ജേക്കബ് തോമസിന്റെ ആത്മകഥയില്‍ ചട്ടലംഘനമെന്ന് ചീഫ് സെക്രട്ടറി; 14 ഇടങ്ങളില്‍ ചട്ടലംഘനമാകുന്ന പരാമര്‍ശങ്ങള്‍

പുസ്തകത്തിന്റെ ഉള്ളടക്കം പരിശോധിക്കുന്നതിനായി ഉപസമിതിയെ നിയോഗിക്കണമെന്നും ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്യുന്നു
ജേക്കബ് തോമസിന്റെ ആത്മകഥയില്‍ ചട്ടലംഘനമെന്ന് ചീഫ് സെക്രട്ടറി; 14 ഇടങ്ങളില്‍ ചട്ടലംഘനമാകുന്ന പരാമര്‍ശങ്ങള്‍

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥയായ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാകുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് ചീഫ് സെക്രട്ടറി. മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ജേക്കബ് തോമസിന്റെ പുസ്തകത്തില്‍ ചട്ടലംഘനമാകുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ വ്യക്തമാക്കിയിരിക്കുന്നത്. 

പുസ്തകത്തിലെ 14 ഇടങ്ങളില്‍ ചട്ടലംഘനമാകുന്ന പരാമര്‍ശങ്ങളുണ്ടെന്നാണ് ചീഫ് സെക്രട്ടറിയുടെ കണ്ടെത്തല്‍. 2016 ഒക്ടോബറില്‍ പുസ്തകത്തിന് അനുമതി തേടി ജേക്കബ് തോമസ് സമീപിച്ചിരുന്നു. എന്നാല്‍ പുസ്തകത്തിന്റെ ഉള്ളടക്കം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ജേക്കബ് തോമസ് അതിന് തയ്യാറായില്ല. പുസ്തകം എഴുതുന്നതിനായി  പൊതുഭരണ വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നില്ല എന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുസ്തകത്തിന്റെ ഉള്ളടക്കം പരിശോധിക്കുന്നതിനായി ഉപസമിതിയെ നിയോഗിക്കണമെന്നും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ജേക്കബ് തോമസിന്റെ ആത്മകഥയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്ന കേന്ദ്ര സര്‍വീസ് ചട്ടങ്ങള്‍ പുസ്തകത്തില്‍ ലംഘിക്കുന്നു എന്നാണ് ചീഫ്  സെക്രട്ടറി കണ്ടെത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com