ആര്‍എസ്എസ് മേധാവി സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും മാനേജര്‍ക്കും എതിരെ നടപടി എടുക്കാനാണ് മുഖ്യമന്ത്രി  നിര്‍ദേശം നല്‍കിയത്
ആര്‍എസ്എസ് മേധാവി സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം : ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടി എടുക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും മാനേജര്‍ക്കും എതിരെ നടപടി എടുക്കാനാണ് നിര്‍ദേശം. പൊതുവിദ്യാഭ്യാസ വകുപ്പിനാണ് മുഖ്യമന്ത്രി ഉത്തരവ് നല്‍കിയത്. സംഭവത്തില്‍ ക്രിമിനല്‍ കേസ് നിലനില്‍ക്കുമോ എന്ന് പരിശോധിക്കാന്‍ പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

പാലക്കാട് മൂത്താന്തറ കര്‍ണ്ണകയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരുമടക്കം വന്‍ ജനാവലിയെ സാക്ഷിയാക്കി മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയത്. എയിഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്താന്‍ പ്രധാന അധ്യാപകനോ, ജനപ്രതിനിധിക്കോ മാത്രമാണ് ദേശീയ പതാക ഉയര്‍ത്താന്‍ അധികാരമെന്ന് ജില്ലാ കളക്ടറായിരുന്ന പി മേരിക്കുട്ടി സ്‌കൂള്‍ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. 

സ്‌കൂള്‍ മാനേജ്‌മെന്റിന് കളക്ടര്‍ രേഖാമൂലം വിലക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചാണ് മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് പ്രധാന അധ്യാപകനെതിരെ കേസെടുക്കുമെന്ന് കളക്ടര്‍ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ കളക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും
കാര്യമായ നടപടി ഉണ്ടായിരുന്നില്ല. ഇത് ആര്‍എസ്എസിനോടുള്ള മൃദുസമീപനം മൂലമാണെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചിരുന്നത്. 

അതേസമയം സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടുമെന്ന് ബിജെപി അറിയിച്ചു. ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമത്തെ ദുരുപയോഗം ചെയ്യുകയാണ്. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് കേസ് എടുത്തിരിക്കുന്നതെന്നും ബിജെപി നേതാവ് പി എസ് ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. ക്രിമിനല്‍ കേസാണെങ്കില്‍ മുഖ്യമന്ത്രിയുടെ ഉത്തരവ് വരെ കാത്തിരിക്കേണ്ടതുണ്ടോ കേസെടുക്കാനെന്നും അദ്ദേഹം ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com