സതീശ് നായര്‍ കുമ്മനത്തിന്റെ ''പാവം പയ്യന്‍''

ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളജ് കോഴ ഇടപാടില്‍ പണം കൈപ്പറ്റിയ സതീശ് നായര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വലംകൈ
സതീശ് നായര്‍ കുമ്മനത്തിന്റെ ''പാവം പയ്യന്‍''


ന്യുഡല്‍ഹി:ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളജ് കോഴ ഇടപാടില്‍ പണം കൈപ്പറ്റിയ സതീശ് നായര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വലംകൈ. ഡല്‍ഹിയിലെത്തുന്ന കുമ്മനത്തിന്റെ പ്രധാന സഹായിയായി പ്രവര്‍ത്തിക്കുന്നത് സതീശാണ്. കോഴവിവാദം പുറത്തായതോടെ സതീശ് നായരുമായി കുമ്മനത്തിന് പരിചയമില്ല എന്ന തരത്തിലാണ് സംഘപരിവാര്‍ പ്രചാരണം നടത്തുന്നത്. 

ബിജെപി സംസ്ഥാന അധ്യക്ഷനായി കുമ്മനം രാജശേഖരനെ തെരഞ്ഞെടുത്തതോടെയാണ് സതീശ് നായരുടെ രംഗപ്രവേശം. അയ്യപ്പസേവാ സമാജം ഭാരവാഹിയായ അയ്യപ്പദാസാണ് സതീശിനെ കുമ്മനത്തിന് പരിചയപ്പെടുത്തുന്നത്.ഡല്‍ഹിയെ കാര്യങ്ങള്‍ നോക്കി നടത്താന്‍ കുമ്മനം ഇയ്യാളെ ഒപ്പം കൂട്ടുകയായിരുന്നു. 

കുമ്മനവുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിയാണ് മറ്റ് ബിജെപി നേതാക്കളുമായി സതീശ് അടുത്തത്. ഇതോടൊപ്പം കേന്ദ്ര ഓഫീസുകളില്‍ കേരള ബിജെപി ഘടകത്തിന്റെ ആള്‍ എന്ന നിലയില്‍ ബന്ധം സ്ഥാപിച്ചെടുക്കുകയും ചെയ്തു. 

കേന്ദ്രാനുമതി ആവശ്യമായ എത് വിഷയത്തിലും സംസ്ഥാന നേതാക്കള്‍ സതീശ് നായരെ ആശ്രയിക്കുന്ന സ്ഥിതിയെത്തി. വിവിധ തലങ്ങളില്‍ നല്‍കേണ്ട കോഴപ്പണം ഉറപ്പിച്ച് നേതാക്കളെ അറിയിക്കുന്നതായിരുന്നു സതീശിന്റെ ദൗത്യം. തുടര്‍ന്ന് കുഴല്‍പ്പണമായി ഡല്‍ഹിയില്‍ പണം എത്തിച്ച് ആവശ്യക്കാര്‍ക്ക് കൈമാറും. മെഡിക്കല്‍ കൗണ്‍സില്‍,എഐസിടിഇ,പരിസ്ഥിതി ടൂറിസം വകുപ്പുകള്‍ ഇവയൊക്കെ കേന്ദ്രീകരിച്ചായിരുന്നു കേരളത്തിലെ ബിജെപി നേതാക്കളുടെ പ്രധാന കോഴ ഇടപാടുകള്‍. ഓരോ ഇടപാടിലും കോടികളാണ് മറിഞ്ഞത്. കോഴപ്പണം കൈപ്പറ്റുന്നത് സംബന്ധിച്ച് നേതാക്കള്‍ തമ്മില്‍ നടന്ന ചേരിപ്പോരാണ് ഇപ്പോള്‍ ബിജെപിയുടെ കോഴക്കഥകള്‍ പുറംലോകം അറിയാനുള്ള സാഹചര്യം ഒരുക്കിയത്. 

സോളാര്‍ കേസ് വാര്‍ത്തകളില്‍ നിറഞ്ഞ സമയത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയിലെ അനൗദ്യോഗിക സഹായി ആയിരുന്ന തോമസ് കുരുവിള അറിയപ്പെട്ടിരുന്നത് പാവം പയ്യന്‍ എന്നായിരുന്നു. അതുപോലെയാണ് കുമ്മനം രാജശേഖരന് സതീശ് നായര്‍ എന്നാണ് വിമര്‍ശകര്‍ പറയുന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച ബിജെപി അന്വേഷണ കമ്മീഷന് മുന്നില്‍ സതീശ് നായര്‍ പറഞ്ഞത് മുഴുവന്‍ തുകയും ലഭിക്കാതിരുന്നതുകൊണ്ടാണ് കോളജിന് അനുമതി വാങ്ങി നല്‍കാതിരുന്നത് എന്നാണ്. പണം വാങ്ങിയെന്ന് സതീശ് നായര്‍ സമ്മതിച്ചിട്ടുണ്ട്. 17കോടിയാണ് സതീശ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അത്രയും തുക ലഭിക്കാതിരുന്നതോടെയാണ് കോളജിന് അംഗീകാരം നേടിക്കൊടുക്കാനുള്ള ശ്രമം സതീശ് ഉപേക്ഷിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com