വിമന്‍ ഇന്‍ കളക്റ്റീവല്ല, വിമന്‍ ഇന്‍ സെലക്ടീവ്; താരസംഘടനയെ വിമര്‍ശിച്ച് പിസി വിഷ്ണുനാഥ്

വിമന്‍ ഇന്‍ കലക്ടീവല്ല വിമന്‍ ഇന്‍ സെലക്ടീവെന്നാണ് ഈ സംഘടനയ്ക്ക് പേരിടേണ്ടതെന്നാണ് വിഷ്ണുനാഥ് പറഞ്ഞത്. 
വിമന്‍ ഇന്‍ കളക്റ്റീവല്ല, വിമന്‍ ഇന്‍ സെലക്ടീവ്; താരസംഘടനയെ വിമര്‍ശിച്ച് പിസി വിഷ്ണുനാഥ്

മലയാള ചലച്ചിത്രമേഖലയിലെ പുതിയ വനിതാ സംഘടനയായ വിമന്‍ ഇന്‍ കലക്ടീവിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. വിമന്‍ ഇന്‍ കലക്ടീവല്ല വിമന്‍ ഇന്‍ സെലക്ടീവെന്നാണ് ഈ സംഘടനയ്ക്ക് പേരിടേണ്ടതെന്നാണ് വിഷ്ണുനാഥ് പറഞ്ഞത്. 

'ദേശീയ അവാര്‍ഡ് കിട്ടിയ ഒരു നടിയെ ക്ഷണിച്ചതിനെക്കുറിച്ച് വിവാദമുണ്ടായപ്പോള്‍ അക്കാദമിയുടെ ചെയര്‍മാന്‍ പറഞ്ഞത് പാസ് അടിച്ച് വച്ചിട്ടുണ്ടായിരുന്നു വീട്ടില്‍ പോയി വിളിക്കാന്‍ പറ്റില്ല എന്നാണ്. വീട്ടില്‍ പോയി തന്നെ വിളിക്കണം. ഈ അക്കാദമിക്ക് ഒരു വര്‍ഷത്തിലുള്ള ഏക ജോലി, ഈ ഫെസ്റ്റിവലും, ഒരു ചലച്ചിത്ര അവാര്‍ഡ് വിതരണവും, ഒരു ടെലിവിഷന്‍ അവാര്‍ഡു വിതരണവും മാത്രമാണ്. ഇവിടെയുള്ള സ്റ്റാഫിലാരെങ്കിലും പോയി അവരെ ക്ഷണിക്കണമായിരുന്നു. 

ദേശീയ അവാര്‍ഡ് ജേതാവല്ലെ അവര്‍. വിമന്‍ ഇന്‍ കളക്ടീവ് എന്നു പറയുന്ന ഒരു സംഘടന രൂപീകരിച്ചിട്ടുണ്ട്. അവരുപോലും ഈ പ്രശ്‌നം ഉന്നയിച്ചില്ല. അത് വിമന്‍ ഇന്‍ കളക്ടീവ് അല്ല. വിമന്‍ ഇന്‍ സെലക്ടീവ് ആണ്. കലക്ടീവായിരുന്നെങ്കില്‍ ഈ പ്രശ്‌നത്തിന് അവര്‍ ഒരു പരിഹാരം കാണുമായിരുന്നു. 

ഇവിടെ സിനിമയിലെ സ്ത്രീപ്രാതിനിധ്യത്തെക്കുറിച്ച് നടന്ന ഓപ്പണ്‍ ഫോറത്തില്‍ പോലും ദേശീയ അവാര്‍ഡ് കിട്ടിയ സ്ത്രീക്ക് ഒരു കസേര  കൊടുത്തില്ല. അതിനെക്കുറിച്ച് ചോദിക്കേണ്ടത് വിമന്‍ ഇന്‍ കലക്ടീവ് എന്ന സംഘടനയായിരുന്നു പക്ഷേ അവര്‍ അതില്‍ ഇടപെട്ടില്ല. ആ സംഘടനയെക്കുറിച്ച് നല്ല ഒരു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ല'. വിഷ്ണുനാഥ് പറഞ്ഞു.

'ഈ പ്രാവശ്യം അപേക്ഷിച്ച എല്ലാവര്‍ക്കും ഡെലിഗേറ്റഡ് പാസ് കിട്ടിയില്ല. ഒരു വര്‍ഷം കാത്തിരുന്നിട്ടാണ് ഈ ഫെസ്റ്റിവലില്‍ വരാന്‍ പല സിനിമാസ്‌നേഹികള്‍ക്കും ഒരു അവസരം ലഭിക്കുന്നത്. പാസ് കിട്ടിയവര്‍ക്ക് പലപ്പോഴും സിനിമ കാണാന്‍ കഴിയുന്നില്ല.  ഇത്തവണത്തെ മേള വല്ലാതെ അച്ചടക്കം അടിച്ചേല്‍പ്പിക്കുന്ന മേളയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പാട്ട്, ഡാന്‍സ്, തെരുവുനാടകം ഇവയൊക്കെ ഇവിടെ അരങ്ങേറിയിരുന്നു. 

സിനിമ നടക്കുന്ന സമയത്താണ് മതത്തിന്റെ പേരില്‍ ഒരാളെ വെട്ടി പച്ചയ്ക്ക് കത്തിക്കുന്നത്. ഒരു പ്രതികരണവും ഉണ്ടായില്ല. ഒരു മെഴുകുതിരി കത്തിച്ചു പിടിക്കാന്‍ പോലും ഒരാളും ഉണ്ടായില്ല. ഇവിടെ ബഹളം ഉണ്ടാക്കി എന്ന് പറഞ്ഞ് ആളുകളെ പൊലീസ് അറസ്റ്റ് ചെയ്യുന്നു'. വിഷ്ണുനാഥ് പറഞ്ഞു. 

'ഇന്നലെ മിന്നാമിനുങ്ങ് എന്ന ചിത്രം കണ്ടു. അതിനു പകരം ഫെസ്റ്റിവലില്‍ മല്‍സരത്തിനു കൊണ്ടുവന്ന രണ്ടു പേര്‍ എന്ന ചിത്രവും കണ്ടു. മിന്നാമിനുങ്ങ് എന്ന സിനിമയുടെ ഏഴയലത്തു പോലും ആ സിനിമ നില്‍ക്കില്ല. ദേശീയ പുരസ്‌കാരം കിട്ടിയ സിനിമയാണ് മിന്നാമിനുങ്ങ്. ആ സിനിമയ്ക്ക് ഒരു പരിഗണനയും കൊടുക്കാതെ പ്രദര്‍ശിപ്പിക്കാന്‍ പോലും കഴിയാതെ ഒരു  സമാന്തര പ്രദര്‍ശനം ഈ മതിലിനപ്പുറത്ത് നടത്തേണ്ടി വന്ന സാഹചര്യമൊക്കെ ഒഴിവാക്കാമായിരുന്നു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com