ഭൂപ്രശ്‌നത്തില്‍ പരിഹാരം തേടി മന്ത്രിതല സംഘം ഇടുക്കിയിലേക്ക് ; റവന്യൂ, വനം മന്ത്രിമാരും എംഎം മണിയും സംഘത്തില്‍

കുറിഞ്ഞി ഉദ്യോനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കാനും ഉന്നത തലയോഗത്തില്‍ തീരുമാനിച്ചു
ഭൂപ്രശ്‌നത്തില്‍ പരിഹാരം തേടി മന്ത്രിതല സംഘം ഇടുക്കിയിലേക്ക് ; റവന്യൂ, വനം മന്ത്രിമാരും എംഎം മണിയും സംഘത്തില്‍

തിരുവനന്തപുരം : ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മന്ത്രിതല സംഘം ഇടുക്കി സന്ദര്‍ശിക്കും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, വനം മന്ത്രി കെ രാജു എന്നിവര്‍ക്ക് പുറമെ,  വൈദ്യുതമന്ത്രി എംഎം മണിയും സംഘത്തിലുണ്ട്. വിവിധ കക്ഷി നേതാക്കളുമായും പ്രാദേശികവാസികളുമായും മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തും. കുറിഞ്ഞി ഉദ്യോനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കാനും ഉന്നത തലയോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

മന്ത്രിതല സംഘം ഉടന്‍ തന്നെ യോഗം ചേരും. നിലവിലെ പരാതികള്‍ പരിശോധിക്കും. ഇടുക്കിയിലെ വ്യാജ പട്ടയങ്ങളില്‍ സിപിഐ നിലപാട് കര്‍ക്കശമാക്കിയതോടെയാണ് മന്ത്രിതല സംഘത്തെ അയയ്ക്കാന്‍ തീരുമാനിച്ചത്. ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ്ജിന്റെയും കുടുംബാംഗങ്ങളുടെയും പട്ടയം ദേവികുളം സബ് കളക്ടര്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടതും, ഉന്നതതല യോഗം വിളിച്ചതും. 

ജോയ്‌സ് ജോര്‍ജ്ജിന്റെ വസ്തുവുമായി ബന്ധപ്പെട്ട പ്രശ്‌നമെന്ന് പറയാതെ, കുറിഞ്ഞി സങ്കേതത്തിലെ ഭൂ പ്രശ്‌നം എന്ന നിലയിലാണ് യോഗം വിളിച്ചത്. കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കും. ജനവാസ മേഖലയെ ഇതില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിക്കും. ഇടുക്കിയില്‍ നിന്നുള്ള മന്ത്രി എം എം മണിയും യോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടു. നേരത്തെ ഇറക്കിയ വിജ്ഞാപനം വേണ്ടത്ര അവധാനത ഇല്ലാതെ ഇറക്കിയതാണെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് ഇതിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കാന്‍ തീരുമാനിച്ചത്. 

കുറിഞ്ഞി ഉദ്യാനം 3200 ഹെക്ടര്‍ ആയി 2006 ല്‍ നോട്ടിഫൈ ചെയ്തിരുന്നു. എന്നാല്‍ പൂര്‍ണതോതില്‍ അവിടെ ഉണ്ടാകില്ല എന്നതാണ് ഫലത്തില്‍ സംഭവിക്കുക. കൂടാതെ കുറിഞ്ഞി ഉദ്യാനത്തില്‍ പെട്ടതാണ് കൊട്ടക്കമ്പൂര്‍ വില്ലേജിലെ 58 ആം നമ്പര്‍ ബ്ലോക്കും വട്ടവട വില്ലേജിലെ 62 ആം നമ്പര്‍ ബ്ലോക്കും. 58 ആം ബ്ലോക്കിലാണ് ജോയ്‌സ് ജോര്‍ജ്ജിന്റെ ഭൂമിയുള്ളത്. എന്നാല്‍ ജോയിസിന്റെ അടക്കം ഭൂരിഭാഗം പട്ടയങ്ങളും വ്യാജമാണെന്ന് കണ്ടെത്തി സബ് കളക്ടര്‍ റദ്ദുചെയ്യുകയായിരുന്നു. 

മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ അനധികൃത കയ്യേറ്റത്തില്‍ റവന്യൂ, വനം വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ അധികൃതര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. യോഗത്തില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, വനം മന്ത്രി കെ രാജു എന്നിവരെ കൂടാതെ ഇടുക്കി ജില്ലക്കാരനായ മന്ത്രി എംഎം മണിയും സംബന്ധിച്ചിരുന്നു. ഇടുക്കി കളക്ടര്‍ ഗോകുല്‍, ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേകുമാര്‍ എന്നിവരെയും യോഗത്തിലേക്ക് വിളിപ്പിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com