ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം ; സരിതയുടെ കത്തും വിശദാംശങ്ങളും ചര്‍ച്ച ചെയ്യുന്നതിന് വിലക്ക്

രണ്ടുമാസത്തേക്കാണ് വിലക്ക്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല
ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം ; സരിതയുടെ കത്തും വിശദാംശങ്ങളും ചര്‍ച്ച ചെയ്യുന്നതിന് വിലക്ക്


കൊച്ചി : സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഉമ്മന്‍ചാണ്ടിക്ക് ഇടക്കാലാശ്വാസം. സോളാര്‍ കത്തില്‍ ഉള്‍പ്പെടുത്തിയ സരിത എസ് നായരുടെ കത്തും കത്തിലെ വിശദാംശങ്ങളും ചര്‍ച്ച ചെയ്യുന്നത് കോടതി വിലക്കി. രണ്ടുമാസത്തേക്കാണ് വിലക്ക്. മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും അടക്കം ഉത്തരവ് ബാധകമാണ്. അതേസമയം കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സര്‍ക്കാരിന് തുടര്‍ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. 

രാവിലെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതി മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അനുചിതമായി. നേതാക്കളുടെ പ്രതിച്ഛായ മോശമാകുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ല. വിചാരണക്ക് മുമ്പ് എങ്ങനെ നിഗമനങ്ങളിലെത്താനാകുമെന്നും കോടതി ചോദിച്ചു. സരിതയുടേത് ആരോപണങ്ങള്‍ മാത്രമാണ്. ഹര്‍ജിക്കാരന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകനായ കപില്‍ സിബല്‍ വാദിച്ചു. 

ഹര്‍ജി പരിഗണിക്കുന്നതില്‍നിന്നു ജഡ്ജി ഷാജി പി ചാല മാറിയതിനാല്‍, ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.  സരിതയുടെ കത്തും അതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ നടത്തിയ പ്രതികൂല പരാമര്‍ശങ്ങളും റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. സര്‍ക്കാര്‍ ഏല്‍പിച്ച പരിഗണനാവിഷയങ്ങള്‍ മറികടന്നാണ് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് ആക്ഷേപം. 

സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങള്‍ സ്വേച്ഛാപരവും മൗലികാവകാശ ലംഘനവുമാണ്. തന്റെ പൊതുജീവിതത്തിനു കളങ്കമുണ്ടാക്കുന്ന പരാമര്‍ശമുള്‍പ്പെട്ട കത്തും റിപ്പോര്‍ട്ടും സഭയില്‍ വച്ചതോടെ പൊതുരേഖയുടെ ഭാഗമായി. തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ കമ്മിഷന്‍ മുന്‍പാകെ സരിത നിഷേധിച്ചിരുന്നു. തന്നെ മോശക്കാരനായി ചിത്രീകരിക്കാന്‍ സിപിഎം 10 കോടി രൂപ വാഗ്ദാനം ചെയ്തതായി സരിത അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com