'പിണറായി വിജയന്‍ വിചാരണ നേരിടണം' ; ലാവലിനില്‍ സിബിഐ സുപ്രീംകോടതിയിലേക്ക്

കേസില്‍ വൈദ്യുതമന്ത്രിയായിരുന്ന പിണറായി വിജയന്‍ വിചാരണ ചെയ്യപ്പെടേണ്ടതാണെന്ന് കേന്ദ്ര നിയമ മന്ത്രാലയം തയ്യാറാക്കിയ രേഖകളില്‍ വ്യക്തമാക്കുന്നു
'പിണറായി വിജയന്‍ വിചാരണ നേരിടണം' ; ലാവലിനില്‍ സിബിഐ സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി : ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കേരള ഹൈക്കോടതി വിധിയ്‌ക്കെതിരെ സിബിഐ സുപ്രീംകോടതിയിലേക്ക്. സുപ്രീംകോടതിയില്‍ സമര്‍പ്പിക്കേണ്ട അപ്പീല്‍ അടക്കമുള്ള രേഖകള്‍ കേന്ദ്രനിയമമന്ത്രാലയം തയ്യാറാക്കി. പ്രമുഖ ദേശീയ ചാനലായ എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അന്നത്തെ വൈദ്യുതമന്ത്രിയായിരുന്ന പിണറായി വിജയന്‍ കേസില്‍ വിചാരണ ചെയ്യപ്പെടേണ്ടതാണെന്ന്, നിയമമന്ത്രാലയം തയ്യാറാക്കിയ രേഖകളില്‍ വ്യക്തമാക്കുന്നു. 

ഹൈക്കോടതി വിധിയ്‌ക്കെതിരെ 90 ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കണമെന്നാണ് നിയമം. എന്നാല്‍ അപ്പീല്‍ സമര്‍പ്പിക്കേണ്ട 90 ദിവസം നവംബര്‍ 21 ന് അവസാനിച്ചിട്ടും, സിബിഐ നടപടികള്‍ സ്വീകരിക്കാതിരുന്നത് വിമര്‍ശനവിധേയമായിരുന്നു. തുടര്‍ന്നാണ് അപ്പീല്‍ സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും, വൈകിയതിനുള്ള മാപ്പപേക്ഷ സഹിതം അപ്പീല്‍ സമര്‍പ്പിക്കാനാണ് പദ്ധതിയെന്നും സിബിഐ അറിയിച്ചത്. 

ആഗസ്റ്റ് 23 നാണ് കേരള ഹൈക്കോടതി പിണറായി വിജയനെയും, മുന്‍ ഊര്‍ജ്ജ സെക്രട്ടറി മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കി വിധി പ്രസ്താവിച്ചത്. കേസില്‍ പിണറായിയെ തെരഞ്ഞുപിടിച്ച് വേട്ടയാടുകയായിരുന്നു എന്ന് ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ച് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. വൈദ്യുതി ബോര്‍ഡ് കൊണ്ടുവന്ന പദ്ധതിയ്ക്ക് മന്ത്രി എങ്ങനെ കുറ്റക്കാരനാകുമെന്നും പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തനാക്കി കൊണ്ട് കോടതി ചോദിച്ചു. 

അതേസമയം കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ വി ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ക്കെതിരായ കുറ്റം നിലനില്‍ക്കുമെന്നും, ഇവര്‍ക്കെതിരായ വിചാരണ തുടരാമെന്നും ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഒരേ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിവിധ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിച്ച ഹൈക്കോടതി വിധി അനീതിയാണെന്നാണ് ഇവരുടെ വാദം.

ലാവലിന്‍ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി 2013 നവംബര്‍ അഞ്ചിന് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്. പള്ളിവാസല്‍,  ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി ഒപ്പിട്ട കരാരാണ് കേസിന് ആസ്പദമായത്. ലാവലിന് കരാര്‍ നല്‍കിയതില്‍ പ്രത്യേക താല്‍പ്പര്യമുണ്ടെന്നും, ഇതുവഴി സംസ്ഥാനത്തിന് 374 കോടിയുടെ നഷ്ടമുണ്ടായെന്നുമാണ് ആക്ഷേപം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതിമന്ത്രിയായിരുന്ന ജി കാര്‍ത്തികേയനാണ് ലാവലിനുമായി കണ്‍ള്‍ട്ടന്‍സി കരാര്‍ ഉണ്ടാക്കിയത്. 

എന്നാല്‍ നായനാര്‍ സര്‍ക്കാരില്‍ വൈദ്യുതമന്ത്രിയായിരുന്ന പിണറായി വിജയനാണ് അന്തിമകരാര്‍ ഒപ്പുവെച്ചത്. നവീകരണ കരാറിനോട് അനുബന്ധിച്ചുള്ള ധാരണ അനുസരിച്ച് മലബാര്‍ കാന്‍സര്‍ സെന്ററിന് ലാവലിനില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന സഹായം ലഭിക്കാതെ പോയതാണ് ആക്ഷേപത്തിന് കാരണമായത്. ഇതിന് പിന്നില്‍ പിണറായി വിജയന്‍ ഉള്‍പ്പെട്ട ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സിബിഐയുടെ വാദം. എന്നാല്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും, ക്രമക്കേടിനോ, ഗൂഢീലോചനയ്‌ക്കോ തെളിവില്ലെന്നുമാണ് പിണറായി വിജയനും സിപിഎമ്മും അഭിപ്രായപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com