളിലാണ് ഏറ്റവും കൂടുതല്‍ മാലിന്യക്കൂമ്പാരങ്ങളുള്ളത്. ഇവിടങ്ങളില്‍ യഥാക്രമം 15,000 കിലോ, 10,000 കിലോ മാലിന്യങ്ങളാണുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com