ഉദ്യോഗസ്ഥരുടെ ഭാഷകൊണ്ട് വര്‍ഗീസിനെ പുതപ്പിച്ചു കിടത്തേണ്ട; ബിനോയ് വിശ്വം

വര്‍ഗീസിനെ കാണേണ്ടത് അടിയാളരുടെ മോചനത്തിന് വേണ്ടി തനിക്ക് ശരിയെന്ന് തോന്നിയ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ പടവെട്ടിയ പോരാളിയായിട്ടാണ്
ഉദ്യോഗസ്ഥരുടെ ഭാഷകൊണ്ട് വര്‍ഗീസിനെ പുതപ്പിച്ചു കിടത്തേണ്ട; ബിനോയ് വിശ്വം


പൊലീസ് വെടിവെച്ചു കൊന്ന നക്‌സല്‍ നേതാവ് വര്‍ഗീസ് കൊടുംകുറ്റവാളിയായിരുന്നു എന്നും നിരവധി കവര്‍ച്ചകളും കൊലപാതകങ്ങളും നടത്തിയിട്ടുള്ളയാളാണ് എന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യാവാങ്മൂലം നല്‍കിയിരിക്കുകയാണ്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ തന്നെയാണ് വര്‍ഗീസ് കൊല്ലപ്പെട്ടത് എന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നു. വര്‍ഗീസിനെ പൊലീസ് വ്യാജ ഏറ്റുമുട്ടലില്‍ കൊന്നതാണ് എന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ സത്യാവാങ്മൂലം നല്‍കിയ പശ്ചാതലത്തില്‍ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം ഈ വിഷയത്തെപറ്റി സമകാലിക മലയാളത്തിനോട് പ്രതികരിക്കുന്നു. 


വര്‍ഗീസിനെപറ്റി സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞ വാദങ്ങള്‍ എനിക്ക് സ്വീകാര്യമല്ല. വര്‍ഗീസിനെ കാണേണ്ടത് അടിയാളരുടെ മോചനത്തിന് വേണ്ടി തനിക്ക് ശരിയെന്ന് തോന്നിയ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ പടവെട്ടിയ പോരാളിയായിട്ടാണ്. അദ്ദേഹത്തിന്റെ മാര്‍ഗം തെറ്റായിരിക്കാം, പക്ഷേ അദ്ദേഹത്തിന്റെ ആദര്‍ശശുദ്ധിയും ആത്മാര്‍ത്ഥതയും നൂറ് ശതമാനവും മാനിക്കപ്പെടേണ്ടതാണ്. കൊടുംകുറ്റവാളിയെന്ന് വര്‍ഗീസിനെ പോലൊരു രാഷ്ട്രീയ പോരാളിയെ പുതപ്പിക്കുന്നത് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ഭാഷയാണ്. അത് സര്‍ക്കാറിന്റെ രാഷ്ട്രീയഭാഷയല്ല. 

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് പൊലീസ് പറയുന്ന മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ സംസ്‌ക്കാര ചടങ്ങ് കോഴിക്കോട് പൊതുശ്മശാനത്തില്‍ നടന്നുകൊണ്ടിരിക്കെ കുപ്പുദേവരാജിന്റെ സഹോദരന്‍ ശ്രീധറിന്റെ കോളറില്‍ പിടിച്ച് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ എം.പി പ്രേമദാസ് അപമാനിച്ചതുമായി ബന്ധപ്പെട്ടു പൊലീസ് നല്‍കീയ വിശദീകരണത്തിന് എതിരേയും അദ്ദേഹം പ്രതികരിച്ചു. 

ഇത്തരത്തിലുള്ള പൊലീസ് ഭാഷ്യങ്ങളെല്ലാം പൊലീസിന്റെ ഭാഗത്തു നിന്നും
ഉണ്ടായ ഒഴിവാക്കേണ്ടിയിരുന്ന തെറ്റുകളെ വെള്ളപൂശാന്‍ വേണ്ടി മാത്രമുള്ളതാണ്. അതൊന്നും വിശ്വസനീയമായ വാദങ്ങളല്ല. മരണപ്പെട്ട സഹോദരന്റെ മൃതദേഹത്തിന് മുന്നില്‍ അനിയനോടും ബന്ധുക്കളോടും പെരുമാറേണ്ടത് എങ്ങനെയാണെന്ന് പൊലീസ് മേധാവികള്‍ പഠിക്കുകതന്നെ വേണം. ആ കോളര്‍ പിടുത്തതിന് പകരം മര്യാദയ്ക്ക് കാര്യങ്ങള്‍ പറയാനുള്ള ഭാഷ പൊലീസ് സ്വായക്തമാക്കണം. അദ്ദേഹം പ്രതികരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com