പ്രയാര്‍ ഗോപാലകൃഷ്ണന്റെ കത്ത് വിവാദത്തിലേക്ക്, തീരുമാനമെടുക്കാന്‍ പ്രയാറിനെന്ത് അവകാശമെന്ന് മന്ത്രി 

എന്നാല്‍ ഇത്തവണ പ്രയാറിനെ തന്നിഷ്ടത്തിന് വിടാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല എന്ന് വ്യക്തമാക്കുന്നതാണ് ദേവസ്വം വകുപ്പ് മന്ത്രിയുടേയും ബോര്‍ഡിലെ ഇടത് അംഗത്തിന്റേയും പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകു്ന്നത്
പ്രയാര്‍ ഗോപാലകൃഷ്ണന്റെ കത്ത് വിവാദത്തിലേക്ക്, തീരുമാനമെടുക്കാന്‍ പ്രയാറിനെന്ത് അവകാശമെന്ന് മന്ത്രി 

ശബരിമലയിലെ പൊന്നമ്പലമേട്ടില്‍ പുതിയ ക്ഷേത്രം നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് കത്തയച്ചത് വഴി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വീണ്ടും വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റത്തിനും, മുഖ്യമന്ത്രി പിണറയി വിജനുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ശേഷം  സര്‍ക്കാറുമായുള്ള അടുത്ത കൊമ്പു കോര്‍ക്കലിന് ഒരുങ്ങിയിരിക്കുകായണ് പ്രയാര്‍. എന്നാല്‍ ഇത്തവണ പ്രയാറിനെ തന്നിഷ്ടത്തിന് വിടാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല എന്ന് വ്യക്തമാക്കുന്നതാണ് ദേവസ്വം വകുപ്പ് മന്ത്രിയുടേയും ബോര്‍ഡിലെ ഇടത് അംഗത്തിന്റേയും പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകു്ന്നത്.

പെരിയാര്‍ കടുവ സങ്കേതത്തിലെ പൊന്നമ്പലമേട്ടില്‍ ഒരേക്കര്‍ ഭൂമി ക്ഷേത്രം നിര്‍മ്മിക്കാന്‍ വിട്ടു നല്‍കണം എന്നു കേന്ദ്ര വനം,പരിസ്ഥിതി മന്ത്രിയോട് ആവശ്യപ്പെട്ടുകൊണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അയച്ച കത്താണ് ദേവസ്വം മന്ത്രിയടക്കമുള്ളവരെ ചൊടിപ്പിച്ചിരിക്കുന്നത്. ക്ഷേത്രം ആരാധിക്കാന്‍ വേണ്ടിയല്ല,വനമേഖലയുടെ പരിശുദ്ധി പരിപാലിക്കാന്‍ വേണ്ടിയാണ് എന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വാദം. ഭക്തരെ അങ്ങോട്ടേക്ക് ആരാധനയ്ക്ക്‌ കയറ്റുകയില്ല എന്നും പ്രയാര്‍ പറയുന്നു. 

പ്രയാറിന്റെ നടപടികളെ വിമര്‍ശിച്ച് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രവര്‍ത്തികള്‍ അധികാര പരിധി വിട്ടതാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.'പ്രദേശത്ത് പുതിയ ക്ഷേത്രത്തിന്റെ ആവശ്യമില്ല എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നല്ലതുപോലെ അറിയാം. പിന്നെന്തിനാണ് ഇങ്ങനെ'അദ്ദേഹം ചോദിച്ചു. 

അന്വേഷണത്തില്‍ പുരാതന ക്ഷേത്രങ്ങള്‍ ഒന്നും തന്നെ പ്രദേശത്ത് ഉണ്ടായിരുന്നില്ല എന്നും, ക്ഷേത്രം പണിയുന്നത് കീഴ്‌വഴക്കങ്ങള്‍ തെറ്റിക്കാനാണ് എന്നു പന്തളം രാജകുടുംബം പറഞ്ഞതായും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. 

ബോര്‍ഡ് പ്രസിഡന്റ് ഒരു രാഷ്ട്രീയ നിയമനക്കാരന്‍ മാത്രമാണ്. പുതിയ ക്ഷേത്രം പണിയും എന്ന് പ്രഖ്യാപിക്കാനും, ക്ഷേത്രങ്ങളുടെ പേര് മാറ്റാനും, ഭൂമി അനുവദിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയയ്ക്കാനും  അദ്ദേഹത്തിന് എന്ത് അധികാരമാണുള്ളത്? മന്ത്രി ചോദിച്ചു. 

കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ശബരിമല ക്ഷേത്രത്തിന്റെ പേര് ധര്‍മ്മ ശാസ്താ ക്ഷേത്രം എന്നതില്‍ നിന്ന് അയ്യപ്പ ക്ഷേത്രം എന്നാക്കി മാറ്റാന്‍ ശ്രമിച്ചത് സര്‍ക്കാരുമായി പ്രശ്‌നങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.യത്ഥാര്‍ത്ഥ പേരിലേക്ക് ക്ഷേത്രത്തിന്റെ പേര് മാറ്റുക മാത്രമാണ് ചെയ്തത് എന്നായിരുന്നു അന്ന് പ്രയാറിന്റെ മറുപടി. മകരവിളക്ക് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വെച്ച് നിര്‍ദ്ദേശങ്ങള്‍ അപ്പാടെ തള്ളിക്കൊണ്ടുള്ള പ്രയാറിന്റെ പ്രവര്‍ത്തികളും വിവാദമായിരുന്നു. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ എല്‍ഡിഎഫ് അംഗം കെ രാഘവന്‍ പ്രസിഡന്റിനെ 'സൂപ്പര്‍ ബോര്‍ഡ്' ആയി പ്രവര്‍ത്തി്ക്കാന്‍ അനുവദിക്കരുത് എന്നും നടപടികള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി കഴിഞ്ഞു. 

ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പുതിയ നടപടികള്‍ സര്‍ക്കാറിന് തലവേദനയാകും എന്ന കാര്യത്തില്‍ സംശയമില്ല. ഇനി പ്രയാര്‍ ഗോപാലകൃഷ്ണനും സര്‍ക്കാരും തമ്മിലുള്ള അടുത്ത തുറന്ന യുദ്ധമാകും കാണാന്‍ പോകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com