റവന്യൂമന്ത്രിയെ ഒഴിവാക്കിയിട്ടില്ല ; വിശദീകരണവുമായി പൊതുഭരണ വകുപ്പ്

പ്രധാനമന്ത്രിയുടെ പൂന്തുറ സന്ദര്‍ശന പരിപാടി തീരുമാനിച്ചപ്പോള്‍ തന്നെ റവന്യൂമന്ത്രി പട്ടികയിലുണ്ടായിരുന്നു.
റവന്യൂമന്ത്രിയെ ഒഴിവാക്കിയിട്ടില്ല ; വിശദീകരണവുമായി പൊതുഭരണ വകുപ്പ്

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെ ഒഴിവാക്കിയിട്ടില്ലെന്ന് പൊതുഭരണ വകുപ്പ്. പ്രധാനമന്ത്രിയുടെ പൂന്തുറ സന്ദര്‍ശന പരിപാടി തീരുമാനിച്ചപ്പോള്‍ തന്നെ റവന്യൂമന്ത്രി പട്ടികയിലുണ്ടായിരുന്നു. പരിപാടി അവസാനനിമിഷം തീരുമാനിച്ചതാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നും പൊതുഭരണ വകുപ്പ് വിശദീകരിച്ചു. 

ഓഖി ചുഴലിക്കാറ്റില്‍ ദുരിതം നേരിടുന്നവരെ കാണാനും ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനുമെത്തുന്ന പ്രധാനമന്ത്രിക്കൊപ്പമുള്ള സംഘത്തില്‍ നിന്നും സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ ചുമതലയുള്ള റവന്യൂമന്ത്രിയെ ഒഴിവാക്കിയത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പട്ടികയില്‍ മുഖ്യമന്ത്രിക്ക് പുറമെ, ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരാണുണ്ടായിരുന്നത്. വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന സംഘത്തിലും, ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിലുമുള്ള മന്ത്രിതല സംഘത്തിലുമാണ് മന്ത്രി ഇ ചന്ദ്രശേഖരന്റെ പേര് ഇല്ലാതിരുന്നത്. 

ദുരന്തബാധിത പ്രദേശങ്ങളിലെ സന്ദര്‍ശന ശേഷം  വൈകീട്ട് തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന അവലോകന യോഗത്തിലേക്ക് മാത്രമാണ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റവന്യൂ മന്ത്രിയെ ക്ഷണിച്ചത്. ഇക്കാര്യം മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയപ്പോഴാണ് പൊതുഭരണവകുപ്പ് വിശദീകരണവുമായി രംഗത്തെത്തിയത്. പൊതുഭരണ വകുപ്പ് സെക്രട്ടറി തയ്യാറാക്കിയ പട്ടികയ്ക്ക് മുഖ്യമന്ത്രി അംഗീകാരം നല്‍കുകയായിരുന്നു.

തൈക്കാട് ചേരുന്ന അവലോകനയോഗത്തില്‍ ഓഖി ദുരന്തത്തില്‍ സംസ്ഥാനത്തിനുണ്ടായ നഷ്ടം ദൃശ്യങ്ങള്‍ സഹിതമുള്ള പ്രസന്റേഷനായി ചീഫ് സെക്രട്ടറി ഡോ കെ എം എബ്രഹാം പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കും. അതിനിടെ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ യുഡിഎഫ് സംഘത്തിന് അനുമതി ഇല്ല. മുഖ്യമന്ത്രിക്കും ചീഫ് സെക്ട്രടറിക്കും അനുമതി തേടി കത്ത് നല്‍കിയിട്ടും മറുപടി നല്‍കിയില്ല. യുഡിഎപ് സംഘത്തിന് അനുമതി നിഷേദിച്ച നടപടി തരംതാണതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com