കത്തിയെരിയുന്നു വനങ്ങള്‍, കണ്ണു തുറക്കാതെ വനംവകുപ്പ്

വനപാലകര്‍ക്ക് തീയണയ്ക്കാനുള്ള ഏക ഉപാധി പച്ചിലക്കമ്പ് പൊട്ടിച്ചെടുത്ത് കൈകൊണ്ട് അടിച്ച് കെടുത്തുക  എന്നതാണ്
കത്തിയെരിയുന്നു വനങ്ങള്‍, കണ്ണു തുറക്കാതെ വനംവകുപ്പ്

കല്‍പ്പറ്റ: കേരളത്തിലെ വനംവകുപ്പ് ജീവനക്കാര്‍ ഉള്ളില്‍ തീയുമായി ഊണും ഉറക്കവുമില്ലാതെ കാട്ടുതീയ്‌ക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും ഇതൊന്നും അറിയാത്ത മട്ടില്‍ ഇരിക്കുകയാണ് വനം മന്ത്രിയും ഫോറസ്റ്റ് ഹെഡ് ക്വാര്‌ട്ടേഴ്‌സിലെ ഉന്നതരും. എന്താണ് സംഭവിച്ചതെന്നുപോലും വനംവകുപ്പ് മന്ത്രിയോ ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥരോ ഇതുവരെയും അന്വേഷിച്ചിട്ടില്ലെന്നും വനപാലകര്‍.
കര്‍ണ്ണാടക സര്‍ക്കാരിന്റെ കീഴിലുള്ള ബന്ദിപ്പൂര്‍ വന മേഖലയില്‍ കഴിഞ്ഞദിവസമുണ്ടായ കാട്ടുതീയില്‍ ആയിരം ഹെക്ടറോളം വനഭൂമിയാണ് കത്തിച്ചാമ്പലായത്. ഇവിടെനിന്നും കാട്ടുതീ കേരളത്തിലേക്ക് പടരാതിരുന്നത് കേരളത്തിലെ വനപാലകര്‍ രാവുംപകലും ഊണും ഉറക്കവുമൊഴിച്ച് പരിശ്രമിച്ചതുകൊണ്ടു മാത്രമാണ്. ബന്ദിപ്പൂര്‍ വനത്തില്‍ കാട്ടുതീ എന്ന വാര്‍ത്ത കേള്‍ക്കേണ്ട താമസം കേരളത്തിലെ വനപാലകര്‍ കേരളത്തിന്റെ അതിര്‍ത്തികളില്‍ പത്തുമീറ്റര്‍ വീതിയില്‍ ഫയര്‍ ലൈനുകള്‍ തീര്‍ത്തു. ദിവസങ്ങളോളം വേണ്ടിവന്ന ശ്രമകരമായ ജോലിയായിരുന്നു അത്. വയനാട് മേഖലയില്‍ ആകെയുള്ള 175 ജീവനക്കാരാണ് 344 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള കാടിനെ സംരക്ഷിക്കാനുള്ളത്. ഇവര്‍ അക്ഷീണം പരിശ്രമിച്ചതുകൊണ്ടുമാത്രം തീയണയ്ക്കാന്‍ സാധിച്ചെങ്കിലും എപ്പോള്‍ വേണമെങ്കിലും ഒരു കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയുമായാണ് വനപാലകര്‍ ജാഗരൂകരായി നില്‍ക്കുന്നത്.


''എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന ഒരു ബോംബു പോലെയാണ് ഇപ്പോഴത്തെ നമ്മുടെ കാടിന്റെ അവസ്ഥ.'' - ഒരു വനപാലകന്‍ പറയുന്നു.
ഇദ്ദേഹത്തിന് കാട്ടുതീ തടയുന്നതിനിടയില്‍ ദേഹത്ത് പൊള്ളലേറ്റിരുന്നു. എന്നാല്‍ അവധിയെടുത്ത് വീട്ടിലിരിക്കാന്‍ മനസ്സു വരുന്നില്ല എന്ന് അദ്ദേഹം പറയുന്നു.
ഫോറസ്റ്റ് ജീവനക്കാരാരുംതന്നെ അവധിയെടുക്കുകയോ സ്വന്തം വീട്ടിലേക്കുപോലും പോവുകയോ ചെയ്യാതെയാണ് ജോലി ചെയ്യുന്നത്. എന്നിട്ടും വകുപ്പ് മന്ത്രിയോ ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥരോ കാട്ടുതീയെക്കുറിച്ച് ഒന്ന് വിളിച്ച് അന്വേഷിക്കുകപോലുമുണ്ടായില്ലെന്ന് ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കേരളത്തിന്റെ അതിര്‍ത്തികളായ മുതുമല, നാഗര്‍ഹോള, ബന്ദിപ്പൂര് എന്നിവിടങ്ങളില്‍ ഇലപൊഴിയും കാടാണുള്ളത്. അതിര്‍ത്തികളില്‍നിന്നും തീ കടന്നുവരാനുള്ള സാധ്യതകള്‍ ഏറെയാണ്. ഈ വരണ്ട കാടുകള്‍ക്ക് തീ പിടിക്കാന്‍ നിമിഷ നേരങ്ങള്‍ മതിയാവും.
ഇത്രയും ഭീതിതമായ സാഹചര്യമായിട്ടും വനപാലകര്‍ക്ക് തീയണയ്ക്കാനുള്ള ഏക ഉപാധി പച്ചിലക്കമ്പ് പൊട്ടിച്ചെടുത്ത് കൈകൊണ്ട് അടിച്ച് കെടുത്തുക  എന്നതാണ്. ഉയര്‍ന്നു നില്‍ക്കുന്ന മുളങ്കാടുകളില്‍ തീപിടിച്ചാല്‍ പച്ചിലക്കമ്പ് പിടിച്ച് തീയണയ്ക്കുന്നതെങ്ങിനെയാണ് എന്ന് വനപാലകര്‍ ചോദിക്കുന്നു. മുളങ്കാടുകള്‍ക്ക് തീ പിടിച്ചാല്‍ കാറ്റടിച്ച് വളരെദൂരെയോളം തീ പടരാനുള്ള സാധ്യതയുണ്ട്. തീണയ്ക്കുന്ന വനപാലകര്‍ തീയ്ക്കുള്ളില്‍ പെട്ടുപോകുന്ന സാഹചര്യംവരെയുണ്ടാവും. ഇത്തരത്തില്‍ പെട്ട് പൊള്ളലേറ്റവര്‍വരെ വനപാലകരുടെ കൂട്ടത്തില്‍ പ്രാഥമിക ചികിത്സ നല്‍കി വീണ്ടും ജോലിയില്‍ തുടരുന്നുണ്ട്.
തീയണയ്ക്കുന്നതിനുള്ള ഒരു ഉപകരണമോ മറ്റെന്തെങ്കിലും സംവിധാനമോ വനംവകുപ്പ് ഇതുവരെയും നല്‍കിയിട്ടില്ല.

''ഞങ്ങള്‍ ഞങ്ങളുടെ ജീവന്‍ കൊടുത്തും കാട് സംരക്ഷിക്കും. പക്ഷെ, ഞങ്ങള്‍ വെറും 175 പേരാണുള്ളത്. മുളങ്കാടുകള്‍ക്കോ യൂക്കാലിപ്റ്റസ് മരങ്ങള്‍ക്കോ തീ പടര്‍ന്നാല്‍ പച്ചിലക്കമ്പും പിടിച്ച് തീയണയ്ക്കാന്‍ നില്‍ക്കുന്ന ഞങ്ങള്‍ ഒന്നടങ്കം തീരും. പിന്നെ ഈ വകുപ്പിന്റെ കീഴില്‍ വനമുണ്ടാകില്ലെന്ന് മന്ത്രി ഓര്‍ത്താല്‍ നന്നായിരിക്കും.'' വനപാലകരില്‍ ഒരാള്‍ തന്റെ ആത്മരോഷം പ്രകടിപ്പിച്ചു.
ചെമ്പ്ര പീക്കില്‍ തീ പടര്‍ന്ന് മൂന്ന് ഏക്കറോളം കത്തിനശിച്ചു. വയനാട്ടിലെ ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന ചെമ്പ്രയിപ്പോള്‍ തലമുണ്ഡനം ചെയ്തതുപോലെ കിടക്കുകയാണ്. ആനയടക്കം മേഞ്ഞുനടന്നിരുന്ന ചെമ്പ്രയെ അതിമനോഹാരിതയാക്കുന്ന ഹൃദയസരസ്സിനു ചുറ്റുമാണ് പുല്‍മേടുകള്‍ കത്തിയമര്‍ന്നത്. വിനോദസഞ്ചാരികളാരോ തീയിട്ടതാണെന്നും സ്വകാര്യ പ്ലാന്റേഷന്‍കാര്‍ തീ പ്രതിരോധിക്കാനായി മുന്‍കൂട്ടി തീയിട്ടതില്‍ നിന്നും തീപ്പൊരി പറന്ന് തീയുണ്ടായതാണെന്നും രണ്ട് അഭിപ്രായമുണ്ട്. ചെമ്പ്രയിലെ തീ സംബന്ധിച്ചും വനംമന്ത്രിയുടെ ഭാഗത്തുനിന്നും ഇതുവരെ ഒരു അന്വേഷണവുമുണ്ടായിട്ടില്ല.
കര്‍ണ്ണാടക സര്‍ക്കാരിന്റെ കീഴിലുള്ള ബന്ദിപ്പൂര്‍ വനമേഖലയില്‍ വരള്‍ച്ചാ സാധ്യതകള്‍ കണ്ടുകൊണ്ട് ഉള്‍ക്കാടുകളിലെ കുളങ്ങളും ജലാശയങ്ങളും നിറയ്ക്കാനുള്ള ഒരു പദ്ധതി നടപ്പാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ അവിടെ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കേരള സര്‍ക്കാര്‍ ഇതുവരെ അങ്ങനെയൊരു ആലോചനപോലും നടപ്പാക്കിയിട്ടില്ല. വനസംരക്ഷണത്തിന് അധിക ഫണ്ട് തയ്യാറാക്കിയാണ് കര്‍ണ്ണാടക സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം മുതല്‍ ഇത് ചെയ്യുന്നത്. കേരളസര്‍ക്കാര്‍ അധികഫണ്ടിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല. ഭാഗ്യവശാല്‍ കേരളത്തിന്റെ ഉള്‍ക്കാടുകളില്‍ കുളങ്ങളൊന്നും വറ്റിയിട്ടില്ല. എന്നാല്‍ ഇനിയും മൂന്നുമാസം വേണം മഴയെത്താന്‍ എന്നതുകൊണ്ട് വെള്ളം വറ്റാനുള്ള സാധ്യതയുമുണ്ട്. ഇക്കാര്യം നേരത്തേതന്നെ സര്‍ക്കാരിനെ അറിയിച്ചതാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഫലമൊന്നുമുണ്ടായില്ലെന്നാണ് ജീവനക്കാരുടെ ആരോപണം.

