കൂട്ടുത്തരവാദിത്തം വേണ്ടത് തീരുമാനങ്ങളില്‍; ഹാജരിലല്ലെന്ന് കാനം

മുന്നണി മര്യാദ ലംഘിച്ചുവെന്ന് പറയുന്നവര്‍ പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ള ഏത് കാര്യത്തിലാണ് സിപിഐ എതിര്‍ നിലപാട് സ്വീകരിച്ചത് എന്ന് മറുപടി പറയണമെന്നും കാനം
കൂട്ടുത്തരവാദിത്തം വേണ്ടത് തീരുമാനങ്ങളില്‍; ഹാജരിലല്ലെന്ന് കാനം

തിരുവനന്തപുരം: മന്ത്രിസഭാ യോഗ ബഹിഷ്‌കരണ തീരുമാനത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം വേണ്ടത് തീരുമാനങ്ങളിലാണെന്നും ഹാജരില്ലല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. മുന്നണി മര്യാദ ലംഘിച്ചുവെന്ന് പറയുന്നവര്‍ പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ള ഏത് കാര്യത്തിലാണ് സിപിഐ എതിര്‍ നിലപാട് സ്വീകരിച്ചത് എന്ന് മറുപടി പറയണമെന്നും കാനം പറഞ്ഞു. 

തോമസ് ചാണ്ടി വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് പത്താം തീയതി ചേര്‍ന്ന സിപിഐ യോഗം തീരുമാനം എടുത്തിരുന്നതായും പന്ത്രണ്ടാംതീയതിയിലെ എല്‍ഡിഎഫ് യോഗത്തില്‍ അത് അറിയിച്ചിരുന്നതായും കാനം പറഞ്ഞു. ചാണ്ടിയുടെ രാജി അല്ലാതെ മറ്റ് മാര്‍ഗമില്ല എന്നായിരുന്നു സിപിഐ നിലപാട്. എന്നാല്‍ പതിനാലാം തീയതിയിലെ കോടതി പരാമര്‍ശങ്ങള്‍ വളരെ ഗുരുതരമായിരുന്നു. പതിനഞ്ചാം തീയതിയിലെ ക്യാബിനറ്റില്‍ സര്‍ക്കാരിനെയും കോടതിയേയും വെല്ലുവിളിച്ച ചാണ്ടിക്കൊപ്പം ഇരിക്കേണ്ടെന്ന് പാര്‍ട്ടി ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നുവെന്നും കാനം പറഞ്ഞു. 

ചാണ്ടി വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധ നിലപാട് സ്വീകരിച്ച കെ.ഇ ഇസ്മായിലിനെതിരെ നടപടി സ്വീകരിച്ച നിലപാട് പാര്‍ട്ടി ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തതെന്നും കാനം വ്യക്തമാക്കി.  ചാണ്ടി വിഷയത്തില്‍ പാര്‍ട്ടി എപ്പോഴും ഒറ്റക്കെട്ട് തന്നെയാണ്. നിര്‍ഭാഗ്യവശാല്‍ അതിനെതിരായി വ്യാഖ്യാനിക്കാന്‍ കഴിയുന്ന ചില ശബ്ദങ്ങള്‍ ഉയര്‍ന്നുവന്നു. അത് പാര്‍ട്ടി എക്‌സിക്ക്യൂട്ടീവ് തള്ളിക്കളഞ്ഞു. അതൃപതി ദേശീയ  നേതൃത്വത്തെ അറിയിക്കാനും തീരുമാനമായി. നിലവിലെ എല്‍ഡിഎഫ് പ്രതിനിധികളില്‍ നിന്ന് കെ.ഇ ഇസ്മായിലെ ഒഴിവാക്കിയെന്നും നാലുപേര്‍ എന്നത് മൂന്നുപേര്‍ എന്നാക്കി ചുരുക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇനിമുതല്‍ സിപിഐയെ പ്രതിനിധീകരിച്ച് എല്‍ഡിഎഫില്‍ കാനം, പന്ന്യന്‍ രവീന്ദ്രന്‍, ന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവരായിരിക്കും ഉണ്ടാകുക.

ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് സംവരണ സംവിധാനത്തെ സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഭേദഗതി സാമ്പത്തിക സംവരണമാണ് എന്ന തരത്തിലുള്ള പ്രചാരണം വസ്തുതകള്‍ അറിയാതെയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com