കോതമംഗലം: വാഹനങ്ങളില്‍ നിറയ്ക്കുന്ന ഇന്ധനത്തിന്റെ അളവില്‍ പമ്പുകള്‍ തട്ടിപ്പു നടത്തുന്നതായി സമൂഹ മാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്. അത്തരം വാര്‍ത്തകള്‍ക്കു വിശ്വാസ്യത നല്കുന്ന റിപ്പോര്‍ട്ടാണ് കോതമംഗലത്തുനിന്ന് പുറത്തുവരുന്നത്.
35 ലിറ്റര്‍ ശേഷിയുള്ള മാരുതി ഓള്‍ട്ടോയുടെ ടാങ്കില്‍ 39 ലിറ്റര്‍ പെട്രോളാണ് കോതമംഗലത്തെ പമ്പ് നിറച്ചുകൊടുത്തത്!! ഫുള്‍ ടാങ്ക് അടിക്കാന്‍ നിര്‍ദേശം നല്കിയ വാഹന ഉടമയ്ക്കു മുമ്പിലാണ് പമ്പുകാര്‍ ഈ മറിമായം കാണിച്ചത്. ബില്ലില്‍ പറഞ്ഞ പണം നല്‍കിയെങ്കിലും പമ്പ് ഉടയ്ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് വാഹന ഉടമ.
കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍നിന്ന് ഇടുക്കി തോപ്രാംകുടിയിലേക്കു പോയ മച്ചുകാട്ട് ഡിവിന് ദേവസ്യയുടെ കാറിലാണ് കോട്ടയം അടിമാലി റൂട്ടിലെ പമ്പുകാര്‍ ശേഷിയേക്കാള്‍ കൂടുതല്‍ ഇന്ധനം നിറച്ചത്. ഫുള്‍ ടാങ്ക് നിറയ്ക്കാന്‍ പറയുമ്പോഴും ഇന്‍ഡിക്കേറ്ററില്‍ രണ്ടു കട്ട കാണിച്ചിരുന്നുവെന്നാണ് ഡിവിന് പറയുന്നത്. ഫുള്‍ ടാങ്ക് നിറച്ചതിന് 39.20 ലിറ്ററിന്റെ ബില്ലാണ് നല്‍കിയത്. ലിറ്ററിന് 72 രൂപ പ്രകാരം പണവും നല്കി.
ടാങ്ക് ശേഷി ഒരു കാരണവശാലും 35 ലിറ്ററില്‍ കൂടില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഡിവിന് കോതമംഗലം പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് പരാതി അളവുതൂക്ക വകുപ്പിന് കൈമാറുകയായിരുന്നു. പരാതിയില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് അധികൃതര്‍ പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