കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രതികള്‍ ;  ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു

ഒരേ വസ്തുകകളുടെ അടിസ്ഥാനത്തില്‍ വിവിധ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിച്ചത് അനീതിയാണെന്നാണ് പ്രതികളുടെ വാദം
കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രതികള്‍ ;  ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു

ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. കേസ് നാലാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് പ്രതികളായ കസ്തൂരി രംഗ അയ്യരും വി ശിവദാസനും കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ഒരു മാസത്തെ സമയം വേണമെന്ന് കസ്തൂരം രംഗ അയ്യര്‍ കോടതിയെ അറിയിച്ചു. അഭിഭാഷകന് വ്യക്തിപരമായ അസൗകര്യങ്ങളുള്ളതിനാല്‍ കേസ് പരിഗണിക്കുന്നത് മാറ്റണമെന്ന് മറ്റൊരു പ്രതിയായ വി ശിവദാസനും കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് പരിഗണിച്ച് കോടതി കേസ് കേള്‍ക്കുന്നത് മാറ്റിവെക്കുകയായിരുന്നു.

ലാവലിന്‍ കേസില്‍ ആഗസ്റ്റ് 23 ന് പിണറായി വിജയന്‍, ഊര്‍ജ്ജ സെക്രട്ടറി മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. അതേസമയം കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ വി ശിവദാസന്‍, ജനറേഷന്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ കസ്തൂരം രംഗ അയ്യര്‍ എന്നിവര്‍ക്കെതിരായ കുറ്റം നിലനില്‍ക്കുമെന്നും, ഇവര്‍ക്കെതിരായ വിചാരണ തുടരാമെന്നും വിധിച്ചിരുന്നു. ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് ഇരുപ്രതികളും സുപ്രീംകോടതിയെ സമീപിച്ചത്. 

ഒരേ വസ്തുകകളുടെ അടിസ്ഥാനത്തില്‍ വിവിധ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിച്ചത് അനീതിയാണെന്നാണ് പ്രതികളുടെ വാദം. കേസില്‍ പിണറായി വിജയനെ സിബിഐ തെരഞ്ഞുപിടിച്ച് വേട്ടയാടുകയായിരുന്നെന്നും ജസ്റ്റിസ് പി ഉബൈദ് വിധിന്യായത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി ഒപ്പിട്ട കരാറാണ് കേസിന് ആസ്പദം. ലാവലിന് കരാര്‍ നല്‍കിയതില്‍ പ്രത്യേക താല്‍പ്പര്യമുണ്ടെന്നും, ഇതുവഴി സംസ്ഥാനത്തിന് 374 കോടിയുടെ നഷ്ടമുണ്ടായെന്നുമാണ് കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com