ഈ ചുവടുവയ്പ് കാണാതിരിക്കരുത്, അതൊരു പുതിയ തുടക്കമാവട്ടെ; അപകട സൗജന്യ ചികിത്സാ പദ്ധതിയെക്കുറിച്ച് സുഗതകുമാരി

സര്‍ക്കാര്‍ സംവിധാനങ്ങളെക്കാളൊക്കെ ഇത്തരം വിഷയങ്ങള്‍ക്കായി ഓടിനടക്കുന്ന ഒരുപാട് പാവപ്പെട്ട ആളുകളുടെ സംഘങ്ങള്‍ ഉണ്ട്. അത്തരം ആളുകളുടെ എണ്ണം വര്‍ദ്ധിക്കട്ടെ
ഈ ചുവടുവയ്പ് കാണാതിരിക്കരുത്, അതൊരു പുതിയ തുടക്കമാവട്ടെ; അപകട സൗജന്യ ചികിത്സാ പദ്ധതിയെക്കുറിച്ച് സുഗതകുമാരി

ചികിത്സാ ചെലവിന്റെ പേരില്‍ കണ്‍മുന്നില്‍ നടക്കുന്ന അപകടങ്ങളോടു പോലും മനുഷ്യര്‍ മുഖം തിരിക്കുന്ന കാലത്ത് ശ്രദ്ധേയമായ ചുവടുവയ്പാണ് സര്‍ക്കാരിന്റെ സൗജന്യ ചികിത്സാ പദ്ധതിയെന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സുഗതകുമാരി. സര്‍ക്കാര്‍ സംവിധാനങ്ങളേക്കാളേറെ അപകടരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി ആളുകളുണ്ട്. അവരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഈ ചുവടുവയ്പു തുടക്കമാവുമെന്ന് സുഗതകുമാരി പ്രതീക്ഷ പ്രകടിപ്പിച്ചു.

ചികിത്സാ ചെലവ് തലയില്‍ വരുമോ, പണം നഷ്ടപ്പെടുമോ തുടങ്ങിയ സംശയങ്ങളാണ് പലപ്പോഴും റോഡപകടങ്ങള്‍ക്ക് സാക്ഷികളാകുന്നവരെ കേവലം കാഴ്ചക്കാരാക്കി നിര്‍ത്തുന്നത്. നോക്കി നിന്ന് മൊബൈലില്‍ പകര്‍ത്താന്‍ മാത്രമേ ഇവര്‍ താല്‍പര്യം കാണിക്കുകയുള്ളു. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള പുതിയ പദ്ധതി വളരെ നല്ല ചുവടുവയ്പ്പാണ്. ഒരുപാടു കുഴപ്പങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ ചെയ്ത ഒരു നല്ലകാര്യം എന്നാണ് താന്‍ ഇതിനെ വിലയിരുത്തുന്നതെന്ന് സുഗതകുമാരി സമകാലിക മലയാളത്തോടു പ്രതികരിച്ചു.

''ഇത്തിലൊരു പദ്ധതി നിലവില്‍ വന്നാലും ആളുകളുടെ മനോഭാവം മാറുമോ എന്നതില്‍ എനിക്കത്ര വിശ്വാസമില്ല. നല്ല മനസ് ഉള്ളവരുമുണ്ട്. എങ്കിലും വീണുകിടക്കുന്നവരോടു വിമുഖത പ്രകടിപ്പിക്കുന്നവര്‍ ഏറെയാണ്. എനിക്ക് പരിചയമുള്ള ഓട്ടോ തൊഴിലാളികളുടെ ഒരു യൂണിയന്‍ ഉണ്ട്. അതുപോലെതന്നെ ഇത്തരം വിഷയങ്ങളില്‍ താല്‍പര്യമെടുക്കുന്ന ഒരുപാട് ചെറുപ്പക്കാരുമുണ്ട്. ഒരുപക്ഷെ സര്‍ക്കാര്‍ സംവിധാനങ്ങളെക്കാളൊക്കെ ഇത്തരം വിഷയങ്ങള്‍ക്കായി ഓടിനടക്കുന്ന ഒരുപാട് പാവപ്പെട്ട ആളുകളുടെ സംഘങ്ങള്‍ ഉണ്ട്. അത്തരം ആളുകളുടെ എണ്ണം വര്‍ദ്ധിക്കട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ പദ്ധതി അതിന് ഇടയാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം നമുക്ക്,' സുഗതകുമാരി പറഞ്ഞു. 

സംസ്ഥാനത്ത് റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ ചികിത്സ സൗജന്യമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പില്‍ വരുത്തുക. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും താലൂക്ക് ആശുപത്രികളിലുമായിരിക്കും പദ്ധതി നടപ്പാക്കുക. സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിക്കുന്നതെങ്കില്‍ ഈ സമയ പരിധിക്കുള്ളിലെ ചെലവ് റോഡ് സുരക്ഷ ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ നല്‍കും. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്താനായി സ്വകാര്യ ഏജന്‍സികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ സമഗ്ര ട്രോമാ കെയര്‍ പദ്ധതി ആവിഷ്‌കരിക്കുന്നത്. റോഡ് സുരക്ഷ ഫണ്ട്, കെഎസ്ടിപി, സാമൂഹ്യ ഉത്തരവാദിത്വ ഫണ്ട്, ബജറ്റ് വിഹിതം എന്നിവ ഉപയോഗിച്ചായിരിക്കും ട്രോമ കെയര്‍ പദ്ധതി നടപ്പാക്കുന്നത്.

ഇതുവഴി അപകടത്തില്‍പെടുന്നവര്‍ക്ക് സൗചന്യ ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ചെലവാക്കുന്ന പണം എങ്ങനെ തിരിച്ചുകിട്ടുമെന്ന ആശയകുപ്പത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ വിധി നടപ്പാക്കാതിരിക്കുമ്പോഴാണ് ഇന്‍ഷുറന്‍സ് സംവിധാനം ഉപയോഗപ്പെടുത്തി വിധി പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള കേരളസര്‍ക്കാര്‍ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com