ചലച്ചിത്രതാരങ്ങളുടെ വിദേശ നിക്ഷേപത്തെപ്പറ്റി അന്വേഷിക്കുന്നു

ദുബായ് കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ള നിക്ഷേപങ്ങളുടെ വിവരങ്ങളാണ് അന്വേഷിച്ചു വരുന്നത്.
ചലച്ചിത്രതാരങ്ങളുടെ വിദേശ നിക്ഷേപത്തെപ്പറ്റി അന്വേഷിക്കുന്നു

കൊച്ചി: മലയാള ചലച്ചിത്രതാരങ്ങളുടെ വിദേശ നിക്ഷേപങ്ങളുടെ വിവരങ്ങളെപ്പറ്റി കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നു. ദുബായ് കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ള നിക്ഷേപങ്ങളുടെ വിവരങ്ങളാണ് അന്വേഷിച്ചു വരുന്നത്. മലയാളസിനിമയില്‍ ഹവാല സാന്നിധ്യം ഉറപ്പാക്കിയതാണ് അന്വേഷണം ശക്തമാകാന്‍ കാരണം.

കെട്ടിടങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ എന്നിവയില്‍ പല താരങ്ങളും നിക്ഷേപം നടത്തിയതായാണ് വിവരം. അന്വേഷണത്തിന് സഹകരണംതേടി യുഎഇയിലെ അധികൃതരെ സമീപിച്ചിട്ടുണ്ട്. ഇന്ത്യയുമായി നിരവധി സഹകരണക്കരാറുകള്‍ നിലനില്‍ക്കുന്ന രാജ്യമായതിനാല്‍ അനുമതിക്ക് തടസ്സമുണ്ടാകാന്‍ സാധ്യതയില്ല. ഇത്തരം നിക്ഷേപവുമായി ബന്ധപ്പെട്ട് നാട്ടില്‍ നിന്ന് കിട്ടാവുന്ന വിവരങ്ങളെല്ലാം അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. 

താരങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ നിക്ഷേപമുണ്ടെങ്കിലും അടുത്ത കാലങ്ങളില്‍ ദുബായിയോട് കാണിക്കുന്ന താല്‍പര്യമാണ് അന്വേഷണം ഈ വഴിക്ക് നീങ്ങാന്‍ കാരണമായത്. താരനിശകളുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകള്‍ നടക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഇതുമായി നേരിട്ടുബന്ധമില്ലെങ്കിലും ഏതാനും വര്‍ഷംമുമ്പ് സിനിമയിലെ മറ്റൊരു സംഘടന വിദേശത്ത് സംഘടിപ്പിച്ച താരനിശയുടെ കണക്കുകള്‍ ഇതുവരെ പാസാക്കിയിട്ടില്ലെന്ന് സംഘടനയിലെ ഒരുവിഭാഗം ആരോപിക്കുന്നുണ്ട്. 27 ലക്ഷംരൂപ കാണാതെ പോയെന്നായിരുന്നു ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com