ഹോമിയോ സമൂഹം വിശ്വാസമര്‍പ്പിക്കുന്ന ചികിത്സാ ശാഖ; പ്രചാരണങ്ങള്‍ ബോധപൂര്‍വമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

ഹോമിയോയ്ക്ക് എതിരായ പ്രചാരണത്തിനു പിന്നില്‍ ഔഷധക്കമ്പനികളാണെന്നു സംശയിക്കേണ്ടതെന്നും മന്ത്രി
ഹോമിയോ സമൂഹം വിശ്വാസമര്‍പ്പിക്കുന്ന ചികിത്സാ ശാഖ; പ്രചാരണങ്ങള്‍ ബോധപൂര്‍വമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

കോഴിക്കോട്: സമൂഹം വിശ്വാസമര്‍പ്പിക്കുന്ന ചികിത്സാ ശാഖയാണ് ഹോമിയോപ്പതിയെന്നും അതിനെതിരെ ബോധപൂര്‍വമായ പ്രചാരണം നടക്കുകയാണെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍. ഹോമിയോയ്ക്ക് എതിരായ പ്രചാരണത്തിനു പിന്നില്‍ ഔഷധക്കമ്പനികളാണെന്നു സംശയിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഡോ. കെ എസ് പ്രകാശം സ്മാരക സ്വര്‍ണമെഡല്‍ ഡോ. പൂജ പ്രകാശിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഏതു ചികിത്സാശാഖ വേണമെന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കാണ്. അലോപ്പതി ഔഷധക്കമ്പനികളാണ് ഏത് മരുന്ന് വിപണിയില്‍ ഇറക്കണമെന്ന് തീരുമാനിക്കുന്നത്. ഡോക്ടര്‍മാരോ  ഗവേഷകരോ അല്ല. കേന്ദ്ര ആരോഗ്യനയം പാവപ്പെട്ടവരെ സഹായിക്കുന്നതല്ല. ഭരണകൂടം പൊതുജനാരോഗ്യത്തിനുവേണ്ടി ചെലവഴിക്കുന്ന പണം നാമമാത്രമാണ്. ചികിത്സാചെലവിന്റെ 62 ശതമാനവും പാവപ്പെട്ടവര്‍തന്നെ കണ്ടെത്തണമെന്നതാണ് അവസ്ഥ. ചികിത്സ കിട്ടാതെ രോഗി പിടഞ്ഞു മരിക്കേണ്ടിവരുന്ന സ്ഥിതിയുണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.

ഡോ. പ്രകാശം അനുസ്മരണത്തിന്റെ ഭാഗമായി അളകാപുരിയിലായിരുന്നു ചടങ്ങ്. മുന്‍മന്ത്രി ബിനോയ് വിശ്വം അധ്യക്ഷനായി. പ്രൊഫ. ശോഭീന്ദ്രന്‍, പി വി ഗംഗാധരന്‍, ഡോ. എം ഇ പ്രേമാനന്ദ് എന്നിവര്‍ സംസാരിച്ചു.

ആരോഗ്യം, രോഗം, ചികിത്സ, പ്രതിരോധം, മനുഷ്യാവകാശം എന്നീ വിഷയങ്ങളില്‍ ചര്‍ച്ചയുമുണ്ടായി. ഡോ. പ്രസാദ് ഉമ്മന്‍ ജോര്‍ജ്, ഡോ. പി എസ് കേദാര്‍ നാഥ്, ഡോ. പി ജി ഹരി എന്നിവര്‍ സംസാരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com