ജയില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക സര്‍ക്കാര്‍ ലക്ഷ്യമെന്ന് പിണറായി വിജയന്‍

ശിക്ഷാ കാലാവധി കഴിഞ്ഞാലും ജയിലില്‍ കഴിഞ്ഞുകൊള്ളാം എന്ന അന്തേവാസികളുടെ നിലപാട് പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി
ജയില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക സര്‍ക്കാര്‍ ലക്ഷ്യമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: ജയിലുകളിലെ സൗകര്യങ്ങള്‍ കഴിയുന്നത്ര വര്‍ധിപ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ക്ഷേമദിനാഘോഷങ്ങളുടെ സമാപന സമ്മേളനം, എസ്.ബിടിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഇ-ലൈബ്രറി, വിവിധ പുനരധിവാസ പദ്ധതികള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച്് സംസാരിക്കുകയായിരുന്നു പിണറായി.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട അന്തരീക്ഷമാണ് കേരളത്തിലെ ജയിലുകളിലേത്. സംസ്ഥാനത്തെ ജയിലുകളില്‍ തൊഴിലെടുക്കുന്ന തടവുകാര്‍ക്ക് മെച്ചപ്പെട്ട പ്രതിഫലമാണ് നല്‍കുന്നത്. കഴിഞ്ഞ ബജറ്റില്‍ 20 ശതമാനം വര്‍ധിപ്പിച്ചു. അടഞ്ഞ ജയിലുകളിലെ അന്തേവാസികളുടെ പ്രതിഫലം 130 രൂപയും തുറന്ന ജയിലുകളിലെ അന്തേവാസികളുടേത് 175 രൂപയുമാണ്. 

ശിക്ഷാ കാലാവധി കഴിഞ്ഞാലും ജയിലില്‍ കഴിഞ്ഞുകൊള്ളാം എന്ന അന്തേവാസികളുടെ നിലപാട് പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജയിലില്‍ തൊഴില്‍ നല്‍കുന്നതു നല്ലതാണ്. പക്ഷേ, ആയുഷ്‌കാലം മുഴുവന്‍ ആരും ജയിലില്‍ താമസിക്കാന്‍ പാടില്ല. ജയിലിലെത്തുന്നവരെയെല്ലാം കുറ്റവാസനയുള്ളവരായി കാണരുത്. സമൂഹത്തിലെ ഭൂരിപക്ഷം പേരും നല്ലവരാണ്. സാഹചര്യങ്ങള്‍ കൊണ്ട് കുറ്റം ചെയ്തുപോയവരെ കൊടും കുറ്റവാളികളായി കാണരുത്. കുറ്റം ചെയ്തു എന്നതുകൊണ്ട് ആരും സമൂഹത്തിന് വേണ്ടാത്തവരാകുന്നില്ല. ജയില്‍ മുക്തരായവര്‍ സമൂഹത്തില്‍ ഒറ്റപ്പെടാതിരിക്കാന്‍ തൊഴിലവസരങ്ങളും അതിന് സഹായകമായ സ്വഭാവ സര്‍ട്ടിഫിക്കറ്റും നല്‍കാവുന്നതാണ്.

ചെറിയൊരു കുറ്റം ചെയ്ത് ജയിലിലെത്തുന്നവര്‍ പോലും ജയിലില്‍ നിന്നിറങ്ങുമ്പോള്‍ കൊടും കുറ്റവാളികളായിത്തീരുന്ന അവസ്ഥയുണ്ട്. ഇത് സമ്പര്‍ക്കം കൊണ്ടുണ്ടാവുന്നതാണ്. പുതിയ അന്തേവാസികള്‍ കൊടും ക്രിമിനലുകളുടെ സമ്പര്‍ക്കത്തിലൂടെ കുറ്റവാസനയുള്ളവരായി മാറാതിരിക്കാനുള്ള നടപടികള്‍ ജയിലധികൃതര്‍ കൈക്കൊള്ളണം. ജയിലുകളിലെ അന്തേവാസികള്‍ക്ക് നല്ല രീതിയിലുള്ള മാനസികാന്തരീക്ഷമൊരുക്കാന്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കു കഴിയും. കേരളത്തിലെ 53 ജയിലുകളിലും ജയില്‍ ക്ഷേമ ദിനാഘോഷങ്ങള്‍ നടക്കുകയാണ്. വ്യക്തികളെ പരിവര്‍ത്തിപ്പിക്കുന്നതുപോലെ സമൂഹത്തെയും പരിവര്‍ത്തിപ്പിക്കാന്‍ ഇത്തരം പരിപാടികള്‍ക്കു കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജയിലിലെ അന്തേവാസികളുടെ ചികിത്സ, അവധി, പുനരധിവാസം, നിയമാനുസൃത കാലാവധിക്കു മുന്‍പുള്ള വിടുതല്‍ എന്നീ കാര്യങ്ങളിലെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയുണ്ട്. മാനസിക അസ്വസ്ഥതകളുള്ളവര്‍ക്ക് പ്രത്യേക പുനരധിവാസവും ചികിത്സയും സര്‍ക്കാര്‍ ഉറപ്പാക്കും. മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും സാമൂഹ്യ സംഗമങ്ങള്‍ക്കായി ഹാളുകള്‍ നിര്‍മിക്കുമെന്നും നൈപുണ്യ വികസനത്തിന്  പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com