ഞാന്‍ തെരുവില്‍ ജീവിക്കുന്ന, മണ്ണില്‍ ചവിട്ടി നടക്കുന്ന നടനാണ്; എന്നെയാരും ദേശസ്‌നേഹം പഠിപ്പിക്കണ്ട; അലന്‍സിയര്‍

ഒരു സംഘികളും എന്നെ ദേശ സ്‌നേഹം പഠിപ്പിക്കണ്ട.' അലന്‍സിയര്‍ വ്യക്തമാക്കി.
ഞാന്‍ തെരുവില്‍ ജീവിക്കുന്ന, മണ്ണില്‍ ചവിട്ടി നടക്കുന്ന നടനാണ്; എന്നെയാരും ദേശസ്‌നേഹം പഠിപ്പിക്കണ്ട; അലന്‍സിയര്‍

ഭരണാധികാരികള്‍ക്കും ഭരണകൂടത്തിനും ഭ്രാന്ത് പിടിക്കുന്ന കാലത്ത് കലാകാരന്മാര്‍ക്കും ഭ്രാന്തു പിടിക്കേണ്ടതുണ്ടെന്ന് നടന്‍ അലന്‍സിയര്‍. മതത്തിന്റെയും ജാതിയുടേയും പേരില്‍ വടക്കുനിന്നുള്ളവര്‍ കണ്ണ് ചൂഴ്‌ന്നെടുക്കാനും കഴുത്തറുക്കാനും ജാഥ നടത്തുമ്പോള്‍ തെക്കുനിന്ന് പ്രതിരോധത്തിന്റെ ജാഥയാണ് താന്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടന്ന 'വിയോജിപ്പിന്റെ പാരമ്പര്യം' എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു അലന്‍സിയര്‍ വിവിധ വിഷയങ്ങള്‍ പ്രതികരിച്ചത്.

'ഞാനൊരു നടനാണ്, താരമല്ല. താരങ്ങള്‍ ആകാശത്താണ്. അവര്‍ക്ക് തെരുവിലേക്ക് വരാന്‍ പേടിയാണ്. പക്ഷെ ഞാന്‍ തെരുവില്‍ ജീവിക്കുന്ന, മണ്ണില്‍ ചവിട്ടി നടക്കുന്ന നടനാണ്. നാട്ടില്‍ നടക്കുന്നതെന്തെന്ന് വിളിച്ചു പറയാന്‍ ഓരോ കലാകാരനും ഉത്തരവാദിത്തമുണ്ട്. നാട്ടില്‍ അസഹിഷ്ണുത വളരുന്ന കാലത്ത്, ഞാനും ഒരു അസഹിഷ്ണുവായി മാറേണ്ടതുണ്ട്.'- അലന്‍സിയര്‍ പറഞ്ഞു.

'ചെറുപ്പം തൊട്ടേ താന്‍ അനീതികള്‍ക്കെതിരെ തന്റേതായ ഭാഷയില്‍ പ്രതികരിക്കാറുള്ളവനായിരുന്നു. ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നത് താനൊരു സിനിമാക്കാരനായതുകൊണ്ടാണ്'- അദ്ദേഹം പറഞ്ഞു.

'സ്‌കൂള്‍ അസംബ്ലിയില്‍ സ്ഥിരമായി പത്രം വായിച്ചിരുന്നത് ഞാനായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് നടന്ന അസംബ്ലിയില്‍ എന്നോട് പത്രം വായിക്കേണ്ടെന്ന് മാഷ് പറഞ്ഞു. അന്ന് പ്രതിജ്ഞന ചൊല്ലാന്‍ പറ്റില്ലെന്നു പറഞ്ഞുകൊണ്ട് അസംബ്ലിയില്‍ നിന്നും ഇറങ്ങിപ്പോന്നവനാണ് ഞാന്‍. ഒരു സംഘികളും എന്നെ ദേശ സ്‌നേഹം പഠിപ്പിക്കണ്ട.' അലന്‍സിയര്‍ വ്യക്തമാക്കി.

തനിക്ക് കഥയെഴുതാനോ കവിതയെഴുതാനോ പ്രസംഗിക്കാനോ അറിയില്ല, ഒരു നടനെന്ന നിലയില്‍ തന്റെ ശരീരമുപയോഗിച്ചാണ് പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'തെരുവിലിറങ്ങി ഞാന്‍ പ്രതിഷേധിക്കാറുണ്ട് എന്റെ ശരീരംകൊണ്ട്. എന്റേത് ഒരു പുരുഷ ശരീരമായതുകൊണ്ട് ആളുകള്‍ എന്നെ വെറുതെ വിടുന്നു. പക്ഷെ സാമൂഹ്യ മാധ്യമങ്ങളിലൂടെ എന്റെ അമ്മയേയും ഭാര്യയേയും അവര്‍ അസഭ്യം പറയുന്നു. അവരുടേത് സ്ത്രീ ശരീരങ്ങളാണല്ലോ.'

'പണ്ട് സിനിമാ താരങ്ങള്‍ സെക്രട്ടറിയേറ്റിലേക്ക് ഒരു ജാഥ നടത്തുകയുണ്ടായി. അവരുടെ എന്തോ ആവശ്യത്തിനു വേണ്ടിയായിരുന്നു അത്. യൂണിവേഴ്റ്റി കോളേജിന് മുമ്പിലെത്തിയപ്പോള്‍ കല്ലേറായിരുന്നു ജാഥയ്ക്ക് നേരെ. അവര്‍ കരുതിയത് പൂച്ചെണ്ടുകള്‍ നല്‍കി ജാഥയെ സ്വീകരിക്കുമെന്നായിരുന്നു. ഞാന്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയല്ല. പക്ഷെ, അന്ന് ഓടിയതാണ് താരങ്ങള്‍ തെരുവില്‍ നിന്ന്. പിന്നീടവര്‍ തെരുവിലേക്ക് ഇറങ്ങിയിട്ടില്ല.' അലന്‍സിയര്‍ പറഞ്ഞു.

എന്‍എസ് മാധവന്‍, അമൃത് ഗംഗര്‍, അനൂപ് സിങ്, സദാനന്ദ് മേനോന്‍ എന്നിവരും 'വിയോജിപ്പിന്റെ പാരമ്പര്യം' എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചിരുന്നു. താന്‍ അലന്‍സിയര്‍ എന്ന കലാകാരന്റെ ആരാധകനാണ് എന്നാണ് പരിപാടിയില്‍ പങ്കെടുത്ത എന്‍എസ് മാധവന്‍ പറഞ്ഞത്. 

'ബാബറി മസ്ജിദ് തകര്‍ത്ത് 25 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഈ തലമുറ അത് മറന്നിരിക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത് സിനിമയില്‍ നിന്നും ഉണ്ടായ ഏക പ്രതിഷേധ സ്വരം ഗായകന്‍ കിഷോര്‍ കുമാറിന്റേതായിരുന്നുവെന്നും, മലയാളി എഴുത്തുകാരായ അക്കിത്തമെല്ലാം അടിയന്തരാവസ്ഥയെ പിന്തുണയ്ക്കുകയായിരുന്നു അക്കാലത്ത് ചെയ്തത്' എന്‍.എസ് മാധവന്‍ തുറന്നടിച്ചു. 

ഇന്നും സിനിമയില്‍ നിന്നുണ്ടാകുന്ന നിശബ്ദതയെക്കുറിച്ചും അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ബിജെപി ട്രോളുകളെക്കാള്‍ കഷ്ടമാണ് മമ്മൂട്ടി ട്രോളുകള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com