കാടു കത്തിക്കഴിഞ്ഞാല്‍ ബാക്കിയാവുന്നത്
കാട്ടുതീയുണ്ടായി കാട് കത്തുമ്പോള്‍ നശിക്കുന്നത് കേരളത്തിന്റെ ജൈവസമ്പത്ത് മാത്രമല്ല, ഔഷധമൂല്യമുള്ള സസ്യങ്ങളുടെ വംശനാശം കൂടിയാണ്. കത്തിയ കാടുകളില്‍ നിലവിലുണ്ടായിരുന്ന സസ്യങ്ങള്‍ അതിജീവിക്കാനുള്ള സാധ്യതകള്‍ വിരളമാണ് എന്ന് ആദിവാസികള്‍ അനുഭവംകൊണ്ടും പഠനങ്ങളിലൂടെ സസ്യശാസ്ത്രജ്ഞരും പറയുന്നു. തീപിടിച്ച കാടുകളില്‍ ഉള്‍ബലം തീരെയില്ലാത്തതും മൃഗങ്ങള്‍ക്ക് ഭക്ഷണമാകാത്തതുമായ വട്ടമരം പോലുള്ള മരങ്ങളാണ് കൂടുതലായി ഉണ്ടായിട്ടുള്ളതെന്നും ഇവര്‍ പറയുന്നു. വര്‍ഷങ്ങളായി ഉണ്ടായിട്ടുള്ള കാട്ടുതീയില്‍ പതിനായിരക്കണക്കിന് അമൂല്യ സസ്യങ്ങളാണ് കേരളത്തിലെ കാടുകളില്‍നിന്നും വംശനാശം വന്ന് നഷ്ടപ്പെട്ടതെന്നും സസ്യശാസ്ത്രജ്ഞര്‍ പറയുന്നു.

കാട്ടുതീയെ പ്രതിരോധിക്കാന്‍ വനപാലകര്‍ക്കൊപ്പം സജീവമായി നിന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ധര്‍മ്മരാജ് വയനാട് വനപാലകരുടെ ദുരിതത്തെക്കുറിച്ച് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

