ദുരൂഹതയുടെ കോടനാട്; ജയലളിതയുടെ അവധിക്കാല വസതിയില്‍ വീണ്ടും മരണവിളി

ദുരൂഹതയുടെ കോടനാട്; ജയലളിതയുടെ അവധിക്കാല വസതിയില്‍ വീണ്ടും മരണവിളി

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്‌റ്റേറ്റില്‍ വീണ്ടും മരണവിളി. ജയയുടെ അവധിക്കാല വസതിയായ ഈ എസ്‌റ്റേറ്റിലെ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ദിനേശിനെ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറുവര്‍ഷത്തോളമായി കോടനാട് എസ്‌റ്റേറ്റില്‍ ജീവനക്കാരനായിരുന്ന ദിനേശിനെ സ്വന്തം വീടിനുള്ളിലാണ് തൂങ്ങിമരിച്ചതെന്ന് പോലീസ്.

ദിനേശിന്റെ മരണത്തോടെ കോടനാട് എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട ദുരൂഹത വര്‍ധിച്ചു. 28 കാരനായ ദിനേശ് കൊതഗിരിയിലുള്ള വീട്ടില്‍ ദുരൂഹ സാഹചര്യത്തിലാണ് തൂങ്ങിമരിച്ചതായി പോലീസ് കണ്ടെത്തിയത്. ഇതിനു മുമ്പ് കഴിഞ്ഞ ഏപ്രിലില്‍ എസ്റ്റേറ്റിന്റെ സുരക്ഷാ ജീവനക്കാരനായിരുന്ന നേപ്പാള്‍ സ്വദേശി റാം ബഹദൂറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കാവല്‍ക്കാരന്‍ കൃഷ്ണ ബഹദൂറിന് ഗുരുതര പരിക്കുമേറ്റിരുന്നു. 

എസ്റ്റേറ്റില്‍ കവര്‍ച്ചെയ്‌ക്കെത്തിയവരാണ് സുരക്ഷാ ജീവനക്കാരെ ആക്രമിച്ചതും ഒരാളെ കൊലപ്പെടുത്തുകയും ചെയ്‌തെതെന്ന് പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കേരളത്തിലേക്കു നീളുകയും ചില പ്രതികള്‍ ഇവിടെയുള്ളവരാണെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. 

എന്നാല്‍, ഈ കേസിലെ മുഖ്യപ്രതി കനകരാജ് ദുരൂഹ സാഹചര്യത്തില്‍ വാഹനപകടത്തില്‍ മരിച്ചിരുന്നു. തൊട്ടടുത്ത ദിവസം കേസിലെ മറ്റൊരു പ്രതി സയന്റെ ഭാര്യയും മകനും വാഹനപകടത്തില്‍ ജീവന്‍ നഷ്ടമായി. 11 പേരോളമാണ് എസ്‌റ്റേറ്റില്‍ കവര്‍ച്ചെയ്‌ക്കെത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിലൂടെ പോലീസ് നിഗമനത്തിലെത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com