ജിഎസ്ടി: കോഴി വില കെപ്‌കോ കുറച്ചു,  കെഎസ്എഫ്ഡിസി സിനിമാ ടിക്കറ്റ് നിരക്കും കുറച്ചു

ജി.എസ്.ടി നടപ്പിലായതിനെത്തുടര്‍ന്ന് ആകെ നികുതി ഭാരത്തിലുണ്ടായ കുറവ് കണക്കിലെടുത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിരക്കുകള്‍ കുറച്ചു തുടങ്ങിയതായും ധനമന്ത്രി
ജിഎസ്ടി: കോഴി വില കെപ്‌കോ കുറച്ചു,  കെഎസ്എഫ്ഡിസി സിനിമാ ടിക്കറ്റ് നിരക്കും കുറച്ചു

തിരുവനന്തപുരം: കെപ്‌കോ ചിക്കന്‍ വിലയും കെ.എസ്.എഫ്.ഡി.സി സിനിമാ ടിക്കറ്റ് നിരക്കും കുറച്ചു. ജി.എസ്.ടി നടപ്പിലായതിനെത്തുടര്‍ന്ന് ആകെ നികുതി ഭാരത്തിലുണ്ടായ കുറവ് കണക്കിലെടുത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിരക്കുകള്‍ കുറച്ചു തുടങ്ങിയതായും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 

കേരള പൗള്‍ട്രി ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചിക്കന്‍ വിലയില്‍ ഗണ്യമായ കുറവാണ് വരുത്തിയത്. ചിക്കന് കേരളത്തില്‍ നിലവിലുണ്ടായിരുന്ന 14.5 നികുതി ഇല്ലാതായതിനെത്തുടര്‍ന്നാണ് കെപ്‌കോ ചിക്കന്റെ വിലയില്‍ കുറവു വരുത്തിയത്. ജൂണ്‍ 30 ാം തീയതി ഉണ്ടായിരുന്ന നിരക്കുകളില്‍ നിന്നും വരുത്തിയ കുറവ് ഇപ്രകാരമാണ്. ബ്രോയിലര്‍ കോഴിയിറച്ചിക്ക് തൊലിയുള്ളതിന് 171 രൂപ ഉണ്ടായിരുന്നത് ഇപ്പോള്‍ 150 രൂപയായും തൊലിയില്ലാത്തതിന് 175 ല്‍ നിന്നും 153 രൂപയായും വില കുറച്ചു. കറിക്കു വേണ്ടി ചെറുതായി അരിഞ്ഞ (കറിക്കട്ട്) ഇറച്ചിക്ക് 180 ല്‍ നിന്നും 158 രൂപയായിട്ടാണ് കുറഞ്ഞത്. നികുതി ഇല്ലാതായിട്ടും കോഴി വ്യാപാരികള്‍ ചിക്കന്റെ വില വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നത് അമിതലാഭം കൊയ്യുന്നതിനുവേണ്ടിയുള്ള സംഘടിത കൊള്ളയാണെന്ന് വ്യക്തം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കിക്കൊണ്ടിരുന്ന വിനോദനികുതി 25 ശതമാനമാണ്. ഈ വിനോദനികുതിക്കു പുറമേ 100 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് 18 ശതമാനവും അതിനു മുകളിലുള്ള നിരക്കിന് 28 ശതമാനവും ജി.എസ്.ടി ബാധകമാണ്. മറ്റെല്ലാ സംസ്ഥാനങ്ങളും ഇവ രണ്ടും ഒരുമിച്ച് ഈടാക്കുകയാണ് ചെയ്യുന്നത്. നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഇതിനെച്ചൊല്ലിയാണ് തിയേറ്റര്‍ സമരം നടക്കുന്നത്. കേരളമാകട്ടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കിക്കൊണ്ടിരുന്ന വിനോദനികുതി വേണ്ടെന്നു വയ്ക്കുകയാണ് ചെയ്തത്. പകരം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്ടം സംസ്ഥാന സര്‍ക്കാര്‍ നികത്തിക്കൊടുക്കാമെന്ന നിലപാട് കൈക്കൊണ്ടു.

പ്രേക്ഷകര്‍ക്ക് ജി.എസ്.ടി വന്നതുമൂലം അധികഭാരം ഉണ്ടാകാതാരിക്കാനാണ് ഇത്തരമൊരു സമീപനം സ്വീകരിച്ചത്. എന്നാല്‍ തിയേറ്ററുകള്‍ വിനോദനികുതി അടക്കമുള്ള പഴയ നിരക്കിന്‍മേല്‍ ജി.എസ്.ടി (18 ശതമാനമോ 28 ശതമാനമോ) ഈടാക്കി അമിതലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്. ഇത് സ്വീകാര്യമല്ല. സംസ്ഥാനസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലെ നിരക്ക് ഇന്നു മുതല്‍ താഴ്ത്തി നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ 103 രൂപയായിരുന്നു ഇവിടുത്തെ ടിക്കറ്റ് നിരക്ക്. ഇതില്‍ 3 രൂപ സെസും 2 രൂപ മെയിന്റനന്‍സ് ചാര്‍ജ്ജുമായിരുന്നു. ബാക്കിയുള്ള 98 രൂപയിന്‍മേല്‍ 25 ശതമാനം വിനോദനികുതി ഈടാക്കിയാണ് ടിക്കറ്റ് നിരക്ക് കണക്കാക്കിയിരുന്നത്. വിനോദനികുതി ഒഴിവാക്കിയുള്ള ടിക്കറ്റ് നിരക്ക് 75 രൂപ വരും. 2 രൂപ മെയിന്റനന്‍സ് ചാര്‍ജ്ജും 3 രൂപ വെല്‍ഫെയര്‍ സെസും കൂട്ടിയാല്‍ ഇത് 78 രൂപയാകും. ഈ 78 രൂപയിന്‍മേലാണ് പുതിയ ജി.എസ്.ടി നിരക്കുകള്‍ ബാധകമാക്കേണ്ടത്. ഇതിന്‍പ്രകാരം കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലെ ടിക്കറ്റുവില 100 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. 103 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് 100 രൂപയായി കുറഞ്ഞു.

കെപ്‌കൊയും കെഎസ്എഫ്ഡിസിയും സ്വീകരിച്ച ഈ ശരിയായ നിലപാട് ഈ രംഗത്തെ മറ്റുള്ളവരും സ്വീകരിക്കാന്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം സര്‍ക്കാരിന് കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും ധനമന്ത്രി വ്യക്തമാക്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com