'മഴപെയ്യുമായിരിക്കുമല്ലേ...?' ഇന്നുച്ചനേരത്ത് എത്തിനോക്കിയ മഴക്കാറ് കണ്ട് ഒരുവനപാലകന്‍ പ്രത്യാശയോടെ ചോദിച്ചു. മക്കളെക്കണ്ടും മാമ്പൂക്കളെക്കണ്ടുമെന്നപോലെ മഴക്കാറുകണ്ടും മനക്കോട്ടകെട്ടരുതെന്ന് പറയണമെന്നുതോന്നി. പറഞ്ഞില്ല.
മഴകാത്തുനില്‍ക്കുന്ന വേഴമ്പലിനെപ്പോലെയാണ് കൂറെനാളുകളായി വയനാട്ടിലെ വനപാലകര്‍. ബന്ദിപ്പൂര്‍ വനത്തിലെ ചാരത്തിനടിയിലെ കനലണഞ്ഞിട്ടില്ല. ഒരുകാറ്റടിച്ചാല്‍ തീപ്പൊരി വീണ്ടും ഉയര്‍ന്നുപൊങ്ങാം. അകലെക്കൂടിപ്പോകുന്ന തീപ്പൊരിയെ ആവാഹിച്ച് കത്തിജ്വലിക്കാന്‍ തക്കംപാര്‍ത്തുകിടക്കുന്ന ഉണങ്ങിയ ആനപ്പിണ്ഡത്തെ ഭയക്കണം. പിന്നെ ആനപ്പിണ്ടത്തില്‍ നിന്നത് ഏറ്റുവാങ്ങി ബോംബുപോലെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് കാടാകെ തീപടര്‍ത്താന്‍ വെമ്പിനില്‍ക്കുന്ന, അഞ്ചുകൊല്ലം മുമ്പ് പൂത്തുണങ്ങി നിലംപൊത്തി തലങ്ങും വിലങ്ങും മറിഞ്ഞുവീണുകിടക്കുന്ന മുളം കൂട്ടങ്ങളെ... നിരനിരയായി കരിഞ്ഞുണങ്ങി നെടും കുത്തനെ നില്‍ക്കുന്ന യൂക്കാലിമരങ്ങളെ... ഒരു വാഹനസഞ്ചാരിയോ വഴിപോക്കനോ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റിയെ... മദ്യലഹരിയല്‍ തോന്നിയേക്കാവുന്ന ഒരു നേരംപോക്ക് കളിതമാശയെ...
എവിടെയെല്ലാം കണ്ണെത്തണം?
ദേശിയപാത കടന്നുപോവുന്ന 15കിലോമീറ്ററിന്റെ അപ്പുറവും ഇപ്പുറവും മാത്രം പോരാ. 344 ചതുരകിലോമീറ്ററില്‍ പരന്നുകിടക്കുന്ന കാടിന്റെ ഏണിലും കോണിലും ഉള്‍ക്കാട്ടിലങ്ങോളമിങ്ങോളവും പരക്കം പാഞ്ഞ് ഓടിയെത്തി തീയണക്കണം. കേവലം175 ജീവനക്കാരെക്കൊണ്ട് കഴിയുമോ ഇത്? പക്ഷെ കഴിഞ്ഞു ഇതുവരെ. അതും വെറും പച്ചിലക്കമ്പുകൊണ്ട്. അതിനവരെ തൊഴുത് കുമ്പിടുകതന്നെ വേണം.
ഇന്നുമുണ്ടായി പലയിടത്തും ഫയര്‍. മിക്കതും manmade തന്നെ. ജാഗ്രതയും കഠിനശ്രമവും കൊണ്ട് പടരും മുമ്പ് കെടുത്താനായത് ഭാഗ്യം. കോഴിക്കോടുനിന്നെത്തിയ ഫ്രന്റ്‌സ് ഓഫ് നേച്ചറിന്റെ പ്രവര്‍ത്തകരും തദ്ദേശിയ ആദിവാസി വിഭാഗങ്ങളും കൂടി സഹായത്തിനുണ്ടായത് ഉപകാരമായി. പക്ഷെ നാമമാത്രമായ ജീവനക്കാരുടെ പച്ചിലക്കമ്പുകൊണ്ടുളള ഈ ചെറുത്തുനില്‍പ്പ് എത്രനാള്‍ തുടരാനാകും? അവരും മനുഷ്യരല്ലേ? ഭക്ഷണവും വിശ്രമവും ഉറക്കവും അവര്‍ക്കും വേണ്ടതല്ലേ?
മഴയെ ധ്യാനിച്ചിരിക്കുന്നതും ഒരു കാര്‍മേഘച്ചിന്തുകാണുമ്പോഴേക്കും അവര്‍ ആവേശഭരിതരാവുന്നതെന്തുകൊണ്ടാണ്. കനത്ത ഒരുമഴപെയ്താല്‍ രണ്ടുദിവസമെങ്കിലും ഒന്നു നടുനിവര്‍ത്താം. വിശ്രമമില്ലാത്ത കഠിനാധ്വാനം കൊണ്ടുളള ശരീരവേദനക്ക് അല്‍പ്പം ശമനം നല്‍കാം. സമാധാനത്തോടെ കണ്ണിമയൊന്നുചിമ്മാം. അതിനാണ്...

വനംമന്ത്രിയെ വിളിക്കൂ, കാടിനെ രക്ഷിക്കൂ
വനംമന്ത്രിയെ വിളിക്കൂ കാടിനെ രക്ഷിക്കാന്‍ എന്ന ടാഗ് ലൈനില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവനാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫെയ്‌സ്ബുക്കില്‍ തുടക്കമിട്ടത്.
ഹരീഷ് വാസുദേവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com